Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലായിൽ കേരളത്തിന്റെ നീന്തൽതോപ്പ്

Author Details
thoppans-swimming-accademy പാലാ തോപ്പൻസ് അക്കാദമി താരങ്ങളുടെ നീന്തൽ പരിശീലനം അണ്ടർവാട്ടർ ക്യാമറ ഉപയോഗിച്ച് പകർത്തിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

കോട്ടയം ∙ റബറിൽനിന്നു മാത്രമല്ല, നീന്തൽക്കുളത്തിൽ നിന്നും പൊന്നു വിളയിച്ചവരാണ് പാലാക്കാർ. വിൽസൺ ചെറിയാനും ടി.ജെ. ജേക്കബുമുൾപ്പെടെ പാലായുടെ താരങ്ങൾ ദേശീയ, രാജ്യാന്തര നീന്തൽ മൽസരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയത് എൺപതുകളിൽ. സെന്റ് തോമസ് കോളജും പാലായുടെ ഓരം പറ്റിയൊഴുകുന്ന മീനച്ചിലാറും ആ സ്വർണക്കുതിപ്പിന് കരുത്തേകി. എന്നാൽ, തൊണ്ണൂറുകളിൽ പാലായുടെ പ്രതാപം മങ്ങിത്തുടങ്ങിയത് ദേശീയ മൽസരങ്ങളിൽ കേരളത്തിന്റെ മെഡൽ സാധ്യതകളെ പിന്നോ‌ട്ടടിച്ചു. ഇടക്കാലത്ത് മുങ്ങിപ്പോയ പാലായുടെ നീന്തൽ പാരമ്പര്യത്തെ തിരിച്ചുപിടിക്കുകയാണ് രണ്ടു പതിറ്റാണ്ടു മുൻപ് ഇവിടെ ‌പ്രവർത്തനമാരംഭിച്ച തോപ്പൻസ് നീന്തൽ അക്കാദമി. പാലായിലെ പ്രഫഷനൽ നീന്തൽ താരങ്ങളുടെ അഭാവം നികത്താനായെന്നതാണ് ഇവരുടെ പ്രധാനനേട്ടം.

നീന്തൽ താരമായിരുന്ന മാത്യു ജോസഫാണ് 1998ൽ പാലാ മുത്തോലിക്കടുത്ത് നീന്തൽ കുളം നിർമിച്ചത്. അധ്യാപകരായ മാതാപിതാക്കൾ, ടി.കെ.ജോസഫും ഭാര്യ ശോശാമ്മയും മകന് പിന്തുണ നൽകി. അധികം വൈകാതെ ഇവിടെ കുട്ടികൾക്കു പരിശീലനം നൽകിത്തുടങ്ങി. തോപ്പൻസ് സ്വിമ്മിങ് അക്കാദമിയുടെ തുടക്കം ഇങ്ങനെയായിരുന്നു.. വളർച്ച പെട്ടെന്നായിരുന്നു. ജില്ലാതല മൽസരങ്ങളിൽ തുടങ്ങി സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിൽ വരെ തോപ്പൻസ് അക്കാദമിയുടെ താരങ്ങൾ മൽസരിച്ചു. സാഫ് ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയ സുമി സിറിയക്, ലോക സ്കൂൾ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോണി സിറിയക് തുടങ്ങിയവർ ഇവി‌ടെ നീന്തൽ പഠിച്ചവരാണ്. ഇപ്പോൾ ജൂനിയർ താരങ്ങൾക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. ഇത്തവണത്തെ സംസ്ഥാന അക്വാട്ടിക് മീറ്റിൽ മൂന്നു സ്വർണവും 50 മീറ്റർ ബാക്സ്ട്രോക്കിൽ സംസ്ഥാന റെക്കോർഡും സ്വന്തമാക്കിയ സാനിയ സജി തോപ്പൻസിലെ താരമാണ്. മൃദുല കെ. ജിതേഷ് 400 മീറ്റർ ഫ്രീസ്റ്റൈലിലും അമൃത എലൈൻ ബേബി 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ്.

തോപ്പൻസ് അക്കാദമി എല്ലാ വർഷവും നടത്തുന്ന അനു മെമ്മോറിയൽ ജൂനിയർ അക്വാട്ടിക് ചാംപ്യൻഷിപ്പിൽ പ്രഗത്ഭരായ താരങ്ങൾ പങ്കെടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളിൽ തോപ്പൻസ് അക്കാദമി സ്ഥിരം സാന്നിധ്യമാണ്. കോട്ടയം ജില്ലാ ജൂനിയർ ടീം ഭൂരിഭാഗവും തോപ്പൻസ് അക്കാദമിയിലെ താരങ്ങളാണ്. ആലപ്പുഴയിൽ നടന്ന സംസ്ഥാന വാട്ടർപോളോ മീറ്റിൽ മൂന്നാം സ്ഥാനം കോട്ടയത്തിനായിരുന്നു. ജില്ലാതല മൽസരങ്ങളെല്ലാം നടക്കുന്നതും ഇവിടെത്തന്നെ. മാത്യു ജോസഫാണ് അക്കാദമിയുടെ ഡയറക്ടർ. ഏഴു വർഷം കേരള സ്പോർട്സ് കൗൺസിലിന്റെ സ്വിമ്മിങ് കോച്ചായിരുന്ന ജോയ് ജോസഫ് തോപ്പനാണ് മുഖ്യ പരിശീലകൻ. ബിനുരാജ് സഹപരിശീലകനായി പ്രവർത്തിക്കുന്നു.