തിരുവനന്തപുരം∙ ‘മഴ നിന്നാൽ അര മണിക്കൂർ മതി, കളി നടത്താം. വൈകിട്ട് ആറു വരെ എത്ര കനത്ത മഴ പെയ്താലും കളി നിശ്ചിത സമയത്തു തുടങ്ങാനാവും’- ചൊവ്വാഴ്ച വൈകിട്ടു ബിസിസിഐ- കെസിഎ നേതൃത്വത്തോടു സംസാരിക്കുമ്പോൾ എ.എം.ബിജു എന്ന ക്യൂറേറ്ററുടെ വാക്കുകളിൽ അത്ര ആത്മവിശ്വാസമായിരുന്നു. പക്ഷേ, കാര്യവട്ടത്തിന്റെ ആകാശത്തു മഴ വൈകിട്ട് ആറു കഴിഞ്ഞ് ഏഴിനും എട്ടിനുമെല്ലാം പിൻവാങ്ങാതെ നിന്നു പെയ്യുമ്പോൾ അതുവരെ പ്രതീക്ഷ കാത്തവരുടെയും മനസ്സിടറി. ഏഴിനു തുടങ്ങേണ്ട കളി ഒൻപതര വരെ തുടങ്ങാനാവും. ഓവർ കുറയുമെന്നു മാത്രം. പക്ഷേ, അപ്പോഴും തുടങ്ങാനായില്ലെങ്കിൽ പിന്നെ മൽസരം ഉപേക്ഷിക്കുകയാവും ഫലം.
സമയം എട്ടേകാൽ. മഴ ചാറ്റൽ നിന്നിട്ടില്ല. പക്ഷേ, ഇനിയും കാത്തിരിക്കാൻ സമയമില്ല. ഒൻപതിന് അംപയർ അവസാന പരിശോധനക്ക് എത്തും മുൻപു പിച്ചും ഗ്രൗണ്ടും കളിക്കൊരുക്കണം. ബിജു രണ്ടും കൽപ്പിച്ചു മഴയത്തു തന്നെ പണി തുടങ്ങി. കൂട്ടിനു വീറോടെ 51 അംഗ ഗ്രൗണ്ട് സ്റ്റാഫ് സംഘവും. സൂപ്പർ സോപ്പറുകൾ ഉപയോഗിച്ചു പിച്ചിലും സർക്കിളിലും മൂടിയിരുന്ന ടാർപോളിനുകളുടെ മുകളിൽ കെട്ടിനിന്നിരുന്ന വെള്ളം വലിച്ചുകളഞ്ഞു. സ്പോഞ്ച് ഉപയോഗിച്ചും ഒപ്പിയെടുത്തു. പിച്ചിനു ചുറ്റുമുണ്ടായിരുന്ന മൂടികൾ ഒന്നൊന്നായി മാറ്റി. ഏറ്റവും ഒടുവിൽ പിച്ചിലെ മൂന്നു മൂടികളും. ഈ മനുഷ്യർക്കു തോൽക്കാൻ മനസില്ലെന്ന് വ്യക്തമായതോടെ മഴയും മെല്ലെ പിൻവാങ്ങി. പിന്നെയെല്ലാം യുദ്ധവേഗത്തിലായിരുന്നു. സൂപ്പർ സോപ്പറുകൾ ഔട്ട് ഫീൽഡിലെ വെള്ളം വറ്റിച്ചുകൊണ്ടേയിരുന്നു. അതിനു പുറമേ ചണച്ചാക്കുകൾ പിരിച്ചുണ്ടാക്കിയ നീളൻ കയർ കെട്ടിവലിച്ചു പുല്ലിനു മുകളിലെ ഈർപ്പം കളഞ്ഞു. പിച്ച് അതിവേഗം മൽസര സജ്ജമാക്കി. ഒൻപതിനു ഗ്രൗണ്ട് പരിശോധിക്കാൻ അംപയർമാർ എത്തുമ്പോൾ അര മണിക്കൂർ മുൻപ് ഉണ്ടായിരുന്ന നനഞ്ഞുകുതിർന്ന ഗ്രൗണ്ടായിരുന്നില്ല. അതോടെ കളിക്കാൻ തീരുമാനമായി. മഴയും അതിനെതിരായ പോരാട്ടവുമെല്ലാം ചേർന്ന ക്രിക്കറ്റ് ത്രില്ലറിന് ആവേശകരമായ ക്ലൈമാക്സ്.
ആ റിസ്ക് ഒരു വിശ്വാസം
മഴ ചാറുമ്പോഴും മൂടികൾ മാറ്റി ഗ്രൗണ്ട് ഒരുക്കൽ ആരംഭിക്കാൻ എങ്ങനെ ആത്മവിശ്വാസം വന്നു?
‘കളയാൻ സമയവുമുണ്ടായിരുന്നില്ല. മഴ തോരുമെന്നു വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. ഒരാഴ്ചയായിട്ട് ഇവിടത്തെ മഴയുടെ സ്വഭാവം നിരീക്ഷിച്ചു വരികയായിരുന്നു. വലിയ മഴ പെയ്തുതോർന്നാൽ പിന്നെ നല്ല വെയിലാണ്. എന്നാൽ കളി ദിവസം ആ പ്രതീക്ഷ തെറ്റിച്ചു മഴചാറ്റൽ അനിശ്ചിതമായി തുടർന്നു. പക്ഷേ, മൂന്നു മുതൽ പെയ്യുന്ന മഴ മുഴുവൻ നനഞ്ഞ്, ക്ഷമയോടും പ്രതീക്ഷയോടും ഗാലറികൾ നിറഞ്ഞിരിക്കുന്ന ജനങ്ങളെ കണ്ടപ്പോൾ കളി നടക്കാതെ പോകുന്നതിനെക്കുറിച്ചു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അതാണു ഞങ്ങൾക്ക് ഇത്രയും ഊർജംതന്നത്. ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ കോഹ്‌ലിയും വില്യംസണും ഞങ്ങളോടു സംസാരിക്കുമ്പോൾ പറഞ്ഞതും ഈ കാണികൾക്കു വേണ്ടി ആറോവർ മാച്ചെങ്കിലും നടത്തണമന്നായിരുന്നു. അതും വലിയ പ്രചോദനമായി. ഫീൽഡ് അംപയർമാർക്കു വലിയ വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, പാതി മലയാളിയായ റിസർവ് അംപയർ സി.ഷംസുദീൻ സാർ തുടക്കംമുതൽ എല്ലാ പ്രോൽസാഹനവും നിർദേശവും തന്നു കൂടെ നിന്നു’- ബിജു പറയുന്നു.
സല്യൂട്ട് സ്പോർട്സ് ഹബ്
ഒരു വർഷം മുൻപ് ഈ സ്റ്റേഡിയത്തിൽ പിച്ചൊരുക്കിയതും കെസിഎ ക്യുറേറ്ററായ ബിജുവമാണ്. ആറ് ഇഞ്ച് കനത്തിൽ മണലും അതിനു താഴെ ചെറിയ മെറ്റലും അതിനും താഴെയായി സുഷിരങ്ങളുള്ള ആയിരക്കണക്കിനു മീറ്റർ പൈപ്പും സ്ഥാപിച്ചുള്ള ഹോർബോൺ ഡ്രെയ്നേജ് സംവിധാനമാണു സ്റ്റേഡിയത്തിലേത്. എത്ര കനത്ത മഴ പെയ്താലും വെള്ളം കെട്ടാതെ ആഴ്ന്നിറങ്ങും. അങ്ങനെയൊരു സ്റ്റേഡിയത്തിൽ ഔട്ട് ഫീൽഡ് മൂടുക എന്നതു ഗ്രൗണ്ടിനെ അപമാനിക്കലാണെന്നു ബിജു പറയുന്നു. അതിനാലാണു മഴ കനത്തിട്ടും പിച്ചും ചുറ്റുവട്ടവും മാത്രം മൂടിയത്.
‘മൽസരത്തിനായി ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് വിക്കറ്റാണ് ഒരുക്കിയത്. പക്ഷേ, തുടർച്ചയായ മഴകാരണം കളിമണ്ണിലേക്കു വലിച്ചെടുത്ത വെള്ളം പിച്ചിലേക്കും പടർന്നിരുന്നു. മഴച്ചാറ്റലും മഞ്ഞും കൂടിയായതോടെ പിച്ചിന്റെ സ്വഭാവം മാറി. ബോൾ വീഴുന്ന സ്ഥലത്ത് അടയാളം വീഴുന്നുണ്ടായിരുന്നു. അതോടെ ബൗൺസും വേഗവും കുറഞ്ഞു. എന്നാൽ തൊട്ടടുത്തു മൽസരത്തിനു മുൻപു ന്യൂസീലൻഡ് പരിശീലനം നടത്തിയ പിച്ചിൽ നല്ല ബൗൺസ് കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാവും അവർ ആദ്യം ബോളിങ്ങ് തിരഞ്ഞെടുത്തത്. പക്ഷേ, കളിച്ച പിച്ചിന്റെ സ്വഭാവം സമയം കഴിയുന്തോറും ബോളർമാർക്ക് കൂടുതൽ അനുകൂലമായി. കളി നടന്നു എന്നതു തന്നെ വലിയ സന്തോഷം. ഇന്ത്യ ജയിച്ചതോടെ അത് ഇരട്ടിയായി. കളിക്കാരും കമന്റേറ്റർമാരും ഉൾപ്പടെ ഒത്തിരിപ്പേർ അഭിനന്ദിച്ചു. ഇതു ടീം വർക്കിന്റെയും വിശ്വാസത്തിന്റെയും വിജയമാണ്. പിന്നെ ഒന്നാംതരം ഗ്രൗണ്ടിന്റെയും- തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ബിജു പറഞ്ഞു.