മെക്സിക്കോയിലും ഹാമിൽട്ടൻ; റോസ്ബർഗിന്റെ ജയം നീളും

വിജയാഘോഷത്തിൽ ലൂയിസ് ഹാമിൽട്ടൻ.

മെക്സിക്കോ സിറ്റി ∙ നിക്കോ റോസ്ബർഗിന്റെ ഫോർമുല വൺ കിരീടധാരണം അടുത്ത വേദികളിലേക്കു നീട്ടി മെക്സിക്കൻ ഗ്രാൻപ്രിയിൽ ലൂയിസ്‍ ഹാമിൽട്ടനു ജയം. ഫോർമുല വൺ കരിയറിലെ 51–ാം ജയം നേടിയ ഹാമിൽട്ടൻ ഏറ്റവും കൂടുതൽ വിജയം നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതി അലൈൻ പ്രോസ്റ്റുമായി പങ്കിട്ടു.

മൈക്കൽ ഷൂമാക്കറാണ് ഒന്നാമത്. മെക്സിക്കോയിൽ രണ്ടാമതെത്തിയ റോസ്ബർഗ് തന്നെയാണ് ചാംപ്യൻഷിപ്പിൽ മുന്നിൽ. ഹാമിൽട്ടനേക്കാൾ 19 പോയിന്റ് മുന്നിലാണ് റോസ്ബർഗ്. ബ്രസീലിൽ ഒന്നാമനായാൽ റോസ്ബർഗ് ചാംപ്യനാകും. അവസാന മൂന്നു മൽസരത്തിലും രണ്ടാം സ്ഥാനം കിട്ടിയാലും ചാംപ്യനാകാമെന്നതിനാൽ റോസ്ബർഗ് മെക്സിക്കോയിൽ സാഹസിക നീക്കങ്ങൾക്കു മുതിർന്നില്ല.

മൂന്നാം സ്ഥാനക്കാരനായി മൽസരം പൂർത്തിയാക്കിയ മാക്സ് വെസ്തപ്പൻ പോഡിയത്തിലേക്കു നീങ്ങുമ്പോഴാണ് അഞ്ചു സെക്കൻഡ് പെനൽറ്റി വിധിക്കപ്പെട്ടു പിന്തള്ളപ്പെട്ടത്. അതോടെ ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ പോഡിയം കയറി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വെറ്റലിനും പിഴ വീണു. അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. മൽസരത്തിൽ റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡോ മൂന്നാം സ്ഥാനം നേടി.