തിരുവനന്തപുരം ∙ മൈലം ജിവി രാജാ സ്കൂളിന് സ്പോർട്സ് സ്കൂളിനു പറ്റിയ ഘടന അല്ല ഉള്ളതെന്നും ജനറൽ സ്കൂളിനു ചേരുന്ന കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമേ ഉള്ളൂവെന്നും നിയമസഭാ സമിതിയുടെ വിലയിരുത്തൽ. 12.5 ഏക്കർ സ്ഥലത്തു നിർമിച്ചിരിക്കുന്ന ഈ സ്കൂളിനോടു ചേർന്ന് ഭൂമി ലഭിക്കാൻ ശ്രമിക്കണമെന്നും ഇല്ലെങ്കിൽ ഇവിടെ നിന്നു മാറ്റി 50 ഏക്കറെങ്കിലും ലഭിക്കുന്ന മറ്റൊരിടത്ത് സ്പോർട്സ് സ്കൂൾ ആരംഭിക്കണമെന്നും ടി.വി. രാജേഷ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സഭാ സമിതി ശുപാർശ ചെയ്യും. ഈ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതു വരെ സ്കൂളിനു വേണ്ട തസ്തികകളും ഉപകരണങ്ങളും ലഭ്യമാക്കാനും സമിതി നിർദേശിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിന്ന് കായിക വകുപ്പിനു കീഴിലേക്കു മാറുമ്പോൾ ഏകഭരണ സംവിധാനം സ്കൂളിൽ നടപ്പാകും. പരിശീലകരായി 20 പേരെങ്കിലും വേണമെന്നും ഹോസ്റ്റൽ വാർഡൻ, സെക്യൂരിറ്റി തസ്തികകളിൽ നിയമനം നടത്തണമെന്നും സമിതി നിർദേശിച്ചു. വിദ്യാർഥികളുടെ അലവൻസ് വർധിപ്പിക്കണമെന്നാണ് ശുപാർശ. മൂന്നു ലെയ്ൻ കളിമൺ ട്രാക്കാണ് ഇപ്പോൾ സ്കൂളിനുള്ളത്. എട്ടു ലെയ്ൻ സിന്തറ്റിക് ട്രാക്കും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി വികസനം സാധ്യമാവണമെങ്കിൽ 50 ഏക്കർ ഭൂമി വേണം. ഇവിടെ അതു സാധ്യമാവില്ലെങ്കിൽ മറ്റൊരിടത്തേക്ക് സ്കൂൾ മാറ്റുന്നതു പരിഗണിക്കണം.
ജിംനേഷ്യം, മെസ്സ്, സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി 50 ലക്ഷം രൂപ അടുത്തിടെ അനുവദിച്ചിട്ടുണ്ട്. ഈ സഹായം തുടർന്നും കായികവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് സമിതി ഉറപ്പുനൽകി. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും സമിതിക്കു മുമ്പാകെ അഭിപ്രായങ്ങളുമായി എത്തിയിരുന്നു. ടി.വി. രാജേഷിനൊപ്പം കെ.എസ്. ശബരീനാഥൻ, എം. സ്വരാജ്, ഐ.ബി. സതീഷ്, സ്പോർട്സ് ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവരും സമിതിയിൽ ഉണ്ട്.
ജിവി രാജാ സ്കൂൾ
കായികകേരളത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ രൂപവൽക്കരിച്ച ജസ്റ്റിസ് കൃഷ്ണയ്യർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1975ൽ ആരംഭിച്ചതാണ് ജിവി രാജാ സ്കൂൾ. കേരളത്തിന്റെ ആദ്യ സ്പോർട്സ് സ്കൂൾ. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെയുണ്ട്. മികച്ച കായികപരിശീലനം നൽകിവരുന്നു.