ഗ്വാങ്ചൗ∙ ഉജ്വല ഫോമിൽ കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനലിൽ. എതിരാളി ജാപ്പനീസ് താരം നൊസോമി ഒകുഹാര. ചാംപ്യൻഷിപ്പിലെ മൽസരങ്ങൾ രാവിലെ 10.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് 1ൽ തൽസമയം കാണാം.
ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഒന്നാം നമ്പുർ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പർ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, ഇന്നലെ നടന്ന സെമിയിൽ തായ്‌ലൻഡിന്റെ റാറ്റ്ചനോക് ഇന്താനനെ 21–16, 25–23 നാണു വീഴ്ത്തിയത്. മൽസരം 54 മിനിറ്റ് നീണ്ടു.
ഉശിരൻ പോരാട്ടത്തിനൊടുവിൽ ചൈനയുടെ ഷി യൂക്കിയോട് 21–12, 20–22, 17–21നു കീഴടങ്ങിയ ഇന്ത്യൻ യുവതാരം സമീർ വർമ ഫൈനൽ കാണാതെ പുറത്തായി.
ഇന്താനനെ വീഴ്ത്തിയത് ഇങ്ങനെ
2013 ലോകചാംപ്യനായ തായ്‌ലൻഡ് താരം ഇന്താനനെതിരെ ഒപ്പത്തിനൊപ്പം പോരാട്ടത്തിനൊടുവിലാണ് സിന്ധു ജയിച്ചു കയറിയത്. ഇന്താനന്റെ ലോങ് സെർവുകൾക്കെതിരെ സിന്ധു ആക്രമിച്ചു കളിച്ചതോടെ മൽസരം തുടക്കം മുതലേ ആവേശത്തിലായി. പ്ലേസിങ്ങുകളിലൂടെ തിരിച്ചടിച്ച തായ്‌ലൻഡ് താരം ആദ്യ ഗെയിമിൽ 10 പോയിന്റ് വരെ വരെ സിന്ധുവിന് ഒപ്പം പിടിച്ചു. എന്നാൽ പിന്നീട് പവർ ഗെയിമിലേക്കു ചുവടുമാറ്റിയ സിന്ധു 21–16ന് ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമിലും തായ്‌ലൻഡ് താരം മികവു തുടർന്നതോടെ സ്കോർ ഒപ്പത്തിനൊപ്പമാണു നീങ്ങിയത്. 22–21നു ലീഡ് നേടിയ സിന്ധുവിനിന്റെ ആദ്യ മാച്ച് പോയിന്റ് രക്ഷപ്പെടുത്തിയ ഇന്തനോൻ ആയുസ്സു നീട്ടിയെടുത്തു. എന്നാൽ തായ് താരം തുടർച്ചയായി വരുത്തിയ അനാവശ്യ പിഴവുകൾ മുതലെടുത്ത സിന്ധു 25–23നു രണ്ടാം ഗെയിമും സ്വന്തമാക്കി ഫൈനലിനു ടിക്കറ്റെടുത്തു.