‘‘സിന്ധുവിനു ഞങ്ങളൊരു സർപ്രൈസ് തരട്ടെ?’’ – അവതാരകന്റെ ചോദ്യം. എന്തായിരിക്കും അപ്രതീക്ഷിത സമ്മാനമെന്ന ആകാംക്ഷയോടെ പി.വി. സിന്ധു ചുറ്റും നോക്കി. അരണ്ട വെളിച്ചം നിറഞ്ഞ സദസിലെ ഒരാളിലേക്കു പൊടുന്നനെ സ്പോട്‌ലൈറ്റും ക്യാമറയും തിരിഞ്ഞപ്പോൾ സിന്ധു ആഹ്ലാദത്തോടെ വിളിച്ചു, ‘ഹായ് തുളസി.’ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ വർഷങ്ങളോളം ഒന്നിച്ചു പരിശീലനം നടത്തിയ മലയാളി ബാഡ്മിന്റൻ താരം പി.സി. തുളസിയായിരുന്നു വേദിയിൽ ഒളിച്ചിരുന്ന സർപ്രൈസ്.
ഒരു വർഷത്തിനുശേഷം കണ്ടുമുട്ടിയ സുഹൃത്തിനോടു സിന്ധു പറഞ്ഞു, ‘‘ഒരുപാട് ഒരുപാടു സന്തോഷം തോന്നുന്നു തുളസി, എന്തൊക്കെയുണ്ടു വിശേഷങ്ങൾ?’’ സിന്ധുവിന്റെ എല്ലാ നേട്ടങ്ങളിലും അഭിനന്ദനം നേരുന്നുവെന്നു തുളസിയുടെ മറുപടി. വൈകാതെ ലോക ഒന്നാം നമ്പർ താരമായി സിന്ധു മാറുന്നതു കാണാൻ കാത്തിരിക്കുന്നുവെന്നും തുളസി പറഞ്ഞു. ഒടുവിൽ സിന്ധുവിനോടു തുളസി ഒരു ചോദ്യവും ചോദിച്ചു, ‘‘മലയാള ഭാഷയെക്കുറിച്ചും മലയാളി സുഹൃത്തുക്കളെക്കുറിച്ചും ഏറ്റവും രസകരമായി തോന്നിയ കാര്യമെന്താണ്?’’ സിന്ധുവിന്റെ മറുപടി ഇങ്ങനെ: ‘‘എന്റെ ഏറ്റവും മികച്ച സഹൃത്തുക്കളിലൊരാളാണ് പ്രണോയ്. പക്ഷേ, എനിക്കു മലയാളം ഒട്ടും സംസാരിക്കാൻ അറിയില്ല. കുറച്ചൊക്കെ കേട്ടാൽ മനസ്സിലാകുമെന്നു മാത്രം.’’ തലശേരി ബിരിയാണി അടക്കം കേരളത്തിന്റെ രുചികൾ ആസ്വദിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനു ബിരിയാണി കഴിക്കണമെന്ന് ഒരുപാടു സുഹൃത്തുക്കൾ സജസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു സിന്ധുവിന്റെ മറുപടി.