പകർച്ച എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇന്നു സകലരും ഹോട്ടലുകളിൽ നിന്നു പാഴ്സൽ വാങ്ങുന്നുണ്ട്. ഊണാവാം, കഞ്ഞിയാവാം, ചൈനീസ്– അറബിക് വിഭവങ്ങളാവാം. പണ്ട് പാഴ്സലിനെയാണു പകർച്ച എന്നു വിളിച്ചിരുന്നത്. ഇന്നത്തെ പോലെ പ്രത്യേകപേപ്പറൊന്നുമില്ല. വാഴയിലയിൽ പൊതിഞ്ഞ് പത്രക്കടലാസിൽ നൂലുകൊണ്ടു പൊതികെട്ടി കൊണ്ടു വരും. ഒരാൾക്ക് ഊണ് പകർച്ച പറഞ്ഞാൽ രണ്ടു പേർക്കു കഴിക്കാം.
മലയാളത്തിൽ മറ്റു പല നാടൻ വാക്കുകളെയും പോലെ പകർച്ചയും ആരും ഉപയോഗിക്കാതായെന്നേയുള്ളു, പക്ഷേ പകർച്ച പൂർവാധികം ശക്തിയായി തുടരുന്നു. എന്നു മാത്രമല്ല എന്തു സാധനവും എത്തിച്ചുകൊടുക്കൽ അഥവാ ഡെലിവറി വൻ ബിസിനസായി. ലക്ഷങ്ങൾക്കു തൊഴിലും മാന്യമായ ശമ്പളവും കിട്ടുന്ന ബിസിനസ്. ഹോംഡെലിവറിയിൽ നിന്നു മാറി നിന്നാൽ കച്ചവടം പൊട്ടിപ്പോകുമെന്നുമായി. ഹോംഡെലിവറി നടത്തിയാലോ, വച്ചടി കേറും.
പഴയ കാലത്ത് ഫ്രിജും ടിവിയും വാങ്ങിയാൽ സ്വയം കൊണ്ടു പോകാനേ പറ്റൂ. കാളവണ്ടിയോ പെട്ടി ഓട്ടോയോ ഏതാന്നു വച്ചാൽ. ബിൽ തന്ന് കാശു വാങ്ങുന്നതോടെ കടക്കാരന്റെ പണി കഴിഞ്ഞു. ഇന്ന് ഏതു കൊച്ചു കടക്കാരനും ഏതു മുടിക്കിലെയും വീട്ടിൽ സാധനം കൊണ്ടു തരും. അതു കടക്കാർ തന്നെ സ്വയം ഏർപ്പെടുത്തിയിട്ടുള്ള ഡെലിവറി സംവിധാനമാണ്.
അതും കടന്നിട്ട് ഡെലിവറിക്കു വേറേ കമ്പനി അതും ഡിജിറ്റൽ എന്ന സ്ഥിതിയായി. ഡെലിവറി തന്നെ വൻ ബിസിനസായി. ചെറുപ്പക്കാർക്ക് ഈസിയായി തൊഴിൽ കിട്ടുന്ന ബിസിനസ്. ഇതിന് മെട്രോ നഗരമെന്നോ കുഗ്രാമമെന്നോ വ്യത്യാസമില്ലെന്ന സ്ഥിതിയാണ്. ഓൺലൈൻ ഡെലിവറിയാണോ ഏതു കാട്ടുമുക്കിലും തങ്ങൾ എത്തുമെന്നാണ് അത്തരം കമ്പനികളുടെ അവകാശവാദം. ആമസോൺ കാണിച്ചു കൊടുത്ത വഴിയിലൂടെ ഫ്ലിപ്കാർട്ടും മറ്റു പല കാർട്ടുകളും ഓടുന്നു. മുതുകത്ത് വലിയൊരു ബാഗും തൂക്കി പയ്യൻമാർ ബൈക്കുകളിൽ പായുന്നു. മാസം 20000–40000 രൂപ വരെ വരുമാനം കിട്ടാം. ശതകോടികളായി വെഞ്ച്വർ കാപിറ്റൽ വന്നു മറിയുന്ന ആഗോള കമ്പനികളുടെ കളിയാണേ. ഇന്ത്യ മുഴുവൻ ഈ പരിപാടിയുണ്ട്.
ഈ കച്ചവടം പുഷ്കലമായപ്പോഴാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ളാറ്റ്ഫോമുകൾ വന്നത്. ഇംഗ്ലിഷ് കേട്ടു പേടിക്കേണ്ട. സംഗതി പഴയ പകർച്ച തന്നെയാണ്. കഞ്ഞിയും കപ്പയും മുതൽ കെന്റക്കി വരെ വീട്ടിൽ കൊണ്ടു തരും. ബില്ലിൽനിന്നു ഹോട്ടൽ കൊടുക്കുന്ന ഡിസ്ക്കൗണ്ടാണു വരുമാനം. പക്ഷേ അത്തരം വരുമാനം ഇത്തരം കമ്പനികൾക്കു ചീളാണ്. ബില്യണുകളായി വന്നു മറിയുന്ന വെഞ്ച്വർ കാപിറ്റൽ മാത്രം മതി അവർക്ക്. ഓരോ പുതിയ ഇടപാടുകാരനും വരുമ്പോൾ അവരുടെ മാർക്കറ്റ് ക്യാപ് (ഓഹരികളുടെ വിപണി മൂല്യം.) കൂടുന്നു. ശകലം ഓഹരി വിറ്റാൽ മതി നിക്ഷേപകർക്കു കോടികൾ ലാഭം കിട്ടും.
അപ്പോൾ നമ്മുടെ പിള്ളാർക്കു കോളാണ്. ലോഗിൻ ചെയ്യുക, രണ്ടു ഡെലിവറി നടത്തുക. ലോഗ് ഓഫ് ചെയ്തിട്ട് വിശ്രമിക്കുകയോ, വേറേ പണിക്കു പോവുകയോ. സ്ഥിരം ജോലിയുള്ളവരും ഇതൊരു പാർട് ടൈം പരിപാടിയായി കൊണ്ടു നടക്കുന്നു.
ഹോട്ടലുകൾക്കോ? അവിടെയാണ് അത്ഭുതം. എത്ര ഉണ്ടാക്കിയാലും ചെലവാകുന്നത്രേ. ഹോട്ടലിൽ വലിയ തിരക്കു കാണില്ല, പക്ഷേ പകർച്ചകൾ പൊയ്ക്കൊണ്ടിരിക്കും.
ഒടുവിലാൻ ∙ പകർച്ചയിൽ നിന്നു നാലു കാശുണ്ടാക്കാൻ വേറൊരു വഴിയും തെളിഞ്ഞിട്ടുണ്ട്. ഭക്ഷണം പൊതിയാനുള്ള സാധനങ്ങൾ. പീറ്റ്സ കാർട്ടണും ഡബ്ബകളും ഡപ്പികളും കരണ്ടിയും കൊരണ്ടിയും...