Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ ഷട്ടിൽ തൂവലുകൾ!

sindhu-and-pranoy പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും മലയാള മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2017 പുരസ്കാര വേദിയില്‍. ചിത്രം: മനോരമ

മനോരമ ഓപ്പൺ ബാഡ്മിന്റൻ ജേതാക്കളായ അതേ കോർട്ടിൽ എച്ച്.എസ് പ്രണോയിയും പി.വി സിന്ധുവും വീണ്ടും കണ്ടുമുട്ടിയപ്പോൾ...

കൊച്ചി ∙ ‘‘ആൻഡ് ദ് വിന്നർ ഈസ് എച്ച്.എസ് പ്രണോയ്’’– വേദിയിൽ തന്റെ പേരു പ്രഖ്യാപിച്ചപ്പോൾ എച്ച്.എസ് പ്രണോയിയുടെ മനസ്സ് നാലു വർഷം പിന്നിലേക്കു ഷട്ടിലടിച്ചു. വേദിയിൽ നിന്ന് ഓർമയുടെ റാക്കറ്റിൽ സിന്ധു അതേറ്റു വാങ്ങി. ഇന്നലെ സിന്ധു മുഖ്യാതിഥിയും പ്രണോയ് വിജയിയുമായിരുന്നെങ്കിൽ അന്ന് രണ്ടു പേരും ഒരേ ‘കോർട്ടി’ലായിരുന്നു– പ്രഥമ മനോരമ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് വിജയികൾ! ഇതേ വേദി നിൽക്കുന്ന കോർട്ടിൽ 2014ൽ നടന്ന മനോരമ ഓപ്പണിലാണ് പുരുഷൻമാരിൽ പ്രണോയിയും വനിതകളിൽ പി.വി സിന്ധുവും ജേതാക്കളായത്. ഇരുവരും പിന്നീട് സ്മാഷ് പോലെ കുതിച്ചുയർന്ന് ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനതാരങ്ങളായി. ഇന്നലെ പൊടുന്നനെ ഡ്രോപ്പ് ഷോട്ട് പോലെ ഒന്നിച്ചു മനോരമ സ്പോർട്സ് സ്റ്റാർ വേദിയിൽ വീണ്ടും!

അന്നും ഇന്നും ‘ഒരേ ഷട്ടിൽ തൂവലുക’ളാണ് സിന്ധുവും പ്രണോയിയും. ഇന്ത്യയുടെ ബാഡ്മിന്റൻ ഫാക്ടറിയായ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയുടെ പ്രൊഡക്ടുകൾ. ലോക ബാഡ്മിന്റനിൽ പത്താം റാങ്കുകാരിയായിരുന്ന സിന്ധു അന്ന് ഫൈനലിൽ തോൽപ്പിച്ചത് മലയാളി താരം പി.സി. തുളസിയെ. ഇന്നലെ പരിപാടിയിൽ പങ്കെടുക്കാൻ തുളസിയും എത്തിയതോടെ സിന്ധുവിന് ‘ഡബിൾസ്’ ജയിച്ച സന്തോഷം. പുരുഷ സിംഗിൾസ് ഫൈനലിൽ കർണാടകയുടെ അനൂപ് ശ്രീധറിനെയാണ് പ്രണോയ് മനോരമ ഓപ്പണിൽ തോൽപ്പിച്ചത്. എന്നാൽ യഥാർഥ കലാശപ്പോരാട്ടം ക്വാർട്ടർ ഫൈനലായിരുന്നു. ഒന്നാം സീഡും അന്ന് ദേശീയ ചാംപ്യനുമായിരുന്നു കെ. ശ്രീകാന്തിനെയാണ് പ്രണോയ് കടുത്ത പോരാട്ടത്തിൽ മറികടന്നത്.

മനോരമ ഓപ്പൺ ജയിക്കുന്നതിനു മുൻപു തന്നെ പ്രണോയ് കോർട്ടുമായി പരിചയത്തിലായിരുന്ന കാര്യം അച്ഛൻ സുനിൽ കുമാർ തന്നെയാണ് വെളിപ്പെടുത്തിയത്. ‘‘ഈ കോർട്ടാണ് പ്രണോയിയെന്ന താരത്തെ കണ്ടെത്തിയത്. പത്താം വയസ്സു മുതൽ അവനിവിടെ കളിക്കുന്നു..’’ അന്ന് വിയർത്ത് അധ്വാനിച്ചു നിന്ന സ്കൂൾ കുട്ടിയിതാ ഇന്ന് വേദിയുടെ നീലവെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്നു!

2014നു മുൻപു തന്നെ താനും കൊച്ചിയിൽ കളിക്കാനെത്തിയിട്ടുണ്ടെന്ന് സിന്ധുവിന്റെയും വാക്കുകൾ. ആദ്യമായി അണ്ടർ–10 വിഭാഗത്തിൽ ‘കുട്ടി’യായി കളിക്കാനെത്തിയ സിന്ധു അന്ന് കേരളത്തിൽ നിന്നൊരാളെ കൂട്ടു കണ്ടെത്തിയാണ് ഡബിൾസ് ജയിച്ചത്! മനോരമ ഓപ്പൺ വിജയവും ഇപ്പോൾ മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരച്ചടങ്ങും കൂടിയായതോടെ കടവന്ത്ര രാജീവ് ഗാന്ധി റീജനൽ സ്പോർട്സ് സെന്ററിൽ ‘ഒരേ ഷട്ടിൽ തൂവലു’കളായി സിന്ധുവും പ്രണോയിയും വീണ്ടും...