' രാത്രിയാത്രയ്ക്കു ഭയമില്ല, ശല്യക്കാരെ കൈകാര്യം ചെയ്യാൻ നന്നായറിയാം '

ദിവ്യ എം. നായര്‍

സ്ത്രീ, സുരക്ഷിതയാകണമെങ്കിൽ അവർ കുറഞ്ഞപക്ഷം നടി ദിവ്യ എം. നായരെപോലെയെങ്കിലുമാകണം. മനസ്സിൽ കരുത്തും ധൈര്യവും നിറയ്ക്കണം. ഏതു വെല്ലുവിളിയും ഒറ്റയ്ക്കു നേരിടണം. ഭീഷണികൾക്കു മുൻപിൽ പതറാത്ത ചരിത്രമാണു ദിവ്യയ്ക്കുള്ളത്. രാത്രിയിൽ തനിച്ച് യാത്ര ചെയ്യാൻ ഭയമില്ല. ശല്യക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നന്നായിട്ടറിയാം. താനവതരിപ്പിച്ച ചില കഥാപാത്രങ്ങളെപോലെ സ്വന്തം ജീവിതത്തിലും അൽപം ബോൾഡാണു ഈ നടി.

‘‘ അച്ഛൻ എന്നെ വളർത്തിയത് അങ്ങനെയാണ്. ശരിക്കും പറഞ്ഞാൽ ചുണയുള്ള ഒരാൺകുട്ടിയെപോലെ... ഏറ്റവും നല്ല സുഹൃത്തെന്നു വിശ്വസിക്കുന്നവരിൽനിന്നുപോലും ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. മൊബൈലിൽ അനാവശ്യ മെസേജുകളയച്ച ഒരുത്തനെ ഞാൻ രണ്ടു തവണ താക്കീതു ചെയ്തു. എന്നിട്ടും പിന്മാറാതിരുന്ന അവനെ ഫോണിൽ വിളിച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു. അവന്റെ അച്ഛനും അമ്മയ്ക്കുംവരെ പറഞ്ഞു. അതോടെ ശല്യം ഒഴിവായി. രണ്ടു പൊട്ടിക്കേണ്ടിവന്ന അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല.’’

ദിവ്യ എം. നായർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ ‘ഈറൻനിലാവ്’ ആണ്. ഉദയന്നൂർ കോവിലകത്തെ പ്രതിഭാ തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണു ദിവ്യ അവതരിപ്പിക്കുന്നത്. താൻ സുന്ദരിയാണെന്നു സ്വയം പറയുകയും മറ്റുള്ളവരെകൊണ്ടു പറയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണിത്. ശരിക്കു പറഞ്ഞാൽ ഒരു ‘അഹങ്കാര സുന്ദരി’. ദിവ്യയുടെ ഈ വില്ലത്തി വേഷം തകർത്തുവാരുന്നുവെന്നാണു പ്രേക്ഷകരിൽനിന്നു ലഭിക്കുന്ന പ്രതികരണം. 

സ്ത്രീ, സുരക്ഷിതയാകണമെങ്കിൽ അവർ കുറഞ്ഞപക്ഷം നടി ദിവ്യ എം. നായരെപോലെയെങ്കിലുമാകണം. മനസ്സിൽ കരുത്തും ധൈര്യവും നിറയ്ക്കണം...

കെ. കെ. രാജീവിന്റെ ‘ഈശ്വരൻ സാക്ഷി’യാണ് ദിവ്യാ നായരെ പ്രശസ്തിയിലേക്കുയർത്തിയ മറ്റൊരു സീരിയൽ ഇതിലെ അഡ്വക്കറ്റ് അഭിരാമി എന്ന ബോൾഡായ കഥാപാത്രം കുടുംബപ്രേക്ഷകരുടെ മനസ്സിൽനിന്നു പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. 

‘‘ കെ. കെ. രാജീവ് സാർ ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ്. അവിടെനിന്നു കിട്ടുന്ന അറിവുകൾ നിധിപോലെ കാത്തുസൂക്ഷിക്കാനുള്ളതാണ്. ഈ ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടാൻ എനിക്കു സാധിച്ചു. ഒരു നടിയെന്ന നിലയ്ക്ക് എന്നിൽ ഇംപ്രൂവ്മെന്റ് വരുത്തിയതും ആത്മവിശ്വാസം പകർന്നതും ‘ഈശ്വരൻ സാക്ഷി’ ആയിരുന്നു. 

പതിനഞ്ചാം വയസ്സിൽ അവതാരകയായി മിനിസ്ക്രീനിലെത്തിയ പെൺകുട്ടിയാണു ദിവ്യ എം. നായർ. എംഎം ടിവിയുൾപ്പെടെ എല്ലാ ചാനലുകളിലും അവതാരകയുടെ വേഷമണിഞ്ഞു. അതിനുശേഷമാണ് റേഡിയോ മാംഗോയിൽ റേഡിയോ ജോക്കി ആയത്. ആറു വർഷം ഇവിടെ ജോലി ചെയ്തു. ഡബ്ബിങ്ങ് ആർട്ടിസ്‍റ്റ് എന്ന നിലയിലും ദിവ്യ പ്രശസ്തി നേടി. ഇരുന്നൂറിലധികം സിനിമകൾ ഡബ് ചെയ്തു. അത്രയും തന്നെ പരസ്യചിത്രങ്ങളിലും സജീവ സാന്നിധ്യമായി. 

‘‘ഇതിനിടയിൽ സിനിമയിൽ അഭിനയിക്കാൻ പല ഡയറക്ടർമാരും വിളിച്ചു. പക്ഷേ അതിനുള്ള ആത്മവിശ്വാസം എനിക്കില്ലായിരുന്നു. എന്നാൽ സുഹൃത്തായ ഡയറക്ടർ ജിസ്മോന്റെ ക്ഷണം തള്ളിക്കളയാനായില്ല. അങ്ങനെയാണു ‘ബൈസിക്കിൾ തീവ്സി’ൽ അഭിനയിച്ചത്. പിന്നെ സിനിമയിലേക്കു ധാരാളം അവസരങ്ങൾ ലഭിച്ചു. കസബ, എന്നും എപ്പോഴും തുടങ്ങി പതിനേഴു സിനിമകളിൽ അഭിനയിച്ചു. എറ്റവും ഒടുവിൽ അഭിനയിച്ച സിനിമ ‘അലമാര’യാണ്. ഇനി റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ ‘സർവോപരി പാലാക്കാര’നും ‘രക്ഷാധികാരി ബൈജു’വും.’’

ദിവ്യ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം

ഇൻഡ്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന പള്ളുരുത്തി മധുസൂദനൻ നായരാണു ദിവ്യയുടെ അച്ഛൻ. കുഞ്ഞുപ്രായം മുതൽ ദിവ്യയ്ക്കു കലാപരമായി പ്രോൽസാഹനം നൽകിയിരുന്നത് അച്ഛനായിരുന്നു. മധുസൂദനൻ നായർ ഇന്നില്ല. മകൾക്ക് ഒരുപിടി നല്ല ഒാർമകൾ ബാക്കിവച്ച് അദേഹം പന്ത്രണ്ടു വർഷം മുൻപ് വിട്ടുപിരിഞ്ഞു.

‘‘ഇന്റർവ്യൂവിനായി അച്ഛന്റെ കൂടെ ബസിൽ കയറിപ്പോകുന്നതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എന്റെ ഒാർമയിലുണ്ട്. എന്റെ ഒരാഗ്രഹങ്ങൾക്കും അച്ഛൻ തടസ്സം നിന്നിട്ടില്ല. ഇപ്പോഴും അച്ഛൻ എവിടെയോ ഉണ്ടെന്ന തോന്നലാണെനിക്ക്. അമ്മ ഈശ്വരി എന്റെ കൂടെയുണ്ട്. അനുജൻ ദിലീപ് ദുബായിൽ ജോലി ചെയ്യുന്നു. സൂര്യ ടിവിയിലെ സീനിയർ പ്രൊഡ്യൂസർ എം. കെ. പത്മകുമാറാണു എന്റെ ഭർത്താവ്. ഞാനിപ്പോൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് അദ്ദേഹമാണ്. ഈ രംഗത്ത് എനിക്ക് എല്ലാവിധ പ്രോൽസാഹനം നൽകുന്നത് ഭർത്താവാണ്,’’

രണ്ടു മക്കളുടെ അമ്മയാണ്. ദിവ്യാ നായർ. ഏഴാം ക്ലാസുകാരി സൗപർണികയും ഒന്നിൽ പഠിക്കുന്ന ഹൃഷികേശും. രണ്ടുപേരും ഇപ്പോഴേ കലാരംഗത്തുണ്ട്. സൗപർണിക പതിനൊന്നു സിനിമകൾ ഡബ് ചെയ്തുകഴിഞ്ഞു. ഹൃഷിയാണെങ്കിൽ ചെറിയ പരസ്യങ്ങളിൽ സാന്നിധ്യമാകുന്നു. മകൾക്ക് പീഡിയാട്രീഷ്യനാകാനാണു ഇഷ്‍ടമെങ്കിൽ മകന് ഷാരൂഖ്ഖാനെപോലെയാകണമെന്നാണു മോഹം. എന്നാൽ അമ്മ ദിവ്യ എപ്പോഴും മക്കളെ ഒാർമിപ്പിക്കുന്ന ഒരു കാര്യമുണ്ട് – എന്തെങ്കിലുമൊക്കെ ആവുന്നതു കൊള്ളാം. പക്ഷേ, ഇപ്പോൾ മര്യാദയ്ക്കിരുന്ന് പഠിക്ക്.....