ജീവിതത്തിൽ പലപ്പോഴായി നമ്മെ ആക്രമിക്കുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ അനിവാര്യമാണ്. ചില വിദ്യാർഥികൾക്കു പരീക്ഷയെ ഭയമാണ്. ചിലപ്പോൾ അധ്യാപകരെയായിരിക്കും അവർ ഭയപ്പെടുന്നത്.
ഒരു ജീവനക്കാരന് അയാളുടെ മാനേജറെ ഭയമായിരിക്കും. ചിലപ്പോൾ കമ്പനിയുടെ നയങ്ങളെ, അതുമല്ലെങ്കിൽ തന്നെ സമീപിക്കുന്ന ഉപഭോക്താക്കളെയായിരിക്കാം. ഒരു കച്ചവടക്കാരന് പുതിയ കച്ചവടം തുടങ്ങാനും സാഹസിക തീരുമാനങ്ങളെടുക്കാനും ഭയപ്പെടുന്നു. ഇങ്ങനെ നേട്ടങ്ങൾ കൈവരിക്കാൻ മനുഷ്യർക്കു മുന്നിൽ തടസ്സമായി ഭയം നിൽക്കുന്നു. അതുകൊണ്ടു തന്നെ ജീവിതത്തിൽ വിജയിക്കാൻ ഭയത്തെ മറികടക്കണം.
ഒരിടത്ത് ഭീരുവായ ഒരു വ്യക്തി ഉണ്ടായിരുന്നു. ചുറ്റിലുമുള്ള എന്തിനേയും അയാൾക്ക് ഭയമായിരുന്നു. ആളുകളുടെ മുഖത്തു നോക്കാൻ, സംസാരിക്കാനുമെല്ലാം അയാൾ ഭയപ്പെട്ടു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് സെൻഗുരുവിനെ പോയി കാണാനും ആയോധകലയിൽ അഗ്രകണ്യനായ അദ്ദേഹം താങ്കളുടെ ഭയം മാറ്റി തരും എന്നു പറഞ്ഞു.
സുഹൃത്തിന്റെ നിർദേശം അനുസരിച്ച് അയാൾ സെൻ ഗുരുവിന്റെ അടുത്തെത്തി. തന്റെ പ്രശ്നം തുറന്നു പറഞ്ഞശേഷം ഭയം മാറാൻ എന്താണു ചെയ്യേണ്ടതെന്നു ഗുരുവിനോടു ചോദിച്ചു. ഭയം മാറ്റിത്തരാമെന്ന് ഉറപ്പുകൊടുത്ത ഗുരു ഇയാളോട് അടുത്തുള്ള പട്ടണത്തിൽ പോകാനും അവിടെ കാണുന്ന 20 പേരോട് താൻ ഭീരുവാണ് എന്നു പറയാനും ആവശ്യപ്പെട്ടു.
ഈ ആവശ്യം അയാളെ കുഴക്കി. എന്നാൽ ഗുരു പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു. ഞാൻ ഭീരുവാണെന്നു പറയാൻ പട്ടണത്തിലെത്തി. പക്ഷേ ആരുടേയും മുഖത്തു നോക്കാൻ ധൈര്യമില്ലാത്തതിനാൽ പറയാനാവാതെ ആദ്യ ദിവസം തിരിച്ചു വരേണ്ടി വന്നു. ഇങ്ങനെ രണ്ടാഴ്ചകൾ കടന്നുപോയി. എന്നാൽ ഇനിയും നീട്ടി കൊണ്ടു പോകുന്നതിൽ അർഥമില്ലെന്നു അയാൾ മനസ്സിലാക്കി. ആദ്യ കടമ്പ കടന്ന് ഗുരുവിന്റെ അടുത്തെത്തി ഭയം മാറ്റിയെടുക്കണം. രണ്ടും കൽപ്പിച്ച് അയാൾ വീണ്ടും പട്ടണത്തിലെത്തി.
അവിടെ നിന്ന് ധൈര്യം സംഭരിച്ചുകൊണ്ട് ആദ്യം കണ്ട ഒരാൾക്കു കൈകൊടുത്തശേഷം പറഞ്ഞു“സർ ഞാനൊരു ഭീരുവാണ്.” മുഖത്തു നോക്കാതെയാണ് അയാള്‍ അത്രയും പറഞ്ഞത്. ഇതിനുശേഷം പിന്നീടു കണ്ടവരുടെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു ‘ഞാൻ ഒരു ഭീരുവാണ്’. എന്നാൽ ഓരോ തവണയും ഇത് പറയുമ്പോൾ തനിക്ക് എന്തോ മാറ്റം സംഭവിക്കുന്നതായി അയാൾക്കു തോന്നി. ഇരുപതാമത്തെ ആളോടു പറയും മുൻപ് മറ്റുള്ളവരുടെ മുഖത്തു നോക്കി സംസാരിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ അവസാനത്തെ ആളോുട് പറയുമ്പോൾ തന്റെ ഭയം എവിടെയോ നഷ്ടപ്പെട്ടു പോയെന്ന് അയാൾ തിരിച്ചറിഞ്ഞു.
ഇതിനുശേഷം അയാൾ ഗുരുവിനു മുന്നിലെത്തി പറഞ്ഞു; ‘‘ഗുരുവേ എനിക്കിപ്പോൾ ആരുടേയും മുഖത്തു നോക്കാനോ സംസാരിക്കാനോ ഭയമില്ല. പക്ഷേ ഇതെങ്ങനെയാണു സംഭവിച്ചതെന്ന് അറിയില്ല’’ ഗുരു ഒന്ന് പുഞ്ചിരിച്ചു. അതിനുശേഷം അയാളോടു പറഞ്ഞു ‘‘കാര്യം വളരെ ലളിതമാണ്. എപ്പോൾ മുതലാണ് നീ ഭീരുവാണെന്ന് അംഗീകരിച്ചത്, അല്ലെങ്കിൽ നിനക്കൊരു പ്രശ്നമുണ്ടെന്നു തിരിച്ചറിഞ്ഞത് ആ നിമിഷം മുതൽ പരിഹരിക്കാനുള്ള കഴിവ് നീ ആർജിച്ചു തുടങ്ങി’’.
നമ്മുടെ ജീവിതത്തിലും ഭയത്തെ അതിജീവിക്കാനുള്ള മാർഗം ഭയത്തെ തിരിച്ചറിയുക എന്നതാണ്. രണ്ടാമതായി ആ ഭയത്തിലേക്ക് എടുത്ത് ചാടാൻ തായാറാവുക എന്നതാണ്. പ്രശ്നങ്ങളെ നേരിടാതെ ഭയം ഇല്ലാതാക്കാനാവില്ല. ഭയത്തെ കീഴടക്കി വിജയിച്ചവരോട് സംസാരിക്കുക. ഇങ്ങനെ സ്വയം തിരിച്ചറിവു നേടിയാൽ ഭയത്തെ മറികടക്കാനും വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കും.