Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയാകുന്ന കാന്തി 

ദേവി .ജെ. എസ്‌
Column

ഈയിടെ ഒരു  നാട്ടിൻപുറത്തുകാരിയെ പരിചയപ്പെട്ടു .നന്മകളാൽ സമൃദ്ധം എന്നു ഞാനങ്ങു മാർക്കിട്ടു .പക്ഷെ അടുത്ത് പരിചയപ്പെട്ടപ്പോഴല്ലേ തിരിഞ്ഞത്, മാർക്ക് വെറും പൂജ്യം .നന്മകൾക്ക് നാട്ടിൻ പുറമെന്നോ നഗരമെന്നോ ഒന്നുമില്ല.നന്മയും തിന്മയും എല്ലായിടത്തുമുണ്ട്. വേർതിരിച്ചറിയണമെന്നു മാത്രം .നഗരത്തിൽ ജനിച്ച് നഗരത്തിൽ വളർന്ന് ഇന്നും നഗരത്തിൽ തന്നെ വസിക്കുന്ന  എത്രയോ നന്മനിറഞ്ഞവർ എനിക്ക് ചുറ്റുമുണ്ട്  .നാട്യങ്ങളേയില്ലാത്തവർ. തികച്ചും വിശാലഹൃദയർ. കരുണ നിറഞ്ഞവർ. (ഞാനും അതിലൊന്ന് തന്നെ ) നാട്യപ്രധാനമായതു കൊണ്ട് ഞങ്ങൾ ദരിദ്രരോന്നുമല്ല.

എന്റെയീ പുതിയ നാട്ടിന്പുറത്തുകാരി തികച്ചും സങ്കുചിത മനസ്സുകാരി (narrow minded ) ആണ്.ഒന്നും നമുക്ക് പറയാനാവില്ല .അതിനു മറ്റൊരർത്ഥം കല്പിക്കും .ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ കമന്റ് പോലും കേൾക്കാനുള്ള സഹിഷ്ണുത ഇല്ല .എല്ലാത്തിലും തെറ്റ്കണ്ടുപിടിക്കും . സകലമാനപേരിലും കുറ്റങ്ങളും കുറവുകളും മാത്രമേ കാണുകയുള്ളു . ഒരാളുടെയും നല്ല പെരുമാറ്റമോ സത്യപ്രവർത്തിയോ അംഗീകരിക്കില്ല .ഞാൻ വല്ലാതെ അദ്‌ഭുതപ്പെട്ടു .ഇങ്ങനെയും ഒരു സ്ത്രീ ജന്മമോ?

എനിക്ക് പരിചയമുള്ള നാട്ടിൻപുറത്തുകാരെ മുഴുവൻ മനക്കണ്ണാടിയിൽ പ്രത്യക്ഷരാക്കി ഞാനൊന്നു കണ്ടു നോക്കി .ആരിലും ഒരു കുറ്റവും കണ്ടു പിടിക്കാൻ എനിക്കായില്ല നാട്ടിൻപുറത്തു ജനിച്ചു വളർന്നത് ഒരു കുറവ് അല്ല .ഇനി നഗരത്തിൽ ജനിച്ചവരെല്ലാം നന്മയുടെ നിറകുടങ്ങളാണോ ?അല്ല .അവർക്കിടയിലുമുണ്ട് പലതരക്കാർ .അപ്പോൾ നാടല്ല ,നാട്ടുകാരുമല്ല ,ഓരോരുത്തരിലും ഉള്ള ജന്മവാസനകളാണ് പ്രശ്നം .നമ്മളെ സ്വയം മനസ്സിലാക്കി തെറ്റ് കുറ്റങ്ങൾ സ്വയം കണ്ടു പിടിച്ചു തിരുത്താൻ നമുക്കേ കഴിയൂ .എവിടെയായാലും പഠിപ്പും അറിവും ഒക്കെ കൊണ്ട് നേടാവുന്നതല്ലേ അത് !

ഒരു സാരോപദേശത്തിനുള്ള പുറപ്പാടൊന്നുമല്ല .അനുഭവങ്ങൾ ചിലതു പറയിപ്പിക്കുന്നു എന്നേയുള്ളു .ഒരിക്കൽ ഒരു കൂട്ടുകാരി  പറഞ്ഞു ."ഓ തിരുവനന്തപുരംകാരിൽ അല്പം വ്യത്യസ്തയാണ് ദേവി"(അല്പമേ ഉള്ളു .ബാക്കിയൊക്കെ തഥൈവ )അയ്യോ അതെന്താ?അപ്പോൾ ബാക്കിയുള്ള തിരുവനന്തപുരത്തു കാർ മുഴുവൻ ?"ഞാൻ പാതിക്കു നിർത്തി.പിന്നെകേട്ടത് സകലവിധ ദുർഗുണങ്ങളും തിരുവനന്തപുരത്തുകാരുടെ തലയിൽ വച്ച് കെട്ടിക്കൊണ്ടുള്ള ഒരു പ്രഭാഷണമാണ് .ഈ തിരുവനന്തപുരക്കാരിയുണ്ടോ വിട്ടു കൊടുക്കുന്നു. "അതിനു എത്ര തിരുവനന്തപുരക്കാരെ അറിയാം "?ഞാൻ തിരിച്ചു ചോദിച്ചു .

അവർ കുറേപ്പേരുടെ പേരും അവരുടെ ജാടകളും ഒക്കെ വിവരിച്ചു .ഞാൻ പൊട്ടിചിരിച്ചുപോയി .കാരണം ആ ലിസ്റ്റിൽ പെട്ടവരെല്ലാം തന്നെകേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വന്നു തലസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരാണ് .അപ്പോൾ കുറ്റം ഈ നാടിന്റെയല്ല ,നാട്ടുകാരുടേതുമല്ല .ഞാൻ വീണ്ടും ചിരിച്ചു .

"നമുക്ക് പരിചയമുള്ള ഒന്നോ രണ്ടോ പേരെ അല്ലെങ്കിൽ നമ്മളെത്തന്നെ അളവ് കോലാക്കി ഒരു നാട്ടുകാരെ മുഴുവൻ വിലയിരുത്തുന്നത് ശരിയോ ?"ഞാൻ ഗൗരവം പൂണ്ടു .

"സ്വന്തം നാട്ടുകാരെ മുഴുവൻ അറിയാമോ ?ഇല്ലല്ലോ .ഏതാനും പേരെ മാത്രം .അവർ നിങ്ങളുടെ കണ്ണിൽ നല്ലവരായിരിക്കാം. അതുകൊണ്ടു നാട്ടുകാർ മുഴുവൻ സർവ്വഗുണസമ്പന്നർ എന്നങ്ങു പറയാമോ ?" "തിരുവനന്തപുരമെന്നോ തൃശ്ശൂർ എന്നോ കണ്ണൂർ എന്നോ ഒന്നുമില്ല ചേച്ചി ,എല്ലായിടത്തും, സ്വർഗ്ഗത്തിലും നരകത്തിലും വരെ ജനങ്ങൾ പലതരക്കാരാണ്. " എന്റെ ചിരി അവർക്കു തീരെ രസിച്ചില്ല .അഭിപ്രായങ്ങൾ ബോധിച്ചുമില്ല .ചിലരെ നമുക്ക് തിരുത്താൻ കഴിയില്ല .

എന്റെ ചില സുഹൃത്തുക്കളുണ്ട് .ജാതി മതങ്ങൾ വച്ച് ആൾക്കാരെ നിർണയിക്കുന്നവർ .എന്തെങ്കിലും മോശമായ അഭിപ്രായം ഒരാളെക്കുറിച്ചുണ്ടായാൽ ഉടൻ പറയും ."അത് പിന്നെ ആ ജാതിയല്ലേ  ,ഇത്രയും പ്രതീക്ഷിച്ചാൽ മതി ."അതല്ലെങ്കിൽ "ജാതി ഏതാന്നറിയില്ലേ  തനിഗുണം കാണിക്കാതിരിക്കുമോ ?"അവരോടും ഞാൻ പറയാറുണ്ട് .ജാതിമതങ്ങൾ മനുഷ്യനുണ്ടാക്കുന്നതല്ലേ ?അത് വച്ച് ഒരാളുടെ സ്വഭാവമോ ഗുണഗണങ്ങളോ ശീലങ്ങളോ വിലയിരുത്താൻ പറ്റുമോ ?

ഒരാളുടെ വ്യക്തിത്വം അയാളുടെ സത്കർമങ്ങളെയും സത്സ്വഭാവത്തെയും സാഹചര്യങ്ങളെയും ആശ്രയിച്ചാണ് വികസിക്കുന്നത് .സ്ഥലത്തിനോ ജാതിക്കോ മതത്തിനോ ഇതിൽ പ്രത്യേകിച്ച് സ്വാധീനം ഇല്ല എന്ന് വേണം പറയാൻ .നല്ലവരുമായുള്ള സമ്പർക്കവും നന്മ വളർത്താൻ ഉപകരിക്കും.

ഇതാ നർമബോധമുള്ള ഒരാൾ കളിയാക്കുന്നു ."ഈ തിരുവന്തോരം കാരീടെ  വാക്കുകള്  ശരിയെന്നു തോന്നണവര് ഒരു ലൈക്കടിച്ചേ !