Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖമെവിടെ? ദുഃഖമെവിടെ?

ദേവി .ജെ.എസ് 
Column

"സുഖമോ ദേവി "എന്ന് ചോദിച്ചാൽ "ഓ സുഖം തന്നെ "എന്ന് പറയാൻ എനിക്കാവുന്നില്ല .എന്നാൽ ദുഖമാണോ എന്നായാലോ ?എന്നാരും ചോദിക്കുകയില്ല ."സുഖവും ദുഖവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ "എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല .സുഖം എന്ന വാക്കിന് എന്താണർത്ഥം ? .ആരോഗ്യമുള്ള അവസ്ഥയെന്നോ ?ധാരാളം പണവും പദവികളും ആർഭാടങ്ങളുമാണോ സുഖത്തിനാധാരം? ഇതെല്ലാമുണ്ടായാലും തൃപ്തരാകാതെ സുഖം തേടി അലയുകയല്ലേ മനുഷ്യൻ ?

      

             സുഖവും ദുഃഖവും അനുഭവിച്ചു കഴിഞ്ഞാൽ ഒരു പോലെ ....സ്വാതന്ത്ര്യവും പാരതന്ത്ര്യവും ...ആശയും നിരാശയും ഒരുപോലെ ...എന്നൊക്കെ പറഞ്ഞു വച്ചതാരാണ് .അതറിയില്ല .എന്നാലും ഈ വരികൾ ഞാൻ ഒരു കഥയിൽ എഴുതി ചേർത്തിട്ടുണ്ട്  .മറ്റാരുടേതായോ വാക്കുകൾ പകർത്തി വച്ചതൊന്നുമല്ല .സ്വയം അനുഭവിച്ചറിഞ്ഞ് പറഞ്ഞതാണ് .സുഖം ഓരോരുത്തർക്ക് ഓരോന്നാണ് .കോഴിക്കോടുള്ള എന്റെ സുഹൃത്ത് വിഷ്ണു ഒരിക്കൽ പറഞ്ഞു ."ഒന്ന് വരൂ ദേവിച്ചേച്ചി .രണ്ടു ദിവസമെങ്കിലും ഞങ്ങളോടൊപ്പം താമസിക്കൂ .എന്ത് സുഖമാണെന്നോ ഇവിടെ ?"എന്താണവിടെ പ്രത്യേകിച്ചൊരു സുഖം എന്നെനിക്കു മനസ്സിലായില്ല ." ഇവിടെ മിക്സിയില്ല .ഫ്രിജ്ജില്ല .ഏസിയില്ല.എല്ലാം എത്നിക് .നാച്ചുറൽ അകൃത്രിമം .അമ്മിയിൽ അരച്ചെടുത്ത് വയ്ക്കുന്ന കറികൾ ,കിണറ്റിലെ പച്ച വെള്ളം ,പ്രകൃതിയിലെ കാറ്റ് ,ഇതാണ് സുഖം ".വിഷ്ണു തുടർന്ന് പറഞ്ഞു . 

 ലളിതമായ ജീവിതമാണ് ചിലർക്ക് സുഖം .അതെ സമയം ലോകത്തിലെ സകല ആർഭാടങ്ങളുമുണ്ടെങ്കിലും ചിലർക്ക് സുഖമില്ല .പണം സമ്പാദിച്ചു കൂട്ടുന്നതിലാണ് ചിലർക്ക് സുഖം .കോടീശ്വരന്മാർക്കു പോലും പിന്നെയും പിന്നെയും ധനം വർദ്ധിപ്പിക്കണമെന്നേ നോട്ടമുള്ളൂ (ഇവർക്കൊക്കെ മനസ്സുഖമുണ്ടോ അതാരറിയുന്നു) .ദുഖവും അതുപോലെ തന്നെ .പലതരത്തിലാണ് ദുഃഖങ്ങൾ ജനങ്ങളെ ബാധിക്കുന്നത്. ദാരിദ്ര്യമാണ് ഏറ്റവും വലിയ ദുഃഖം . രോഗം അതിലും വലിയ  ദുഃഖം ,പ്രിയജനങ്ങളുടെ നഷ്ടം തീരാ ദുഖത്തിന് കാരണമാകും .ധനനഷ്ടം ,മാനനഷ്ടം ഇതെല്ലം ദുഃഖകാരണങ്ങൾ തന്നെ .ഓരോരുത്തർക്ക് ഓരോ ദുഃഖം .ഇങ്ങനെ നോക്കിയാൽ ദുഃഖമയം ജീവിതം.ദുഃഖത്തിൽ നിന്ന് കരകയറാൻ മനശക്തി കൊണ്ടും ഭക്തി കൊണ്ടും ധൈര്യം കൊണ്ടും ചിലക്കു കഴിയും .ചിലർ ദുഖത്തിന് പൂർണമായും അടിപ്പെട്ട് പോകുന്നു .

 സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എന്നത് വാസ്തവമാണെങ്കിലും സുഖത്തിലും ദുഖത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാവും .സുഖവും ദുഖവും എല്ലാം എല്ലാവർക്കും  തുല്യമായല്ല  ജീവിതം വീതിച്ചു നൽകിയിരിക്കുന്നത് .ചിലർക്ക് സുഖം വാരിക്കോരി കൊടുക്കുന്നു .ചിലർക്ക് ദുഖത്തിനുമീതെ ദുഃഖം .ഇതെന്താണിങ്ങനെ ?ദൈവത്തിനും പക്ഷപാതമോ ?വിധിക്കും വേറുകൂറുണ്ടോ ?ഇങ്ങനെയൊക്കെ ചോദിച്ചു  പോകും നമ്മൾ .വലിയ സുഖങ്ങൾ ഇല്ലെങ്കിലും കഠിനദുഃഖങ്ങൾവരാതെ തട്ടിമുട്ടി അങ്ങ് ജീവിച്ചു പോയാൽ നല്ലത് എന്ന് എന്റെ വീട്ടിലെ മുതിർന്നവർ പറയാറുണ്ടായിരുന്നു .ജീവിതം വച്ച് നീട്ടുന്നതെന്തും സുഖമായാലും ദുഖമായാലും സ്വീകരിക്കുകയല്ലാതെ മറ്റൊരു ഐച്ഛികം ഇല്ല എന്ന് ജീവിതത്തിൽ നിന്ന് പഠിച്ചതാണ് ഞാൻ !പണ്ട് അക്‌ബറിനോട് ബീർബൽ പറഞ്ഞ വാക്കുകൾ ഓർമയില്ലേ ?"ഇതും കഴിഞ്ഞു പോകും ".