പാലക്കാട്∙ ജോലിക്കായുള്ള അപേക്ഷയിൽ സംസ്ഥാന സർക്കാരിന്റെ വിളി കാത്തിരിക്കുകയാണ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പി.യു. ചിത്ര. റെയിൽവേ നൽകിയ വാഗ്ദാനം മുന്നിൽ നിൽക്കുമ്പോഴും സംസ്ഥാന സർക്കാരിൽ ചിത്രയ്ക്ക് പ്രതീക്ഷയുണ്ട്. ഗസറ്റഡ് റാങ്കിലുള്ള ജോലിയാണു സംസ്ഥാനം നൽകുന്നതെങ്കിൽ റെയിൽവേ വാഗ്ദാനം ചെയ്ത സീനിയർ ക്ലർക്ക് ജോലിക്കു പകരം അതു സ്വീകരിക്കുമെന്നു ചിത്ര പറഞ്ഞു. സംസ്ഥാന സർക്കാർ 2 വർഷം മുൻപു നിയമന നടപടികൾ തുടങ്ങിയെങ്കിലും പിന്നീട് അനിശ്ചിതത്വത്തിലായി. ഒടുവിൽ, കൊച്ചിയിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് നൽകിയ സ്വീകരണത്തിനിടെ ചിത്ര വീണ്ടും ജോലി അപേക്ഷ നൽകി. കഴിഞ്ഞ 10ന് ബയോഡേറ്റ നൽകാൻ സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടതു പ്രകാരം അതും കൈമാറി.
രണ്ടാഴ്ച മുൻപ് പാലക്കാട് ഡിവിഷനൽ ഓഫിസിൽ എത്തി റെയിൽവേയുടെ ഓഫർ ലെറ്റർ ചിത്ര കൈപ്പറ്റിയെങ്കിലും തുടർന്നു ദേശീയ ഓപ്പൺ മീറ്റിൽ പങ്കെടുക്കാൻ പോയതിനാൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല. എതാനും രേഖകൾ കൂടി ഹാജരാക്കിയാൽ മാത്രമേ ഔദ്യോഗികമായി പ്രവേശന നടപടി പൂർത്തിയാകൂ. അതിനാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണ് ചിത്ര.