ചോർത്തല∙ സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയെങ്കിലും വീടുൾപ്പെടെ ജീവിതഭാഗ്യങ്ങൾ കൈവിട്ടുപോയ എം.എസ്. ശാരിക എന്ന മിടുക്കി വീണ്ടും ഉദിച്ചുയരും. വീടായും ജോലിയായും ലക്ഷ്യങ്ങൾ ഒന്നൊന്നായി എത്തിപ്പിടിക്കും.
മലയാള മനോരമ വാർത്തയെത്തുടർന്ന് ഒട്ടേറെ വ്യക്തികളും സംഘടനകളുമാണു സഹായ വാഗ്ദാനവുമായി എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എച്ച്.സലാമിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു വീടു നിർമാണം പൂർത്തിയാക്കുമെന്നു കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യും. ഒരു മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാകും. ശാരികയുടെ താൽപര്യം പോലെ കായികാധ്യാപികയാകാനുള്ള പഠനം തുടരാൻ സഹായം നൽകുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.
കുടുംബത്തിന് അടിയന്തര സഹായമായി സ്വന്തം നിലയ്ക്ക് 10,000 രൂപയും തുടർപഠനത്തിനും കായിക പരിശീലനത്തിനും ആവശ്യമായ ഉപകരണങ്ങളും സഹായവും നൽകുമെന്നു കലക്ടർ എസ്.സുഹാസ് അറിയിച്ചു. സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, ജനമൈത്രി പൊലീസിനു വേണ്ടി ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ജോർജ് കുളങ്ങര, ആലപ്പുഴ ചാപ്റ്റർ പ്രസിഡന്റ് പി.ജെ.മാത്യു, ജിജെ പ്രോപ്പർട്ടീസ് മാനേജിങ് പാർട്ണർ എസ്.ജോയി, റോട്ടറി ക്ലബ് കൊച്ചി മിഡ്ടൗൺ പ്രസിഡന്റ് ജോസ് വളവി തുടങ്ങിയവർ വീടു നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.