ബോളിവുഡിലെ താരറാണിമാരെയെല്ലാം ഒരൊറ്റ ഫ്രെയിമിൽ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഷബാന ആസ്മി, രേഖ, ശ്രീദേവി, ടിന അംബാനി, ഐശ്വര്യ റായ്, റാണി മുഖർജി, വിദ്യാ ബാലൻ തുടങ്ങി ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ഹിന്ദി സിനിമാ ലോകത്തെ ശക്തരായ അഭിനേത്രിമാരൊക്കെ ഒന്നിച്ചൊരു ഫോട്ടോയിൽ പ്രത്യക്ഷപ്പെടണമെങ്കിൽ അതു വെറുതെയായിരിക്കില്ലെന്ന സംശയം തെറ്റിയില്ല. നിത്യഹരിത നായികമാരിലൊരാളായ ശ്രീദേവിയുടെ പിറന്നാൾ പാർട്ടി പൊടിപൊടിക്കാനായിരുന്നു ആ സംഗമം.
താരലോകത്തെ തന്നെ ആശ്ചര്യപ്പെടുത്തും വിധത്തിൽ മനോഹരമായി നടത്തിയ പിറന്നാൾ പാർട്ടിക്കു നേതൃത്വം നൽകിയത് പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ്. സത്യത്തിൽ അതു വെറുമൊരു പിറന്നാൾ ആഘോഷം മാത്രമായിരുന്നില്ല, ബോളിവുഡിന്റെ കരുത്തരായ നായികമാരുടെ ഒരു ഗെറ്റ് ടുഗെതർ കൂടിയായിരുന്നു. എഴുപതുകൾ മുതൽ ഇന്നോളം വരുന്ന നായികമാരെയെല്ലാം ഒന്നിപ്പിച്ച ചിത്രം ഒരു നൊസ്റ്റാള്‍ജിയ ആണ് നൽകുന്നതെന്നു പറഞ്ഞാലും തർക്കമില്ല.
ഇനി താരസുന്ദരിമാരൊക്കെ വന്നുവെന്നു കരുതി ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുശിയും ശ്രദ്ധിക്കപ്പെട്ടില്ലെന്നു കരുതല്ലേ, എന്നത്തെയുംപോലെ അതിസുന്ദരികളായി തന്നെ ഇരുവരും പിറന്നാൾ പാർട്ടിയിലും അവതരിച്ചു. നീലജീൻസിനൊപ്പം ബാക്‌ലെസ് ആയ തിളക്കമുള്ള സിൽവർ നിറത്തിലുള്ള ടോപ്പിൽ ജാൻവി എത്തിയപ്പോൾ ഡെനിമിൽ ബ്ലാക് ബ്യൂട്ടിയായാണ് ഖുശി എത്തിയത്. തീർന്നില്ല കരൺ ജോഹറും സുഷാന്ത് സിങ് രജ്പുതും നവാസുദ്ദീൻ സിദ്ദിഖിയും ഹുമ ഖുറേഷിയുമൊക്കെ ശ്രീദേവിക്ക് ആശംസകളുമായി എത്തിയിരുന്നു.
Read more: Malayalam Lifestyle Magazine