നോർത്ത് സൗണ്ട് (ആന്റിഗ്വ)∙ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്ത് വനിതാ ട്വന്റി20 ലോക കിരീടം ഓസ്ട്രേലിയയ്ക്ക്. എട്ടു വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 19.4 ഓവറിൽ 105 റൺസിന് എല്ലാവരും പുറത്തായപ്പോൾ, 29 പന്തുകൾ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ വിജയത്തിലെത്തി. ഓസ്ട്രേലിയയുടെ നാലാം ലോക കിരീടമാണിത്.
ടൂർണമെന്റിൽ ഇന്ത്യയെ തോൽപ്പിച്ച ടീമും ഇന്ത്യ തോൽപ്പിച്ച ടീമും മുഖമുഖമെത്തിയപ്പോൾ, ഇന്ത്യ തോൽപ്പിച്ച ടീമാണ് കിരീടത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെ തോൽപ്പിച്ച ഇന്ത്യ, സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റാണ് പുറത്തായത്. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തുകയും 26 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 33 റൺഡസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത ആഷ്‍ലി ഗാർഡ്നറിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഓസീസിനു തുണയായത്. ആഷ്‌ലിയാണ് കളിയിലെ താരം. തകർപ്പൻ പ്രകടനത്തിലൂടെ ഓസീസിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വിക്കറ്റ് കീപ്പർ അലീസ ഹീലി ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച കൂട്ടുകെട്ടുകൾ തീർക്കാനാകാതെ പോയതാണ് വിനയായത്. 37 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 43 റൺസെടുത്ത ഡാനിയേല വയാട്ടിനു മാത്രമേ ഓസീസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. പിന്നീട് രണ്ടക്കം കടന്നത് 28 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 25 റൺസെടുത്ത ക്യാപ്റ്റൻ ഹീതർ നൈറ്റിനു മാത്രം. ഒൻപതു പേരുടെ പ്രകടനം ഒറ്റ അക്കത്തിലൊതുങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആഷ്‍ലി ഗാർഡ്നർക്കു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മേഘൻ ഷൂട്ട്, ജോർജിയ വെയർഹാം എന്നിവരും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ഇംഗ്ലണ്ടിനായില്ല. ഓപ്പണർമാരായ അലീസ ഹീലി (20 പന്തിൽ 22), മൂണി (15 പന്തിൽ 14) എന്നിവർ പുറത്തായെങ്കിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ആഷ്‍ലി ഗാർഡ്നർ (26 പന്തിൽ 33), ലാന്നിങ് (30 പന്തിൽ 28) എന്നിവർ ചേർന്ന് ഓസീസിനെ വിജയത്തിലെത്തിച്ചു.