സുസുക്ക ∙ ഫോർമുല വൺ കാറോട്ടത്തിന്റെ ജപ്പാൻ ഗ്രാൻപ്രീയിൽ വിജയിച്ച് മെഴ്സിഡീസ് താരം നിക്കോ റോസ്ബർഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. നിലവിലെ ചാംപ്യനും കിരീടപ്പോരാട്ടത്തിൽ റോസ്ബർഗിന്റെ എതിരാളിയുമായ മെഴ്സിഡീസിന്റെ തന്നെ ലൂവിസ് ഹാമിൽട്ടൻ മൂന്നാം സ്ഥാനത്താണു മൽസരം തീർത്തത്. ഇതോടെ കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ് മെഴ്സിഡീസ് തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി.
റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പനാണു സുസുക്കയിൽ രണ്ടാമതെത്തിയത്. പോൾ പോസിഷനിലുണ്ടായിരുന്ന റോസ്ബർഗിനൊപ്പം ഒന്നാം നിരയിലാണു ഹാമിൽട്ടനും മൽസരം തുടങ്ങിയത്. എന്നാൽ ചാംപ്യനു തുടക്കം പാളി.
ആദ്യ കോർണർ എത്തുമ്പോഴേക്കും എട്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഹാമിൽട്ടൻ തുടർന്നു മികച്ച ഡ്രൈവിലൂടെ പോഡിയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ലാപ്പിൽ വെസ്തപ്പനെ മറികടക്കാനുള്ള ശ്രമം അപകടകരമായി പരാജയപ്പെടുത്തി റെഡ് ബുൾ താരം.