വിശ്വസിക്കൂ, ട്രാക്കിൽനിന്നുള്ള ഇന്ത്യയുടെ ഒളിംപിക് സ്വർണം അകലയെല്ല! – വിഡിയോ

ഫിൻലൻഡിൽ അണ്ടർ–20 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരം ഹിമ ദാസിന്റെ ആഹ്ലാദം.

കോഴിക്കോട് ∙ കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്‍‌ലറ്റിക്സിനിടെ ഇന്ത്യയുടെ റഷ്യൻ പരിശീലക ഗലീന ബുഖറിന പ്രവചന മട്ടിൽ പറഞ്ഞു: ‘ഇവളാണ് നാളെ ഇന്ത്യയുടെ താരം.’ കൃത്യം നാലു മാസം കഴിഞ്ഞപ്പോൾ ഗലീനയുടെ നാക്ക് പൊന്നായി. ഫിൻലൻഡിൽ ലോക അണ്ടർ 20 അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി ഹിമ ചരിത്രത്തിന്റെ പോഡിയത്തിലേക്കു കയറി. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാംപ്യൻ. ട്രാക്കിനത്തിൽ ലോക സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം. നീരജ് ചോപ്രയ്ക്കു പിന്നാലെ ഇന്ത്യയ്ക്കു മറ്റൊരു യുവ ലോക ചാംപ്യൻ കൂടി. നാലു മാസം മുൻപു മാത്രം 400 മീറ്ററിൽ മത്സരിക്കാനിറങ്ങിയ താരം ഇപ്പോൾ രാജ്യത്തിന്റെ അത്‍ലറ്റിക് രാജകുമാരിയായി തിളങ്ങിനിൽക്കുന്നു.

അസ്സമിൽ നിന്നുള്ള ഈ പതിനെട്ടുകാരി പട്യാലയിൽ കഴിഞ്ഞ മാർച്ചിലാണു  ആദ്യമായി 400 മീറ്ററിൽ മത്സരിക്കാനിറങ്ങുന്നത്. ഒന്നര വർഷം മുൻപുവരെ ഫുട്ബോളിലായിരുന്നു ശ്രദ്ധ. അവിടെ നടന്ന ഒരു മീറ്റിൽനിന്നു മലയാളിയായ ഇന്ത്യൻ ഡെപ്യൂട്ടിചീഫ് കോച്ച് രാധാകൃഷ്ണൻ നായരാണു ഹിമയെ കണ്ടെത്തുന്നത്. ട്രാക്കിലെത്തിയശേഷം 100ലും 200ലും ആയിരുന്നു ആദ്യം.  കഴിഞ്ഞ നവംബറിൽ ദേശീയ ക്യാംപിലെത്തിയപ്പോൾ റഷ്യൻ പരിശീലക ഗലീനയുടെ നിർദേശപ്രകാരം ഒറ്റലാപ്പിലേക്കിറങ്ങി. ഏഴു മാസത്തിനിപ്പുറം ഒറ്റലാപ്പിലെ അദ്ഭുതമായി താരം മാറി.

ലോക അണ്ടർ 20 അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതാ 400 മീറ്ററിൽ 51.46 സെക്കൻഡിൽ കുതിച്ചെത്തിയാണു ഹിമ സ്വർണമണിഞ്ഞത്. അസമിൽ ഹിമയുടെ പിതാവ് റോഞ്ജിത് ദാസിന് 40 സെന്റ് ഭൂമിയാണ് ആകെയുള്ളത്. പിതാവും മാതാവ് ജുനാലിയും അവിടെ കൃഷി നടത്തിയാണു താരത്തെ പഠിപ്പിച്ചത്. നാലു മക്കളിൽ മൂത്തയാൾ. ഫുട്ബോൾ കളിക്കിടെ ഹിമയുടെ ഓട്ടം കണ്ടാണു നിപ്പോൾ ദാസ് എന്ന പരിശീലകൻ  ക്യാംപിലേക്കു വിളിപ്പിച്ചത്. നാട്ടിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തിയിൽ പിന്നീടുള്ള പരിശീലനം. അവിടെ തുടങ്ങിയ കുതിപ്പ് ഫിൻലൻഡിലെ ട്രാക്കിലെത്തി നിൽക്കുന്നു.