ഇമോള, ഇറ്റലി ∙ ബോസ് ഗ്രാൻപ്രി ചാംപ്യൻഷിപ്പിൽ (ഫോർമുല ക്ലാസ്) ഇന്ത്യയുടെ മഹാവീർ രഘുനാഥന് കിരീടവിജയം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ യൂറോപ്യൻ റേസിങ് ചാംപ്യൻഷിപ് നേടുന്നത്. ലോകമെങ്ങും നിനുള്ള 20 പേർ മത്സരിച്ചതിൽ പത്തൊൻപതുകാരൻ മഹാവീർ ഏഴു റൗണ്ടുകളിലായി 263 പോയിന്റോടെയാണ് കിരീടം നേടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച കാറോട്ടക്കാരനായ നരെയ്ൻ കാർത്തികേയൻ 1994ൽ ബ്രിട്ടീഷ് ഫോർമുല ഫോർഡ്, 1996ൽ ഫോർമുല ഏഷ്യ സീരീസ് കിരീടങ്ങൾ നേടിയിട്ടുണ്ട്. കരുൺ ചാന്ദോക്കിനും രണ്ട് ഏഷ്യൻ കിരീട വിജയമുണ്ട്.
കൊളോണി മോട്ടോർ സ്പോർട്ടിന്റെ പിഎസ് റേസിങ്ങിനു വേണ്ടി മത്സരിച്ച മഹാവീർ ഏഴു റൗണ്ടുകളിലും ഒന്നാമതെത്തി. പ്രധാന എതിരാളി ഇറ്റലിയുടെ സാൽവത്തോറ്‍ ഡിപ്ലാനോ രണ്ടാം റേസിന്റെ നാലാം ലാപ്പിൽ പിൻവാങ്ങിയത് മഹാവീറിനു വിജയം എളുപ്പമാക്കി. ഓസ്ട്രിയയുടെ ജൊഹാൻ ലെഡിമെയറിനാണ് രണ്ടാം സ്ഥാനം.
2012ൽ ജെകെ റേസിങ് ഏഷ്യ സീരീസിലൂടെ മത്സരരംഗത്തു സജീവമായ മഹാവീർ 2013ൽ എംആർഎഫ് ചാലഞ്ച് ഫോർമുല 1600ലും പങ്കെടുത്തിരുന്നു. 2014ൽ യൂറോപ്പിലേക്കു മാറിയ അദ്ദേഹംഇറ്റാലിയൻ ഫോർമുല 4 ചാംപ്യൻഷിപ്പിലും 2015ൽ യൂറോപ്യൻ ഫോർമുല 3 ചാംപ്യൻഷിപ്പിലും മാറ്റുരച്ചിരുന്നു.
മഹാവീർ രഘുനാഥ്
Advertisement