കേരളത്തിന്റെ സ്കൂൾ താരം ഉത്തേജകം ഉപയോഗിച്ച സംഭവം: തെളിഞ്ഞാൽ കർശന നടപടി

മലപ്പുറം ∙ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ (നാ‍ഡ) പരിശോധനയിൽ കുടുങ്ങിയ കേരളത്തിന്റെ സ്കൂൾ താരം ഉപയോഗിച്ചത് നിരോധിത മരുന്നായ ഹേപ്റ്റമിനോൾ. ലോക ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട പദാർഥമാണിത്. പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ താരത്തിൽനിന്നു ശേഖരിച്ച മൂത്ര സാംപിളിൽ ഹേപ്റ്റമിനോളിന്റെ അംശമുണ്ടെന്നാണു നാഡയുടെ കണ്ടെത്തൽ.

ഒരാഴ്ചയ്ക്കകം ഹാജരാകാൻ ആവശ്യപ്പെട്ട് അധികൃതർ താരത്തിനു കത്തയച്ചു. സ്കൂൾ മീറ്റിൽ പങ്കെടുത്ത താരം മരുന്നടിച്ചതായി അറിയിച്ചു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നാഡയുടെ കത്തു ലഭിച്ചു. എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ രണ്ടു സ്വർണവും ഒരു വെള്ളിയും നേടിയ താരമാണു കുരുക്കിൽപ്പെട്ടത്. പക്ഷേ, ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ മെഡലൊന്നും കിട്ടിയില്ല. ഇനി താരത്തിനു നാഡയുടെ ഹിയറിങ്ങിൽ ഹാജരായി എതിർവാദങ്ങൾ അവതരിപ്പിക്കാം. പക്ഷേ, ബി സാംപിൾ പരിശോധനയിലും പോസിറ്റീവ് ആയാൽ രണ്ടു വർഷം മുതൽ നാലു വർഷംവരെ മത്സരങ്ങളിൽനിന്നു വിലക്കുവരും.

സംസ്ഥാന മീറ്റിൽ നേടിയ മെഡലുകൾ വിദ്യാഭ്യാസ വകുപ്പ് തിരിച്ചുവാങ്ങുകയും ചെയ്യും. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു താരം മരുന്നടിക്കു കുടുങ്ങുന്നത്. (ഉത്തേജക ഉപയോഗം പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ടു താരത്തിന്റെ പേര് ഒഴിവാക്കുന്നു)

ഹേപ്റ്റമിനോൾ

രക്തസമ്മർദം പെട്ടെന്നു കുറഞ്ഞാൽ കൂടാനായി രോഗികൾക്കു നൽകുന്ന മരുന്നുകളിലാണു ഹേപ്റ്റമിനോൾ സംയുക്തം ഉപയോഗിക്കുന്നത്. ഹേപ്റ്റമിനോൾ ഹൈഡ്രോക്ലോറൈഡാണ് അത്തരം മരുന്നിൽ ചേർക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഒരു കമ്പനിയും ഹേപ്റ്റമിനോൾ കലർന്ന മരുന്ന് നിർമിക്കുന്നില്ലെന്നാണു ലഭ്യമായ വിവരം. പക്ഷേ, തായ്‌ലൻഡിലും മറ്റും ഈ മരുന്നു സുലഭമാണെന്നും പറയുന്നു.

മരുന്നിന്റെ ‘ഗുണം’

സ്പെസിഫൈഡ് സ്റ്റിമ്യുലന്റ് എന്ന വിഭാഗത്തിലാണു ഹേപ്റ്റമിനോളിനെ വാഡ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതടങ്ങിയ മരുന്നു കഴിച്ചാൽ നാഡീവ്യൂഹത്തിന് ഉണർവുണ്ടാകും, രക്തസമ്മർദം കൂടും. അത്‍ലീറ്റിനെ സംബന്ധിച്ചിടത്തോളം മത്സരക്ഷമത (എൻഡ്യൂറൻസ്) കാര്യമായി വർധിക്കും. ക്ഷീണം കുറയും. എത്ര കഠിനമായ മത്സരമാണെങ്കിലും പയറുപോലെ നിൽക്കാമെന്നു സാരം. ഈ മരുന്ന് താരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത്  താരത്തിന്റെ പക്കലെത്തിയ വഴിയും കൗതുകമുണർത്തുന്നു.

ഹെപ്റ്റാമിനോൾ ഉപയോഗത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കപ്പെട്ട കായികതാരങ്ങളിൽ ചിലർ 

∙ ബിയാൻക ലിബററ്റോർ (കാനഡ) – ഭാരോദ്വഹനം. രണ്ടു വർഷത്തെ വിലക്കു കിട്ടി. 

∙ സെബാസ്റ്റ്യൻ സ്റ്റെഫാൻ (ഓസ്ട്രിയ) – യൂറോപ്യൻ നീന്തൽ ജേതാവ്. ഒരു വർഷത്തെ വിലക്കു കിട്ടി. 

∙ എയ്ഞ്ചൽ നെസ്ബിറ്റ് (യുഎസ്) – മേജർ ലീഗ് ബേസ് ബോൾ താരം. 50 മത്സരങ്ങളിൽനിന്നു വിലക്കി. 

∙ ഫ്രെഡറിക് ബുസ്ക്വെറ്റ് (ഫ്രാൻസ്) – യൂറോപ്യൻ നീന്തൽ ചാംപ്യൻ. കിട്ടിയതു രണ്ടുമാസത്തെ വിലക്കുമാത്രം.

∙ സിൽവെയ്ൻ ജോർജസ് (ഫ്രാൻസ്) – സൈക്ലിങ് താരം. അഞ്ചു മാസത്തെ വിലക്ക്. 

∙ ദിമിത്രി ഫോഫനോവ് (കസാഖ്സ്ഥാൻ) – ടൂർ ദെ ഫ്രാൻസിനിടെ മരുന്നടിക്കു പിടികൂടി. വിലക്കു കിട്ടി. 

∙ ജോയൽ പിനെയ്റോ (യുഎസ്) – ബേസ്ബോൾ താരം. ഒരു വർഷത്തെ വിലക്കു കിട്ടി. 

നടപടി വരും

അന്തിമഫലം വരുന്നതുവരെ കാത്തിരിക്കും. അതിനുശേഷം നടപടികളിലേക്കു കടക്കും. താരം കുറ്റക്കാരനെന്നു തെളിഞ്ഞാൽ മെഡൽ തിരിച്ചുവാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. – ഡോ. ചാക്കോ ജോസഫ്, ജോയിന്റ് ഡയറക്ടർ, സംസ്ഥാന ‌സ്കൂൾ സ്പോർട്സ്

മഞ്ഞപ്പിത്തം ബാധിച്ചിരുന്നു; ഉത്തേജകം ഉപയോഗിച്ചില്ല

രണ്ടാം തവണയും മഞ്ഞപ്പിത്തം വന്നപ്പോൾ പലവിധ ചികിത്സകൾ തേടിയിരുന്നു. സ്കൂൾ മീറ്റിനു കുറച്ചുകാലം മുൻപായിരുന്നു അത്. മീറ്റിനു മുൻപായി കൈയിൽ മുറിവേറ്റപ്പോൾ കുത്തിവയ്പുമെടുത്തിരുന്നു. അല്ലാതെ മറ്റു മരുന്നുകളോ പൊടികളോ ഉപയോഗിച്ചിട്ടില്ല. നാഡയുടെ കത്ത് ഇതുവരെ കിട്ടിയിട്ടില്ല. – ആരോപണവിധേയനായ താരം

വ്യക്തമല്ല: കോച്ച് 

എങ്ങനെ ഇതു സംഭവിച്ചെന്ന് ഒരു പിടിത്തവുമില്ല. ഇരുപതുപേർ എന്റെ കൂടെയുണ്ട്. പ്രകടനം മെച്ചപ്പെടുത്താൻ ഒരു തരത്തിലുള്ള മരുന്നുകളും ഞാൻ കുട്ടികൾക്കു നൽകിയിട്ടില്ല. ശരിക്കും ഞെട്ടലിലാണ്. തുടർനടപടികളെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നു. താരത്തിന്റെ പരിശീലകൻ