ലക്നൗവിലെ എ.ബി. വാജ്പേയ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിലെ രോഹിത് ശർമയുടെ ദീപാവലി സ്പെഷൽ ഇന്നിങ്സ് ആരാധകർ മറന്നിട്ടുണ്ടാകില്ല. 61 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം നാലാം ട്വന്റി20 സെഞ്ചുറിയുമായി റെക്കോർഡിലേക്ക് ബാറ്റുവീശിയ രോഹിതിന്റെ ആവേശപ്രകടനം സമ്മാനിച്ച ഉൾപ്പുളകങ്ങൾക്ക് ഇപ്പോഴുമുണ്ട്, മങ്ങാത്ത പച്ചപ്പ്! കൂറ്റൻ സ്കോറുകളുടെ സന്തതസഹചാരിയായി അറിയപ്പെടുന്ന രോഹിത്, ആ പേര് ഊട്ടിയുറപ്പിച്ച പ്രകടനമാണ് ലക്നൗവിൽ നടത്തിയത്.
എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ്മാൻ പുറത്തെടുത്ത ഈ പ്രകടനത്തെ വെല്ലുന്ന മറ്റൊരു ഇന്നിങ്സാണ്, രാജ്യന്തര ക്രിക്കറ്റിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. വനിതാ ട്വന്റി20 ലോകകപ്പിൽ ആദ്യ ഇന്ത്യൻ സെഞ്ചുറിയുമായി വരവറിയിച്ച ആ താരത്തിന്റെ പേര് ഹർമൻപ്രീത് കൗർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായികയായ ഇരുപത്തൊൻപതുകാരി പഞ്ചാബി സുന്ദരി. ഇന്ത്യയെ നയിച്ച രോഹിതിന്റെ ഇന്നിങ്സ് വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നെങ്കിൽ, ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വെസ്റ്റ് ഇൻഡീസ് മണ്ണിലാണ് ഇന്ത്യയെ നയിച്ച ഹർമൻപ്രീതിന്റെ ഇന്നിങ്സെന്ന കൗതുകവുമുണ്ട്!
ഹർമൻപ്രീതിന്റെ ഇന്നിങ്സിന്റെ കരുത്തിൽ ട്വന്റി20 ലോകകപ്പിന് വിജയത്തുടക്കമിടാനും ഇന്ത്യയ്ക്കായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ഹർമന്‍പ്രീതിന്റെ സെഞ്ചുറിക്കു പുറമെ 45 പന്തിൽ ഏഴു ബൗണ്ടറി സഹിതം 59 റൺസെടുത്ത പതിനെട്ടുകാരി ജമൈമ റോഡ്രിഗസിന്റെ പ്രകടനവും ഇന്ത്യൻ കുതിപ്പിൽ നിർണായകമായി. 40 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 134 റൺസ് കൂട്ടുകെട്ടും വിജയത്തിലേക്ക് ഇന്ധനമായി. ട്വന്റി20 ലോകകപ്പിലെ ഉയർന്ന സ്കോർ (ഇന്ത്യയുടെ 194), ഇന്ത്യക്കാരിയുടെ ആദ്യ ട്വന്റി20 സെഞ്ചുറി ഹർമൻപ്രീതിന്റെ 103), ട്വന്റി20 ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം (ജമീമ റോഡ്രിഗസിന്റെ 59) തുടങ്ങിയ റെക്കോർഡുകളും മൽസരത്തിൽ പിറന്നു.
196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹേമലത, 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് എന്നിവരുടെ പ്രകടനമാണ് കിവീസിനെ 160ൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സഹായകമായത്.
∙ രോഹിതിനോളം വലുതാണ്, ഈ പ്രകടനവും
പുരുഷ ക്രിക്കറ്റിന്റെ അത്രയും ജനപ്രിയമല്ലാത്ത വനിതാ ക്രിക്കറ്റിലാണ് ഈ ഇന്നിങ്സ് സംഭവിച്ചത് എന്നതൊഴിച്ചാൽ, രോഹിതിന്റെ പ്രകടനത്തെ വെല്ലുന്നതാണ് ഹർമൻപ്രീതിന്റെ പ്രകടനം. ഇന്നിങ്സ് സംഭവിച്ച സാഹചര്യങ്ങളും, അതിന്റെ വേഗതയും, എതിരാളികളുടെ വലുപ്പവും, നേടിയ ബൗണ്ടറികളും സിക്സുകളുമെല്ലാം എടുത്താൽ രോഹിതിനും ഒരുപടി മുന്നിൽത്തന്നെ ഹർമന്‍പ്രീതിന്റെ സ്ഥാനം.
(രോഹിത് ശർമയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുമ്പോളും, ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചുറി കുറിച്ച ഹർമൻപ്രീതിന്റെ സെഞ്ചുറിക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നു സംശയം. അതുകൊണ്ടുതന്നെ, ഏതാനും ദിവസങ്ങളുടെ ഇടവേളയിൽ സംഭവിച്ച ഈ രണ്ട് ഇന്നിങ്സുകളെയും ഒരു താരതമ്യത്തിനു വിധേയമാക്കുകയാണ് ഇവിടെ. അത്ര ഗൗരവമാർന്ന താരതമ്യമല്ലെങ്കിലും ഹർമൻപ്രീതിന്റെ ഇന്നിങ്സിന് നിർലോഭം കയ്യടിക്കാൻ ഇതു സഹായിച്ചേക്കും)
എതിരാളികളുടെ വലുപ്പം: പുരുഷ വിഭാഗത്തിൽ ട്വന്റി20 ടീം റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് വെസ്റ്റ് ഇൻഡീസ്. എന്നാൽ, റാങ്കിങ്ങിൽ രണ്ടാമതാണ് ഇന്ത്യ. ഐസിസി റാങ്കിങ് പരിഗണിച്ചാൽ താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ ആയിരുന്നു രോഹിതിന്റെ പ്രകടനമെന്നു ചുരുക്കം. ട്വന്റി20 വനിതാ ടീം റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിനെതിരെയാണ് ഹർമൻപ്രീത് സെഞ്ചുറി സ്വന്തമാക്കിയത്. റാങ്കിങ്ങിൽ ഒന്നാമതുള്ള ഓസീസിന് ഇഞ്ചുകൾക്കു മാത്രം പിന്നിലാണ് ന്യൂസീലൻഡിന്റെ സ്ഥാനം. റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഓർക്കണം.
ഇന്നിങ്സ് പിറന്ന സാഹചര്യം: ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകളിലായി ഇന്ത്യയ്ക്കു മുന്നിൽ പതം വന്ന വിൻഡീസിനെതിരെയാണ് രോഹിതിന്റെ സെഞ്ചുറി പിറന്നത്. മാത്രമല്ല, ഓപ്പണിങ് വിക്കറ്റിൽ ഉറച്ച പിന്തുണയുമായി തുണനിന്ന ശിഖർ ധവാൻ പകർന്ന ആത്മവിശ്വാസവും രോഹിതിന്റെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തം. 41 പന്തിൽ 43 റൺസെടുത്ത ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രോഹിത് സെഞ്ചുറിയിലേക്കു കുതിച്ചെത്തിയത്.
മറുവശത്ത്, മൂന്നിന് 40 എന്ന നിലയിൽ പതറിയിടത്തുനിന്നാണ് ഹർമൻ ഇന്ത്യയെ കരയ്ക്കെത്തിച്ചത്. ജെമിമ റോഡ്രിഗസ് അർധ സെഞ്ചുറിയുമായി (59) ഹർമനു മികച്ച പിന്തുണ നൽകിയതാണ് ഇന്ത്യൻ ഇന്നിങ്സിൽ വഴിത്തിരിവായത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടി 134 റൺസാണ് മികച്ച സ്കോറിലേക്കു നയിച്ചത്.
സെഞ്ചുറിയിലേക്കുള്ള പ്രയാണം: 58 പന്തിൽ നിന്നാണ് രോഹിത് തന്റെ നാലാം ട്വന്റി20 സെഞ്ചുറിയിലേക്ക് എത്തിയത്. എട്ടു ബൗണ്ടറിയും ആറു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. മറുവശത്ത് 49 പന്തുകളിലാണ് ഹർമൻ സെഞ്ചുറി കടന്നത്. ഏഴു ബൗണ്ടറികളും എട്ടു സിക്സും ഇതിനു അകമ്പടിയായി. ഇന്നിങ്സ് അവസാനിക്കുമ്പോഴേയ്ക്കും 51 പന്തിൽ 103 റൺസുമായി ഹർമൻ പുറത്തായിരുന്നു. സ്ട്രൈക്ക് റേറ്റ് 201.96! രോഹിത് ആകട്ടെ, 61 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 111 റൺസുമായി പുറത്താകാതെനിന്നു. സ്ട്രൈക്ക് റേറ്റ് 181.96.
ഇരു ടീമുകളും ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് രോഹിതും ഹർമൻപ്രീതും സെഞ്ചുറിയിലേക്കെത്തിയത്. രോഹിതിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യൻ പുരുഷടീം നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 195 റൺസ്. ഹർമൻപ്രീതിന്റെ സെഞ്ചുറി ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് സമ്മാനിച്ചത് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ്. പുരുഷ ടീം എതിരാളികളെ 20 ഓവറിൽ 124 റൺസിൽ ഒതുക്കി 71 റൺസിന്റെ വിജയത്തോടെ പരമ്പര നേടിയപ്പോൾ, കിവീസിന്റെ വെല്ലുവിളി 20 ഓവറിൽ 160 റൺസിന് അവസാനിപ്പിച്ച ഇന്ത്യൻ പെൺപട 34 റൺസ് വിജയത്തോടെ ട്വന്റി20 ലോകകപ്പ് കിരീട പ്രയാണത്തിന് ആവേശത്തുടക്കമിട്ടു. ഇരുവരും കളിയിലെ കേമൻ പട്ടവും സ്വന്തമാക്കി.
(പിന്‍കുറിപ്പ്: ഇതൊരു ഗൗരവതരമായ താരതമ്യമല്ലെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കട്ടെ. രോഹിതിന്റെ അതുല്യമായ ഇന്നിങ്സിന്റെ വില കുറയ്ക്കാനുള്ള ശ്രമവുമല്ല. വനിതാ ക്രിക്കറ്റിനെ കുറച്ചുകൂടി ഗൗരവത്തോടെ കണ്ടുകൂടേ എന്നൊരു ഓർമപ്പെടുത്തൽ മാത്രം.)