ന്യൂഡൽഹി ∙ അവസാന ലാപ്പിൽ കുതിച്ചോടിയ കേരളം ദേശീയ ജൂനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ 115 പോയിന്റുകളോടെ ഓവറോൾ ചാംപ്യൻമാർ. ആദ്യ മൂന്നു ദിവസവും കിതച്ച കേരളം ഇന്നലെ റിലേയിൽ ഉൾപ്പെടെ നേടിയതു മൂന്നു സ്വർണവും ഒരു വെള്ളിയും 4 വെങ്കലവും. മൊത്തം 5 സ്വർണവും 8 വെള്ളിയും ഉൾപ്പെടെ 18 മെഡൽ നേടിയാണു കേരളം കിരീടം നിലനിർത്തിയത്. 400 മീറ്റർ ആൺ, പെൺ വിഭാഗങ്ങളിൽ സി.ആർ. അബ്ദുൾ റസാഖ്, എ.എസ്. സാന്ദ്ര എന്നിവർ സ്വർണം കരസ്ഥമാക്കി. പെൺകുട്ടികളുടെ 4–400 മീറ്റർ റിലേയിലും കേരളം സ്വർണം നേടി. റിലേ ടീമിലും ഉൾപ്പെട്ട എ.എസ്. സാന്ദ്ര മൂന്നു മെഡൽ നേടി.
∙ പെൺകരുത്തിൽ കേരളം
109 പോയിന്റോടെ തമിഴ്നാടാണു മീറ്റിൽ രണ്ടാം സ്ഥാനത്ത്. 103 പോയിന്റു നേടിയ ഹരിയാന മൂന്നാമതും. കേരളം നേടിയ 115 പോയിന്റിൽ 75.5 പോയിന്റും പെൺകുട്ടികളുടെ സംഭാവന. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാമതുള്ള മഹാരാഷ്ട്രയ്ക്കു 65 പോയിന്റ്. തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാനയാണ് ഒന്നാമത്, 62 പോയിന്റ്. ഡൽഹി 57 പോയിന്റോടെ രണ്ടാമതും തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമതും. 39.5 പോയിന്റുമായി കേരളം അഞ്ചാമത്.
∙ സാന്ദ്രയുടെ ചിറകിൽ
മീറ്റിന്റെ അവസാന ദിനം കേരളത്തിനു പ്രതീക്ഷയുടെ ചിറകു നൽകിയതു തേവര എസ്എച്ച് സ്കൂളിലെ വിദ്യാർഥിനി എ.എസ്. സാന്ദ്ര. പെൺകുട്ടികളുടെ 400 മീറ്ററിൽ 56.07 സെക്കൻഡിൽ സാന്ദ്ര സ്വർണം നേടിയപ്പോൾ കേരളത്തിന്റെ തന്നെ ഗൗരി നന്ദന 57.07 സെക്കൻഡിൽ മൂന്നാം സ്ഥാനം നേടി. എറണാകുളം പെരുമാനൂർ സെന്റ് തോമസ് ജിഎച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണു ഗൗരി.
48.64 സെക്കൻഡിൽ അബ്ദുൽ റസാഖ് സ്വർണത്തിലെത്തി. പാലക്കാട് മാത്തൂർ സിഎഫ്ഡി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കർണാടകയുടെ മലയാളി താരം റിൻസ് ജോസഫ് നേരിയ വ്യത്യാസത്തിൽ രണ്ടാമതായി(48.67 സെക്കൻഡ്).
∙ റിലേയിലൂടെ കിരീടം
4–400 മീറ്റർ പെൺകുട്ടികവുടെ റിലേയിൽ മലപ്പുറം ഐഡിയൽ പബ്ലിക് സ്കൂളിലെ ലിഖ്ന, തിരുവനന്തപുരം സായി താരം പ്രസില്ല ഡാനിയൽ, ഗൗരിനന്ദന, എ.എസ്. സാന്ദ്ര എന്നിവരുടെ ടീം എതിരാളികളെ ദീർഘ ദൂരം പിന്നിലാക്കി സ്വർണം നേടി. മലയാളി അൻസു ജേക്കബും ഉൾപ്പെടുന്ന ഡൽഹി ടീം രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഡെന്നിത്ത് പോൾ ബിജു, ബി. ബിനോയ്, ജയദേവൻ, അബ്ദുൾ റസാഖ് എന്നിവരുടെ ടീം വെങ്കലവും നേടിയതോടെ കേരളം കിരീടം ഉറപ്പിച്ചു.
തമിഴ്നാടും ഡൽഹിയുമാണ് ഈ ഇനത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരള ടീം ക്യാപ്റ്റൻ കൂടിയായ കോതമംഗലം സെന്റ് ജോർജ് സ്കൂൾ വിദ്യാർഥി വി.കെ. മുഹമ്മദ് ലസാൻ വെള്ളി നേടിയപ്പോൾ(14.48 സെക്കൻഡ്) പാലക്കാട് ബിഎംഎച്ച്എസ്എസിലെ ആർ.കെ. സൂര്യജിത്ത്(14.63 സെക്കൻഡ്) മൂന്നാം സ്ഥാനം നേടി.