Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റാന്വേഷണം: നുണപരിശോധനയിലെ കൗതുകങ്ങൾ

ജിജോ
Detection

ഇന്നും ഇന്നലെയും തുടങ്ങിയതല്ല നുണ പരിശോധന (പോളിഗ്രാഫ്). പണ്ടൊക്കെ അതൊരു മഹാ തട്ടിപ്പായിരുന്നു. ഭരണാധികാരിക്കു വേണ്ടപ്പെട്ടവരാണെങ്കിൽ നുണ പറഞ്ഞാലും അവരെ സംരക്ഷിക്കും. വെറുക്കപ്പെട്ടവരാണെങ്കിൽ സത്യം പറഞ്ഞാലും അവരെ ശിക്ഷിക്കുകയും ചെയ്യും. വേണ്ടപ്പെട്ടവന്റെ വാക്കുകളിൽ പടയാളികൾ സംശയം പ്രകടിപ്പിച്ചാൽ രാജാവ് കൽപ്പിക്കും ‘ ഇവർ പറയുന്ന കാര്യങ്ങൾ മുഴുവൻ ഓലയിൽ എഴുതി അവന്റെ അരയിൽ കെട്ടിവച്ച് തൂക്കം എടുക്കുക.’’ (എണ്ണ പുരട്ടി ആവിയിൽ വാട്ടി ഉണക്കിയ പനയോലയാണ് മൊഴി എഴുതാൻ ഉപയോഗിച്ചിരുന്നത്). ഇങ്ങനെ അരയിൽ ഓല കെട്ടിയ ശേഷം ആ മനുഷ്യന്റെ തൂക്കം എടുത്തു രേഖപ്പെടുത്തി വയ്ക്കും. 

എന്നിട്ട് അരയിൽ നിന്ന് ഓല അഴിച്ചു മാറ്റി വീണ്ടും തൂക്കം രേഖപ്പെടുത്തും. തൂക്കത്തിൽ വ്യത്യാസം വന്നില്ലെങ്കിൽ അയാൾ നുണ പറഞ്ഞിട്ടില്ലെന്നു വിധിക്കും. പറഞ്ഞെഴുതിയതു നുണയാണെങ്കിൽ നുണയുടെ ‘ഭാരം’ ഓലയ്ക്കുണ്ടാവും. അത് അഴിച്ചുമാറ്റി തൂക്കമെടുക്കുമ്പോൾ ആളുടെ ഭാരം കുറയുമെന്നാണു പാവം പ്രജകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. 

ഇനി, വെറുക്കപ്പെട്ടവന്റെ വാക്കുകളെയാണു നുണപരിശോധനയ്ക്കു വിധേയമാക്കുന്നതെങ്കിൽ സംഗതി മൊത്തം മാറും. 

അപ്പോൾ കൽപ്പന ഇങ്ങനെയാവും ‘‘ഇവൻ പറയുന്ന കാര്യങ്ങൾ മുഴുവൻ ഓലയിൽ എഴുതി കയ്യിൽ കെട്ടി ആ കൈ തിളച്ച എണ്ണയിൽ മുക്കുക.’’ ഓലയിൽ എഴുതിയതു സത്യമാണെങ്കിൽ തിളച്ച എണ്ണയിൽ മുക്കിയാലും കൈ പൊള്ളില്ലത്രേ!! എന്തു പറയാനാണ്? പലരും ഇതെല്ലാം അതേപടി വിശ്വസിച്ചിരുന്നു. 

ഇന്നു കഥ മാറി, കാര്യങ്ങൾ ശാസ്ത്രീയമായി. പോളിഗ്രാഫ് പരിശോധന കുറ്റാന്വേഷണത്തിനുള്ള ഉപകരണമെന്ന നിലയിൽ കോടതികളും അംഗീകരിച്ചു. വിരലടയാളവും പോസ്റ്റ്മോർട്ടവും കഴിഞ്ഞാണു ഫൊറൻസിക് പരിശോധനകളുടെ നിരയിലേക്കു പോളിഗ്രാഫ് കടന്നുവന്നത്. ഇതിന്റെ തുടർച്ചയായി നാർക്കോ അനാലിസിസ്, ബ്രെയിൻമാപ്പിങ്, ഡിഎൻഎ പരിശോധനകളും ആധുനിക ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ ഭാഗമായി. കുറ്റാന്വേഷകന്റെ ചോദ്യത്തോട്, ഒരാൾ ബോധപൂർവം കള്ളം പറയുമ്പോൾ അയാളുടെ ശരീരത്തിലുണ്ടാവുന്ന നേരിയ വ്യതിയാനങ്ങൾ പോലും കംപ്യൂട്ടറിന്റെ സഹായത്തോടെ കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനമാണു പോളിഗ്രാഫ്. ഒരാൾ നുണ പറയുമ്പോൾ അയാളുടെ സ്വാഭാവിക ജൈവ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നത് ഇവയിലാണ്: 

∙ ശ്വാസോച്ഛ്വാസം 

∙ രക്തസമ്മർദം 

∙ നാഡീ സ്പന്ദനം (പൾസ്) 

∙ വിയർപ്പിന്റെ തോത് 

∙ പേശീ സങ്കോചം 

ഇവ കൃത്യമായി രേഖപ്പെടുത്തിയാണു പോളിഗ്രാഫ് പരിശോധനയിലൂടെ ഒരാൾ പറയുന്നതു സത്യമാണോ കള്ളമാണോയെന്നു തിരിച്ചറിയാൻ ശ്രമിക്കുന്നത്. ശരീരത്തിന്റെ ഉപരിതലത്തിലൂടെ ചെറിയ അളവിൽ വൈദ്യുതി പ്രവഹിപ്പിച്ചാണു വിയർപ്പിന്റെ തോത് അളക്കുന്നത്. തൊലിപ്പുറം വിയർത്തു നനവ് അനുഭവപ്പെടുമ്പോൾ വൈദ്യുതി പ്രവാഹത്തിന്റെ വേഗം വർധിക്കും. ഇതു കൃത്യമായി അളക്കാനുള്ള യന്ത്ര സംവിധാനങ്ങൾ ലാബിൽ ഒരുക്കും. ശിരസ്, നെഞ്ച്, വിരലുകൾ, മുതുക് എന്നീ ശരീരഭാഗങ്ങളാണു കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്. ആധുന‍ിക കുറ്റാന്വേഷണത്തിന്റെ വളർച്ചയിൽ 1921 മുതൽ പോളിഗ്രാഫ് അതിന്റെ പ്രാകൃതമായ അവസ്ഥയിൽ പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്. നിയമപരമായി ഒരു ഫൊറൻസിക് പരിശോധനയും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടോ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലോ നിർവഹിക്കാൻ പാടില്ല. പരിശോധനയ്ക്കു വിധേയനാവേണ്ട വ്യക്തിയോടു ചോദിക്കേണ്ട ചോദ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ എഴുതി ഫൊറൻസിക് വിദഗ്ധനെ ഏൽപ്പിക്കണം. 

പ്രതിയെ മാത്രമല്ല പൊലീസ് നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്. പ്രതി, സാക്ഷി, ഇര ഇവരിൽ ആരു നുണ പറയുന്നതായി സംശയം തോന്നിയാലും പരിശോധനയ്ക്കു വിധേയമാക്കാം. പക്ഷേ, പരിശോധനയ്ക്കു വിധേയരാവേണ്ടവർ കോടതി മുൻപാകെ അതിനുള്ള സമ്മതം രേഖാമൂലം നൽകിയാൽ മാത്രമേ പൊലീസിനു തുടർനടപടി സ്വീകരിക്കാൻ കഴിയൂ. സംശയിക്കപ്പെടുന്നവർ നുണപരിശോധനയ്ക്കു സമ്മതിക്കാത്ത ഒരുപാടു സന്ദർഭങ്ങളുണ്ട്. ഇത്തരം ഘട്ടത്തിൽ പൊലീസ് നിസഹായരാണ്. കുമ്പളം കായലിൽ വീപ്പയ്ക്കുള്ളിൽ മൃതദേഹം ഒളിപ്പിച്ചു കോൺക്രീറ്റ് ചെയ്തു കായലിൽ തള്ളിയ കേസാണ് ഇതിന് ഉദാഹരണം. സംഭവത്തിൽ കൊല്ലപ്പെട്ട ചോറ്റാനിക്കര സ്വദേശി ശകുന്തളയുടെ മകളുടെ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. അവരെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ അന്വേഷണ സംഘം ഒരുങ്ങി. പക്ഷേ, മകൾ അതിനു സമ്മതിച്ചില്ല. 

‘പഠിച്ച’കള്ളന്മാർ പോളിഗ്രാഫിനെയും കബളിപ്പിക്കുന്ന അനുഭവങ്ങളും പൊലീസ് രേഖകളിലുണ്ട്. കൊടുംകുറ്റവാളിയായ ചാൾസ് ശോഭരാജ് പോളിഗ്രാഫ് യന്ത്രങ്ങളെ പല തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. അത്രയ്ക്കു തന്മയത്വത്തോടെ ചിലർ കള്ളംപറയും. പറയുന്നത് അവർ തന്നെ സ്വയം വിശ്വസിക്കുന്ന തരത്തിൽ മനസ്സിനെ പറഞ്ഞു പരുവപ്പെടുത്തുന്ന (സെൽഫ് ഹിപ്നോസിസ്) മനഃശാസ്ത്ര തന്ത്രങ്ങൾ അതിബുദ്ധിയുള്ള ക്രിമിനലുകൾ പയറ്റാറുണ്ട്. അതുപോലെ തന്നെയാണു അമിത ഭയാശങ്കയോടെ പോളിഗ്രാഫിനു വിധേയരാവുന്ന പാവങ്ങളും. അവർ സത്യം പറയുമ്പോളും കള്ളം പറയുന്നതിനു സമാനമായ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കും. ഇതെല്ലാം കൊണ്ടാണു നുണപരിശോധനയെ അന്വേഷണ ഉദ്യോഗസ്ഥർ അവസാന ആയുധമായി പ്രയോഗിക്കാത്തത്. നുണപരിശോധനയിൽ പരാജയപ്പെടുന്ന പ്രതികളെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ സമ്മർദത്തിലാക്കി സത്യം പറയിപ്പിക്കാൻ പൊലീസിനു കഴിയും. നുണപരിശോധനയിൽ പരാജയപ്പെട്ടയാളുകൾ വിചാരണയിൽ നിരപരാധികളെന്നു കോടതിക്കു ബോധ്യപ്പെടുന്ന സന്ദർഭങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

related stories