അത്‌ലറ്റിക്സിൽ സൂപ്പർ സ്പെഷ്യൽറ്റി; പ്രത്യേക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അക്കാദമികൾക്കു മുന്നേറ്റം

മലപ്പുറം ∙ ഏതു രോഗവും ചികിൽസിക്കുന്ന നാട്ടു വൈദ്യൻമാരെപ്പോലെയായിരുന്നു കേരളത്തിലെ അത്‌ലറ്റിക് അക്കാദമികൾ ഇതുവരെ. ഓട്ടത്തിലും ചാട്ടത്തിലും ത്രോ ഇനങ്ങളിലുമെല്ലാം എല്ലായിടത്തും പരിശീലനം. എന്നാൽ അവിയൽ പരിശീലനത്തിൽ നിന്നു മാറി ഒറ്റ ഇനത്തിൽ മാത്രം ശ്രദ്ധിക്കുന്ന അക്കാദമികൾ നേട്ടം കൊയ്യുന്നതാണ് ഇത്തവണ സംസ്ഥാന സ്കൂൾ മീറ്റിൽ കണ്ടത്. 

ത്രോ ഇനങ്ങളിൽ മാതിരപ്പിള്ളിയുടെയും ജംപ് ഇനങ്ങളിൽ കല്ലടിയുടെയും സ്പ്രിന്റിൽ മേഴ്സിക്കുട്ടൻ അക്കാദമിയുടെയും ഗംഭീര വിജയം കായിക കേരളത്തിനു നൽകുന്നത് ശുഭപ്രതീക്ഷ.

കല്ലടിക്ക് കയ്യടി(7 സ്വർണം, 2 വെള്ളി, 2 വെങ്കലം)

മുൻവർഷങ്ങളിൽ ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവുകാട്ടിയ പാലക്കാട് കല്ലടി സ്കൂൾ ഇത്തവണ ജംപ് ഇനങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. മികച്ച രണ്ടാമത്തെ സ്കൂളായ കല്ലടിയുടെ 10 സ്വർണ മെഡലുകളിൽ ഏഴും ജംപിങ് പിറ്റിൽ നിന്നായിരുന്നു. 

ജൂനിയർ ആൺകുട്ടികളുടെ ഹൈജംപ്, ട്രിപിൾജംപ് എന്നിവയിലായി കെ.എസ്. ഷാൽബിന് ഇരട്ട സ്വർണം. സീനിയർ‌ പെൺ ഹൈജംപിൽ എം. ജിഷ്ന റെക്കോർഡോടെ സ്വർണം നേടി. 

സബ്ജൂനിയർ ഹൈജംപിൽ മുഹമ്മദ് ജാസിമും ഒന്നാമതെത്തി. നിവ്യ ആന്റണി, ആർ. ശ്രീലക്ഷ്മി, മുഹമ്മദ് ബാസിം എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി കല്ലടിയുടെ പോൾവോൾട്ട് ചാംപ്യൻമാർ. 

കെ. രാമചന്ദ്രനാണ് മുഖ്യ പരിശീലകൻ. പോൾവോൾട്ട് താരങ്ങളുടെ പരിശീലനം പാലാ ജംപ്സ് അക്കാദമിയിലാണ്.

ഉന്നം തെറ്റാതെ മാതിരപ്പിള്ളി(5 സ്വർണം, ഒരു വെള്ളി, 2 വെങ്കലം)

സ്കൂൾ മീറ്റുകളിൽ മെഡൽ എറിഞ്ഞിടാനെത്തുന്ന കോതമംഗലം മാതിരപ്പിള്ളി ഗവ. എച്ച്എസ്എസിലെ ചുണക്കുട്ടികൾക്ക് ഇത്തവണയും ലക്ഷ്യം പിഴച്ചില്ല. 

പരിമിത സാഹചര്യങ്ങളെ വെല്ലുവിളിച്ചെത്തുന്ന ഈ സർക്കാർ സ്കൂളിന്റെ നേട്ടം ഇത്തവണ 7 സ്വർണമടക്കം 14 മെഡലുകൾ. 

അതിൽ 5 സ്വർണമടക്കം 8 മെഡലുകൾ ത്രോ ഇനങ്ങളിൽനിന്ന്.

ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട്ടിലും ഹാമർത്രോയിലുമായി കെസിയ മറിയം ബെന്നി ഇരട്ടസ്വർണം നേടി. 

സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ അഖിൽ ശശി, ജൂനിയർ ആൺകുട്ടികളിൽ ജിബിൻ തോമസ്, സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ അനീഷ അഗസ്റ്റിൻ എന്നിവരാണ് മറ്റു സ്വർണ ജേതാക്കൾ. പി. ഐ ബാബുവാണ് ത്രോ ഇനങ്ങളിൽ മാതിരപ്പിള്ളിയുടെ പരിശീലകൻ.

ഹർഡിൽസ് ഫാക്ടറി(3 സ്വർണം, ഒരു വെങ്കലം)

പാലക്കാട്ടെ ഒളിംപിക് അത്‍ലറ്റിക് ക്ലബ് കേരളത്തിന്റെ ഹർഡിൽസ് ഫാക്ടറിയെന്ന മേൽവിലാസം നേടിയത് ഈ സ്കൂൾ മീറ്റിലാണ്. വെറും 5 പേരുമായി മൽസരിക്കാനെത്തിയ അക്കാദമി ഇത്തവണ നാലു സ്വർണമടക്കം 7 മെഡൽ നേടി. അതിൽ 3 സ്വർണവും ഹർഡിൽസ് ഇനങ്ങളിൽ നിന്ന്. മുൻ രാജ്യാന്തര ഹർഡിൽസ് താരം സി. ഹരിദാസ് പരിശീലകനായ ഒളിംപിക് അത്‍ലറ്റിക് ക്ലബിന്റെ കണ്ടെത്തലാണ് കഴിഞ്ഞമാസം നടന്ന യൂത്ത് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജെ. വിഷ്ണുപ്രിയ. 

സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ വിഷ്ണുപ്രിയ മികവ് ആവർത്തിച്ചപ്പോൾ ജൂനിയർ ആൺകുട്ടികളിൽ എ. രോഹിത്തും ഒന്നാമതെത്തി. 

ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ സൂര്യജിത്തിലൂടെയായിരുന്നു മൂന്നാം സ്വർണം. സബ്ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർ‍ഡിൽസിൽ എസ്. കീർത്തി വെങ്കലം നേടി.

മേഴ്സി കുട്ടൻ എക്സ്പ്രസ്(5 സ്വർണം, 3 വെള്ളി, 2 വെങ്കലം)

സ്പ്രിന്റ് ഇനങ്ങളിൽ എതിരാളികളെ ‘ദയയില്ലാതെ’ തോൽപിച്ച് മേഴ്സി കുട്ടൻ അക്കാദമി. 

ഇത്തവണ 7 സ്വർണമടക്കം 13 മെഡലുകൾ. ഇതിൽ 5 സ്വർണമടക്കം 10 മെഡൽ സ്പ്രിന്റ് ഇനങ്ങളിലായിരുന്നു.

 11 താരങ്ങളുമായാണ് ഒളിംപ്യൻ മേഴ്സി കുട്ടൻ ഇത്തവണ മീറ്റിനെത്തിയത്.ജൂനിയർ പെൺകുട്ടികളുടെ 100, 200, 400 മീറ്ററുകളിലായി ട്രിപ്പിൾ സ്വർണം നേടിയ എ.എസ്. സാന്ദ്ര ഇത്തവണ ഏറ്റവും ശ്രദ്ധ നേടിയ താരമാണ്. 

ഇരട്ട സഹോദരങ്ങളായ അനീറ്റ മരിയ ജോൺ 400 മീറ്ററിലും അലീന മരിയ ജോൺ 600 മീറ്ററിലും ഒന്നാമതെത്തി. 

അക്കാദമിയുടെ സ്കൂൾ മീറ്റിലെ ഏറ്റവും മികച്ച നേട്ടമാണ് ഇത്തവണത്തേത്.