കുമളി ∙ ഒന്നരപ്പതിറ്റാണ്ടു മുൻപ് കെ.ജെ.യാസിർ ഏറ്റെടുക്കുമ്പോൾ മാസ്റ്റർപീസ് ക്ലബ്ബിനു സ്വന്തമായുണ്ടായിരുന്നതു ഹൈറേഞ്ചിലെ ഫുട്ബോൾ വേദികളിൽ ഏറെക്കാലം മുഴങ്ങിക്കേട്ട ആ പേരു മാത്രമായിരുന്നു. അവിടെനിന്ന് മാസ്റ്റർപീസ് ക്ലബ് ഏറെ വളർന്നു. ഒട്ടേറെ ഫുട്ബോൾ പ്രതിഭകളുടെ ഈറ്റില്ലമാണ് ഇന്ന് മാസ്റ്റർപീസ്. ദേശീയ സ്കൂൾ മീറ്റിൽ ഇടുക്കി ജില്ലയ്ക്ക് ലഭിച്ച ഏക സ്വർണം മാസ്റ്റർപീസിലൂടെയാണ്. ഫൈനലിൽ കേരള സ്കൂൾ ടീമിനുവേണ്ടി ഹരിയാനയ്ക്കെതിരെ വിജയഗോൾ നേടിയതു മാസ്റ്റർപീസ് താരം അബു താഹിറും. ദേശീയ സ്കൂൾ മീറ്റിൽ ടോപ് സ്കോററായതും അബു താഹിറായിരുന്നു.
കുരുന്നുകളെ ഫുട്ബോൾ പഠിപ്പിക്കുക മാത്രമല്ല, ഈ ക്ലബ് ചെയ്യുന്നത്. ക്ലബ്ബിന്റെ മൈതാനത്തു കായികപരിശീലനം നേടിയ 16 പേർ ഇന്നു കേരള പൊലീസിലുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ക്ലബ് അംഗങ്ങൾ പരിശീലനത്തിനിറങ്ങാതിരിക്കൂ. വർഷത്തിൽ, ബാക്കി എല്ലാ ദിവസവും ചിട്ടയായ പരിശീലനം. അതിന്റെ ഗുണം കാണാനുമുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ മൂന്നു രാജ്യാന്തര താരങ്ങളാണു കുമളി മാസ്റ്റർപീസ് ഫുട്ബോൾ ക്ലബ്ബിൽനിന്ന് ഉയർന്നുവന്നത്. വിവിധ പ്രായവിഭാഗങ്ങളിൽ സംസ്ഥാന സ്കൂൾ ടീമിൽ ഇടംനേടിയവർ ഒട്ടേറെ.
15 വയസ്സിനു താഴെയുള്ളവരുടെ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ എസ്.രാഹുൽ, കെ.വി.അബു താഹിർ, 17 വയസ്സിൽ താഴെയുള്ളവരുടെ സുബ്രതോ കപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയ എസ്.രജിൻ എന്നിവർ മാസ്റ്റർപീസിലാണു പന്തുതട്ടാൻ പഠിച്ചത്. മുഹമ്മദ് സാലി, അബു താഹിർ, അനീറ്റ മനോജ്, സച്ചിൻ സിബി, ഷിയാസ്, രാജി ഹരിദാസ്, ഷെറിൻ സ്റ്റീഫൻ തുടങ്ങിയവർ സംസ്ഥാന സ്കൂൾ ടീമിലും ഇടംനേടി. കുമളി ഗവ. എച്ച്എസ്എസ് ഗ്രൗണ്ടിലാണു മാസ്റ്റർപീസ് ക്ലബ്ബിന്റെ പരിശീലനം.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഇ.എസ്.ബിജിമോൾ എംഎൽഎയും നാട്ടുകാരും പൂർണപിന്തുണയാണു നൽകുന്നതെന്ന് യാസിർ പറയുന്നു. എവിടെ കളിക്കാൻ പോയാലും വെറുംകൈയോടെ കുട്ടികൾ തിരിച്ചുവരാറില്ലെന്നു മനസ്സിലാക്കിയ നാട്ടുകാർ ഫുട്ബോൾ കിറ്റ് വാങ്ങി നൽകി. എംഎൽഎ ഫണ്ടിൽനിന്നു പണം െചലവഴിച്ചു ഹോം ഗ്രൗണ്ടും നവീകരിച്ചു. അവധി ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഒൻപതു വരെയും വൈകിട്ട് നാലുമുതൽ 6.30 വരെയുമാണു പരിശീലനം. ക്ലാസുള്ള ദിവസങ്ങളിൽ വൈകിട്ടു മാത്രമേ പരിശീലനമുള്ളൂ. ക്യാംപിലെ കുട്ടികളിൽനിന്ന് ഫീസ് വാങ്ങാറില്ല. ഫുട്ബോൾ പരിശീലനത്തിനു പുറമെയാണു പൊലീസ് സിലക്‌ഷനു വേണ്ടിയുള്ള കായികപരിശീലനവും നടത്തുന്നത്. കഴിഞ്ഞ വർഷം മാത്രം 10 പേർക്ക് ഇതുവഴി പൊലീസിൽ ജോലി ലഭിച്ചുവെന്നതും ക്ലബ്ബിന്റെ നേട്ടമാണ്.