ജി.വി.രാജ എന്ന പേരിൽ മലയാളിക്കു ചിരപരിചിതനായ കേണൽ പി.ജി.ഗോദവർമ രാജ, ഏറ്റവും മോശമായ സ്വപ്നത്തിൽപോലും തന്റെ പേരിന് ഇത്തരമൊരു ദുര്യോഗം ഭാവിയിൽ ഉണ്ടാകുമെന്നു കരുതിക്കാണാൻ ഇടയില്ല. കായികകേരളത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുകയും കുളു താഴ്‌വരയിലെ വിമാനാപകടത്തിൽ ജീവൻ വെടിയുകയും ചെയ്ത ആ മഹാന്റെ പേര്, അടുത്ത കാലത്തായി വാർത്തകളിൽ സ്ഥലം പിടിക്കുന്നതു ഭക്ഷ്യവിഷബാധയോടു ബന്ധപ്പെട്ടാണ്. അത്രമാത്രം ആ പേരിനോടും ആ മഹദ് വ്യക്തിയോടും അനീതി ചെയ്തിരിക്കുന്നു തിരുവനന്തപുരം അരുവിക്കരയ്ക്കു സമീപം മൈലത്തുള്ള ജി.വി.രാജ ഗവ.സ്പോർട്സ് സ്കൂൾ.
ഈ സ്കൂളിന്റെ നാമം ഇപ്പോൾ ഉയരുന്നത് സ്കൂൾ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്കുണ്ടായ ഭക്ഷ്യവിഷബാധയുടെ പേരിൽ മാത്രമാണെന്നത് എത്ര ദയനീയമാണ്. കായികമികവിന്റെ ചുരുക്കം വാർത്തകൾപോലും ഈ മാനക്കേടിൽ മുങ്ങിപ്പോകുന്നു. ഹൈസ്കൂൾ – വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായുളള 390 കായികവിദ്യാർഥികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചതും പലവട്ടം ആവർത്തിക്കപ്പെട്ടതുമായ ഭക്ഷ്യവിഷബാധ, സ്കൂൾഭരണത്തിന്റെ തലപ്പത്തുള്ളവർ സ്വാർഥ താൽപര്യങ്ങൾക്കായി മനഃപൂർവം സൃഷ്ടിക്കുന്നതാണെന്ന പൊലീസിന്റെ കണ്ടെത്തൽ കേരളീയസമൂഹം അവിശ്വാസത്തോടെയും നടുക്കത്തോടെയുമാണു കേട്ടത്.
പ്രൈമറി വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിനു സംസ്ഥാന സർക്കാർ നൽകുന്നത് എട്ടു രൂപ മാത്രമാണെന്നിരിക്കെ, കായികവിദ്യാർഥികളുടെ ആരോഗ്യസംരക്ഷണത്തിനു മികച്ച ഭക്ഷണം അത്യാവശ്യമാണെന്നു മനസ്സിലാക്കി ജി.വി.രാജ സ്കൂളിലെ വിദ്യാർഥികൾക്കു പ്രതിദിനം നൽകുന്നത് ഒരാളിന് 200 രൂപയെന്ന മോശമല്ലാത്ത സംഖ്യയാണ്. ഈയിനത്തിൽ പ്രതിദിനം മുക്കാൽ ലക്ഷം രൂപയുടെ ഭക്ഷണം, ആ സ്കൂളിലെ കുട്ടികൾക്കു നന്നായി നൽകാൻ ചുമതലയുള്ള സ്ഥാപനത്തിൽ അതിൽനിന്നു വലിയൊരു ഭാഗം അപഹരിക്കപ്പെടുകയാണെന്നാണു വാർത്തകൾ. ബാക്കിതുകകൊണ്ടു കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തിലാണു മായം കലരുന്നതും കലർത്തുന്നതും കുട്ടികൾ ആശുപത്രിയിലാകുന്നതും വീണ്ടും തലക്കെട്ടുകളിലൂടെ ജി.വി.രാജയുടെ പേര് മോശമാകുന്നതും.
സ്കൂൾ ഭരണം കായികവകുപ്പ് ഏറ്റെടുത്തതു വലിയ മാറ്റങ്ങൾക്കു തുടക്കമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം കണ്ടുതുടങ്ങിയിട്ടില്ല. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വൻ മുന്നേറ്റമുണ്ടായതു കാണാതിരിക്കാനും പാടില്ല. സ്കൂൾ മെച്ചപ്പെടുത്താൻ സർക്കാർ അടുത്തിടെതന്നെ ചെലവഴിച്ചതു കോടികളാണ്. അതിന്റെ വിനിയോഗത്തിലും അഴിമതി കടന്നുകൂടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നതും ഖേദകരംതന്നെ. കായികപഠനത്തിനുള്ള പ്രത്യേക സ്കൂളാണെങ്കിലും മറ്റു സ്കൂളുകളിലേതു പോലുള്ള സാധാരണ വിദ്യാഭ്യാസ സിലബസിനോടൊപ്പം കടുത്ത കായിക പരിശീലനവും കൂടിക്കുഴയുന്നതിൽപെട്ടു വിദ്യാർഥികൾ നട്ടംതിരിയുകയാണെന്ന യാഥാർഥ്യവുമുണ്ട്. കൽപിത സർവകലാശാലകളിലേതു പോലെ പ്രത്യേക സിലബസ് കുട്ടികൾക്കു നൽകണം. അതു കായികപരിശീലനത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നതുമാകണം.
ഏറ്റവും മികച്ച കുട്ടികളിൽ എല്ലാവരും ഈ സ്കൂളിൽ പ്രവേശനം നേടുന്നു എന്നത് ഇനിയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പ്രവേശനം ലഭിക്കുന്നവർ ഭാവിയിൽ മൽസരങ്ങളിൽ പങ്കാളിത്തം നേടുന്നത് കായികമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമാവണം. അവസരങ്ങൾ നഷ്ടപ്പെടുമെന്ന പേടി മൂലം, പരിശീലകന്റെയും മേധാവിയുടെയും വഴിവിട്ട നടപടികൾക്കു കൂട്ടുനിൽക്കേണ്ടിവരുന്ന ഗതികേട് ഒരു കുട്ടിക്കും ഉണ്ടാകരുത്. സ്ഥാപനത്തിന്റെ പോരായ്മകൾ കണ്ടെത്താൻ വിദഗ്ധരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കുക എന്നതും സർക്കാർ പരിഗണിക്കണം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെപ്പോലെയൊരു പ്രഗത്ഭൻ അധ്യക്ഷനായ സമിതിയാണു സ്കൂളിന് തുടക്കമിട്ടതെന്ന് ഓർക്കേണ്ടതുണ്ട്.
ഷൈനി വിൽസനും കെ.എം.ബീനാമോളും പി.ആർ.ശ്രീജേഷും അടക്കം, കായികകേരളത്തിന്റെ പതാകവാഹകരായ ഒട്ടേറെപ്പേരെ കൈപിടിച്ചുയർത്തിയ ജി.വി.രാജ സ്കൂൾ അതിന്റെ സുവർണകാലം വീണ്ടെടുക്കേണ്ടതുണ്ട്. സ്കൂൾ ഹോസ്റ്റലിൽ കഴിയുന്ന കുട്ടികൾ സ്വന്തം വീട്ടിലേതിനെക്കാൾ സുരക്ഷിതരാണെന്ന ഉറപ്പിൽ ബന്ധുക്കൾ സമാധാനത്തോടെ കഴിയട്ടെ. സ്വന്തമാക്കുന്ന മെഡലുകളുടെയും ട്രോഫികളുടെയും പേരിലാവണം ജി.വി.രാജ സ്കൂൾ ഇനിയെന്നും വാർത്തകളിൽ സ്ഥാനംപിടിക്കേണ്ടത്.