ഈ ക്രിസ്മസ് പാപ്പമാർ ആരെല്ലാം?

നീനയും ഭർത്താവ് പിന്റോയും

തിരുവനന്തപുരത്തെ പരിശീലനത്തിനു 2 ദിവസത്തെ അവധി കൊടുത്താണ് ഏഷ്യൻ ഗെയിംസ് ലോങ്ജംപ് മെഡൽ ജേതാവ് നീന പിന്റോയും ഭർത്താവ് പിന്റോ മാത്യുവും പാലാ കടനാട്ടെ പിന്റോയുടെ വീട്ടിലേക്കെത്തിയത്. ഇന്നലെ മൂന്നാറിൽ കറങ്ങി. ഇന്നു വീട്ടിൽ കുടുംബത്തോടൊപ്പം. നാളെ തിരികെ തിരുവനന്തപുരത്തേക്ക്.

നയന ജയിംസും ഭർത്താവ് കെവിൻ പീറ്ററും

വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണു രാജ്യാന്തര ലോങ്ജംപ് താരം നയന ജയിംസും ഭർത്താവ് എസ്ബിടിയുടെ ക്രിക്കറ്റ് താരം കെവിൻ പീറ്റർ ഓസ്കറും. പരിശീലനത്തിന് അവധി കൊടുത്ത് ആലപ്പുഴ തുമ്പോളിയിലെ കെവിന്റെ വീട്ടിൽനിന്ന് ഇരുവരും കഴിഞ്ഞ ദിവസം കോഴിക്കോട് ചക്കിട്ടപാറയിലെ നയനയുടെ ‘മാളിയേക്കൽ’ വീട്ടിലേക്കെത്തി. മാതാപിതാക്കളായ ഷാജുവിനും ടെസിക്കും സഹോദരൻ സച്ചിനുമൊപ്പം ഇന്നു സകുടുംബം ഹാപ്പി ക്രിസ്മസ്.

റിനോ ആന്റോയും ഭാര്യ ബഫീറയും മകൻ ലിയാൻഡ്രോയും

ബാംഗ്ലൂരിലെ വീട്ടിലാണു റിനോയും കുടുംബവും. ഇത്തവണത്തെ തിരുപ്പിറവിയും പുതുവർഷവും കൂടുതൽ സന്തോഷത്തോടെ ഇവർക്ക് ആഘോഷിക്കാം. കാരണം രണ്ടാമത്തെ കുട്ടിയുടെ പിറവിക്കു ദിവസങ്ങൾ മാത്രമാണു ബാക്കി.

എം. ശ്രീശങ്കർ

പരിശീലനം ഇപ്പോൾ സ്വന്തം നാടായ പാലക്കാട്ടായതിനാൽ ക്രിസ്മസ് ദിനത്തിലും ലോങ്ജംപ് ദേശീയ റെക്കോർഡുകാരൻ എം.ശ്രീശങ്കറിന് അവധിയില്ല. വൈകുന്നേരം പതിവു വർക്കൗട്ടിനു പോകണം. വീട്ടിൽ കേക്ക് മുറിക്കാനുള്ള അവകാശം അനിയത്തിക്കാണ്. ശ്രീപാർവതിയെന്ന പാറുക്കുട്ടിക്കൊപ്പം മറ്റൊരു ക്രിസ്മസ് കൂടി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണു ശ്രീയും മാതാപിതാക്കളായ എസ്.മുരളിയും ഇ.എസ്.ബിജിമോളും.

ജിൻസൻ ജോൺസൺ

എത്ര തിരക്കുപിടിച്ച പരിശീലനമാണെങ്കിലും ക്രിസ്മസ് ദിവസം ജിൻസൻ ജോൺസൺ ലോകത്തിന്റെ ഏതു കോണിൽനിന്നും കോഴിക്കോട് ചക്കിട്ടപാറയിലെ വീട്ടിലേക്കെത്തും. പിതാവ് കുളച്ചൽ ജോൺസണും അമ്മ ശൈലജയും ഒരുക്കുന്ന സ്നേഹക്കൂട്ടിലെ ‘ചിന്തൂട്ടനാ’യി ഇക്കൊല്ലവും ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് ചക്കിട്ടപാറയിൽ ഹാജരുണ്ട്.

സച്ചിൻ ബേബിയും ഭാര്യ അന്നയും മകൻ സ്റ്റീവ് സച്ചിനും

ഇത്തവണ പാലായിൽ അന്നയുടെ വീട്ടിലാണു സച്ചിന്റെ ക്രിസ്മസ് ആഘോഷം. സച്ചിന്റെ വീട്ടുകാർ ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം ഇവിടേക്ക് എത്തുന്നുണ്ട്.

പി.ആർ.ശ്രീജേഷും ഭാര്യ അനീഷ്യയും മക്കളായ അനുശ്രീ, ശ്രീആൻഷ് എന്നിവരും

ലോകകപ്പ് ഹോക്കിയുടെ തിരക്കൊക്കെ കഴിഞ്ഞ് കിഴക്കമ്പലത്തെ വീട്ടിലുണ്ട് ശ്രീജേഷും കുടുംബവും. എല്ലാം ക്രിസ്മസിനും ആഘോഷം ചെറുപ്പം മുതലുള്ള ചില കൂട്ടുകാർക്കൊപ്പമാണ്. ഇന്നും അവരിൽ നാട്ടിലുള്ളവരുടെ വീട്ടിൽ പോകാനാണു ശ്രീയുടെ പരിപാടി.