എതിരാളികളില്ലാതെ അമേരിക്ക; ട്രംപ് ചിറകിലേറി കുതിപ്പ്

ട്രംപിനെ ചീത്ത പറയാനേ നേരമുള്ളു, നാട്ടിലും അമേരിക്കയിലുമുള്ള മലയാളികൾക്ക്. ആരെയെങ്കിലും എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കണം, നേരിട്ടായാലും സോഷ്യൽമീഡിയയിൽ കള്ളപ്പേരിലായാലും– അതിനു ട്രംപ് എങ്കിൽ ട്രംപ് എന്നല്ലാതെ കാര്യമൊന്നുമുണ്ടായിട്ടല്ല. ട്രംപ് നമ്മുടെ പ്രസിഡന്റല്ല, അമേരിക്കയുടെ പ്രസിഡന്റാണേ. അവർക്കു ട്രംപിനെക്കൊണ്ടു ഗുണമുണ്ടാകുന്നുമുണ്ട്. ഡോളർ കേറുന്നതു കണ്ടില്ലേ?

അമേരിക്കൻ സമ്പദ് വ്യവസ്ഥ 4.2% വളർച്ച നിരക്കിൽ കുതിക്കുകയാണ് കഴിഞ്ഞ രണ്ടു ത്രൈമാസങ്ങളിലായി. നമ്മുടെ ജിഡിപി 2.6 ലക്ഷം കോടി ഡോളറാണെങ്കിൽ അമേരിക്കൻ ജിഡിപി 19 ലക്ഷം കോടി ഡോളറാണ്. ലോകത്തിലെ ഏറ്റവും വലുത്. അതാണു നാലു ശതമാനത്തിലേറെ വളരുന്നത്. തൊഴിലില്ലായ്മ തീരെ കുറഞ്ഞിരിക്കുന്നു. പെട്രോളിയം വില കേറിയതോടെ ടെക്സസിലെ എണ്ണക്കമ്പനികൾ ഉണർന്നു. ഷെയ്ൽ ഗ്യാസിനും ഡിമാൻഡായി. ആകപ്പാടെ ബൂം ടൈമാണ് അമേരിക്കയിൽ.

കോർപ്പറേറ്റ് നികുതികൾ ട്രംപ് കുറച്ചു. നേരത്തേ 31 ശതമാനത്തിലേറെയുണ്ടായിരുന്ന നികുതി ഇപ്പോൾ കുറഞ്ഞ് 20 ശതമാനത്തിൽ താഴെയായി. വിദേശ ഇറക്കുമതികൾക്ക് ചുങ്കം കൂട്ടി. ചൈനയുമായി ട്രേഡ് യുദ്ധം നടത്തുന്നെങ്കിൽ അതുകൊണ്ടു യുഎസിനു ഗുണമേയുള്ളു. സ്റ്റീലിനും മറ്റും ഇറക്കുമതി ചുങ്കം കൂട്ടിയതോടെ അമേരിക്കയിലെ സ്റ്റീൽ കമ്പനികൾ രക്ഷപ്പെട്ടു. അതിനിടെ ഹൈലൻഡ് പാർക്ക് എന്നൊരു ചെറിയ പട്ടണത്തെ രക്ഷപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്ന കഥയുണ്ട്.

മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് നഗരത്തിന്റെ ഭാഗമാണ് ഹൈലൻഡ് പാർക്ക്. പണ്ടെന്നോ ഫോർഡ് കാറിന്റെ പ്ളാന്റ് ഉണ്ടായിരുന്നു. ക്രൈസ്‌ലർ മോട്ടോഴ്സിന്റെ ആസ്ഥാനമായിരുന്നു. പക്ഷേ തൊണ്ണൂറുകളിൽ ക്രൈസ്‌ലർ കമ്പനി അവരുടെ ആസ്ഥാനം മറ്റൊരിടത്തേക്കു മാറ്റി. ജാപ്പനീസ് കാറുകൾ വന്നു കുമിഞ്ഞതോടെ അമേരിക്കയുടെ വാഹന വ്യവസായം തകർന്നു. അതിന്റെ സിരാകേന്ദ്രമായിരുന്ന ഡെട്രോയിറ്റ് നശിച്ച നഗരമാണ്. ഹൈലൻഡ് പാർക്കിൽ നിന്ന് സർവരും വീടും ഫ്ളാറ്റുമൊക്കെ ഉപേക്ഷിച്ചു പോയി. വിൽക്കാമെന്നു വച്ചാൽ വാങ്ങാനാളു വേണ്ടേ? സ്കൂളുകളും ഹോട്ടലുകളും ആശുപത്രികളുമെല്ലാം പൂട്ടി.

ടൊയോട്ടയോട് അവിടെയൊരു പ്ളാന്റ് സ്ഥാപിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. അഞ്ചു വർഷത്തേക്ക് കോർപ്പറേറ്റ് നികുതി സൗജന്യം. ടൊയോട്ട ഹൈലൻഡ് പാർക്കിൽ സ്ഥലം വാങ്ങിയ വാർത്ത കേട്ടതോടെ നഗരത്തിനു ജീവൻ വീണു.

ഉടമകൾ ഉപേക്ഷിച്ചു പോയ വീടുകൾ അവിടത്തെ നഗരസഭ ലേലം ചെയ്തിരുന്നു. വെറും ഒരു ഡോളറിന് വീടുകൾ ലേലം പിടിച്ചവരുണ്ട്. പക്ഷേ വീട് വാങ്ങിയാൽ വേറേ ചെലവുകളുണ്ട്. നമ്മുടെ നാട്ടിലെ പോലെ കാടുപിടിച്ചു കിടക്കാൻ പാടില്ല. പുൽത്തകിടി വെട്ടി നിർത്തണം. വീട് പെയിന്റടിച്ച് പുത്തൻ പോലിരിക്കണം. ലൈറ്റിടണം. അതിനൊക്കെ ചെലവുണ്ട്. അതുകൊണ്ടാണ് വെറുതേ കൊടുക്കാമെന്നു പറഞ്ഞാലും ആരും എടുക്കാത്തത്. 

ഒരു ഡോളറിനു വിറ്റ ഫ്ളാറ്റുകളുടെ സമുച്ചയം ഒരു മലയാളി വാങ്ങിയിരുന്നു. 180 ഫ്ളാറ്റുകളുണ്ട്. പക്ഷേ ടൊയോട്ട വരുമെന്നു കേട്ടതോടെ ഒരു ഡോളറിനു വാങ്ങിയതിന് അരലക്ഷം ഡോളറിലേറെ വിലയായി. ചുളുവിൽ കാശുണ്ടാക്കാൻ നോക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപകർ അങ്ങോട്ടു വരുന്നു. നമ്മുടെ മലയാളി നിക്ഷേപകനു കോളടിച്ചില്ലേ? ടൊയോട്ട സ്ഥലം വാങ്ങിയപ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ ഫാക്ടറി വന്നാലത്തെ സ്ഥിതിയോ? നന്ദി ട്രംപിനോടു താൻ ചൊല്ലേണ്ടു.

ഒടുവിലാൻ ∙ ന്യൂയോർക്കിന്റെ പിന്നാമ്പുറത്തെ ബ്രൂക്ക്‌ലിൻ നഗരം രക്ഷപ്പെട്ടതിന് റൂഡി ജൂലിയാനി എന്ന മേയറോടാണു നന്ദി പറയേണ്ടത്. ക്രമിനൽ വിളയാട്ടം മൂലം ജനം ഒഴിഞ്ഞു പോയിരുന്നു. ക്രിമിനലുകളെ വെടിവച്ചുകൊന്ന് ക്ളീനാക്കി. മോശം കാലത്ത് കാൽലക്ഷം ഡോളറിന് അവിടെ വീട് വാങ്ങിയവർക്ക് ഇന്ന് രണ്ടരലക്ഷം ഡോളർ വരെ കിട്ടുന്നു.