മലയാള മെഗാസീരിയൽ രംഗത്ത് യാത്രകളെ ഇത്രയേറെ ഇഷ്ടപ്പെടുന്ന മറ്റൊരു നടൻ ഇല്ല. പറഞ്ഞു വരുന്നത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത 'പട്ടുസാരി' എന്ന സീരിയലിലൂടെ മിനി സ്ക്രീനിലെ സൂപ്പർ നായകനായി മാറിയ റിച്ചാർഡിനെക്കുറിച്ചാണ്. സ്ക്കൂളിൽ പഠിക്കുമ്പോഴാണ് റിച്ചാർഡ് തന്റെ ഭാര്യയായ പ്രിയയെ പ്രണയിച്ച് തുടങ്ങിയത്. അന്നേ പ്രിയയോട് ഉള്ളതിന്റെ അത്രയുമോ, അതിൽ കൂടുതലോ പ്രണയം റിച്ചാർഡിന് മറ്റൊരാളിനോടുണ്ട്.
'ആരാണപ്പാ ആ കുടുംബം കലക്കി!' എന്ന ചിന്തിക്കാൻ വരട്ടെ. കക്ഷി വേറൊരു സുന്ദരി ഒന്നുമല്ല. ഒരു ബൈക്ക് ആണ്. അങ്ങനെ ചുമ്മാതൊരു മോട്ടോർ സൈക്കിൾ അല്ലതാനും. എട്ടു ലക്ഷം രൂപ വിലമതിക്കുന്ന 'ഹാർലി ഡേവിഡ്സൺ'. ഒറ്റയ്ക്കുള്ള യാത്രകൾ എന്നും ഇഷ്ടമായിരുന്ന റിച്ചാർഡിന് ഇപ്പോൾ യാത്രകൾക്ക് കൂട്ട് ഈ 'കരിമ്പുലി'യാണ്.
പെരുമ്പാവൂർ സ്വദേശിയായ റിച്ചാർഡ് ആലുവയിൽ നിന്ന് ബിരുദ പഠനത്തിനു ശേഷമാണ് മോഡലിംങ്ങിലേക്കും അഭിനയരംഗത്തേക്കും കടക്കുന്നത്.
കുട്ടനാടൻ പശ്ചാത്തലത്തിൽ വന്ന 'പട്ടുസാരി' ആയിരുന്നു ആദ്യ സീരിയൽ. എ.എം നസീർ ആയിരുന്നു സംവിധായകൻ. നാനൂറിലേറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ആ സീരിയലിൽ അഭി എന്ന കഥാപാത്രം ആയിരുന്നു റിച്ചാർഡിന്റേത്. സീരിയലും റിച്ചാർഡിന്റെ കഥാപാത്രവും സൂപ്പർ ഹിറ്റ് ആയി. പിന്നീട്, റിച്ചാർഡിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നായകനായി ഏഴ് മെഗാഹിറ്റ് സീരിയലുകൾ. എല്ലാത്തിലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ. മംഗല്യപ്പട്ട്, എന്ന് സ്വന്തം ജാനി, കറുത്തമുത്ത്, മിഴി രണ്ടിലും എന്നിവയൊക്കെ റിച്ചാർഡിന്റെ മെഗാഹിറ്റ്സീരിയലുകളാണ്.
ഇതിനിടെ, രണ്ട് പ്രണയവും റിച്ചാർഡ് സാക്ഷാത്ക്കരിച്ചു. ബാല്യകാല പ്രണയിനിയായ പ്രിയയെ താലികെട്ടി സ്വന്തമാക്കിയതാണ് ഒന്ന്!കുട്ടിക്കാലം മുതൽക്കേയുള്ള ഏറ്റവും വലിയ സ്വപ്നമായ 'ഹാർലി ഡേവിഡ്സൺ' ബൈക്ക് സ്വന്തമാക്കിയതാണ് രണ്ടാമത്തേത്.ഹാർലിയിൽ റിച്ചാർഡിനും പ്രിയയ്ക്കും ചുറ്റിയടിക്കാൻ ഒരു കുഞ്ഞ് താരം കൂടിയുണ്ട് ഇപ്പോൾ റിച്ചാർഡിന്റെ വീട്ടിൽ .റിച്ചാർഡിന്റെ മകൾ ടിയാറ ആണത്! പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോൾ ഈ ഹാർലി കാമുകൻ !
അടുത്ത ആഴ്ച
ഒരു പ്രശസ്ത നടിയോടൊപ്പം പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിന് വിരാമം കുറിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന പ്രശസ്ത മെഗാസീരിയൽ സംവിധായകൻ. അദ്ദേഹവും പത്നിയുമാണ് അടുത്ത ആഴ്ച 'മിനിബസ്സി' ലെ അതിഥികൾ!