ന്യൂഡൽഹി ∙ പ്രതിബന്ധങ്ങളെ ചാടിക്കടന്ന രോഹിത് കേരളത്തിന്റെ മാനം കാത്തു. ദേശീയ സ്കൂൾ ജൂനിയർ അത്‍ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം 400 മീറ്റർ ഹർഡിൽസ് സ്വർണമുൾപ്പെടെ കേരളത്തിന് അഞ്ചു മെഡലുകൾ. 400 മീറ്റർ ഹർഡിൽസിൽ ഡെനിത് പോൾ ബിജു, പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അതുല്യ പി. സജി, 800 മീറ്റർ ഓട്ടത്തിൽ പ്രസില്ല ഡാനിയൽ എന്നിവർ വെള്ളി സ്വന്തമാക്കിയപ്പോൾ പെൺകുട്ടികളുടെ ലോങ്ജംപിൽ അനു മാത്യു വെങ്കലം നേടി.
ആശ്വാസമായി രോഹിത്
ട്രാക്കിലും ഫീൽഡിലുമായി 12 ഫൈനലുകൾ നടന്ന ഇന്നലെ പല ഇനങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള താരങ്ങൾക്കായില്ല. ദേശീയ സ്കൂൾ ഗെയിംസിൽ ആദ്യമായി പങ്കെടുത്ത കണ്ണൂർ അഴീക്കോട് സ്വദേശി എ. രോഹിത് 53.76 സെക്കൻഡിലാണു സ്വർണം നേടിയത്. പാലക്കാട് ബിഎംഎച്ചഎച്ച്എസ് വിദ്യാർഥിയാണ്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ ഡെനിത് പോൾ ബിജു 54.62 സെക്കൻഡിലാണു വെള്ളി നേടിയത്.
800 മീറ്റർ ഓട്ടത്തിൽ 2:10:57 മിനിറ്റ് സമയം കുറിച്ച തിരുവനന്തപുരം സായിയിലെ പ്രസില്ല പഞ്ചാബിന്റെ പൂജയ്ക്കു പിന്നിൽ രണ്ടാമതായി. പെൺകുട്ടികളുടെ ലോങ് ജംപിൽ തേവര എസ്എച്ച് സ്കൂൾ വിദ്യാർഥി അനു മാത്യു 5.57 മീറ്റർ ദൂരം ചാടിയാണു വെങ്കലം നേടിയത്. പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജി.വി. രാജയിലെ അതുല്യ പി. സജിക്കു വെള്ളി ലഭിച്ചു.