Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശങ്കർ ഇനി ‘ഹോം ഗ്രൗണ്ടിൽ’; പരിശീലകനായി അച്ഛൻ മുരളി

m-sreesankar-long-jump-father ശ്രീശങ്കർ അച്ഛൻ മുരളിയോടൊപ്പം (ഫയൽ ചിത്രം)

മലപ്പുറം ∙ ലോങ്ജംപിലെ ദേശീയ റെക്കോർഡിനുടമയായ പാലക്കാട്ടുകാരൻ എം.ശ്രീശങ്കറിന് ഇനി വീടുതന്നെ ദേശീയ ക്യാംപ്. അച്ഛൻ മുരളിയാണ് ദേശീയ പരിശീലകൻ. പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രീശങ്കറിന് പാലക്കാട്ടുതന്നെ പരിശീലനം അനുവദിച്ച ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ, പിതാവ് എസ്.മുരളിയെ ദേശീയ ജംപിങ് പരിശീലകനായി നിയമിക്കാനും തീരുമാനിച്ചു. മകനു പരിശീലനം നൽകാൻ പിതാവിനെ ദേശീയ പരിശീലകനാക്കുന്നത് ഇന്ത്യൻ അത്‍ലറ്റിക്സിൽ അപൂർവ സംഭവമാണ്. ട്രിപ്പിൾ ജംപിലെ സാഫ് ഗെയിംസ് മെഡൽ ജേതാവാണ് മുരളി.

രാജ്യാന്തരതലത്തിൽ മെഡൽ പ്രതീക്ഷകളായ താരങ്ങൾ ഇന്ത്യൻ‌ ക്യാംപിൽ ചേർന്നു പരിശീലനം നേടണമെന്ന നിബന്ധനയിൽ നിന്നാണ് ശ്രീശങ്കറിന് ഇളവ് നൽകുന്നത്.  തിരുവനന്തപുരം എൽഎൻസിപിഇയിൽ പ്രവർത്തിക്കുന്ന ദേശീയ ജംപിങ് ക്യാംപ് അവിടെതന്നെ തുടർന്നേക്കും. ശ്രീശങ്കറിനും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ നീന പിന്റോയ്ക്കും പാലക്കാട്ട് പരിശീലന സൗകര്യം ഏർപ്പെടുത്താനും ഇവർക്കായി വിദേശ പരിശീലകനെ നിയമിക്കാനുമായിരുന്നു നേരത്തേയുള്ള തീരുമാനം.

പാലക്കാട് വിക്ടോറിയ കോളജിലെ ബിരുദ വിദ്യാർഥിയായ ശ്രീശങ്കർ സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ 8.20 മീറ്റർ ചാടിയാണ് ദേശീയ റെക്കോർഡിട്ടത്.
അടുത്തവർഷം ദോഹയിൽ നടക്കുന്ന ദേശീയ, ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പുകൾ ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് താരമാണിപ്പോൾ.