Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തെ ഭയന്ന് ഇപ്പോൾ ഒന്നും പറയാറില്ല : വരദ

Varada വരദ ഭർത്താവ് ജിഷിനും കുഞ്ഞിനുമൊപ്പം

ആദ്യം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വളരെ സ്വാഭാവികമായി എത്തിപ്പെടുക, പിന്നീട് ഏതൊരു മലയാളിയുടെയും സ്വന്തം വീടെന്ന സീരിയൽ ലോകത്തിലേയ്ക്ക് കടന്നെത്തുക. അതേ പ്രൊഫഷനിൽ തന്നെയുള്ള ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുക... സിനിമാ-സീരിയൽ താരം വരദയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പറയാനുള്ളത് പറയാനും മടിയുള്ള ആളല്ല വരദ, പക്ഷെ എന്തുകൊണ്ടോ സോഷ്യൽ മീഡിയയിൽ തുറന്നു പറയാൻ വരദ മടിക്കുന്നു.... സോഷ്യൽ മീഡിയയെ കുറിച്ച് ജീവിതത്തെ കുറിച്ച് ഓണത്തെ കുറിച്ച് ഒക്കെ വരദ സംസാരിക്കുന്നു 

സിനിമാ ലോകം കയ്യെത്തിപിടിക്കാവുന്നത്...

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ നിരവധി പ്രോജക്ടുകൾ ചെയ്തിരുന്നു. നമ്മുടെ ലോക്കൽ ചാനലിലും തുടർന്ന് വർക്കുകൾ ചെയ്തു, അങ്ങനെ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് മോഡലിങ് തുടങ്ങുന്നത്. മോഡലിങ്ങിൽ നിന്നാണ് വാസ്തവം സിനിമയിലേയ്ക്ക് എത്തുന്നത്. അതിൽ പൃഥ്വിരാജിന്റെ ഏറ്റവും ഇളയ അനുജത്തിയുടെ വേഷമായിരുന്നു. മോഡലിങ്ങിൽ മോഹം ഒന്നുമുണ്ടായിരുന്നില്ല. ലോക്കൽ ചാനലിന് വേണ്ടി ആങ്കറിങ് ഒക്കെ ചെയ്തിരുന്നു, അതിനെ തുടർന്ന് പല പരിപാടികളും അവതരിപ്പിച്ചു, പിന്നെ ആ ഫീൽഡ് അങ്ങ് സ്ഥിരമായി. അവിടെ നിന്നാണ് നേരെ സിനിമയിലേക്കു വന്നത്. 

ഞാൻ ആദ്യം വിചാരിച്ചത് സിനിമ എന്നതു വളരെ എളുപ്പമായിരിക്കും, നമ്മൾ ടെലിവിഷനിൽ ഒക്കെ കാണുന്നതല്ലേ എന്നൊക്കെ. പക്ഷേ അവിടെ ഷൂട്ടിന് വേണ്ടി ചെന്നപ്പോഴാണ് അതിന്റെ ഒരു സീരിയസ്നസ് മനസ്സിലാക്കുന്നത്. സത്യം പറഞ്ഞാൽ ഈ ഫീൽഡിൽ വരാൻ ഒരുപാട് ബുദ്ധിമുട്ടിയ ഒരാളല്ല ഞാൻ, ആകസ്മികമായി വന്നു ചേർന്ന ഭാഗ്യമായിരുന്നു സിനിമ എനിക്ക്. ഒരുപക്ഷേ എത്രപേര്‍ ആഗ്രഹിക്കുന്ന ഒരു അവസരമാണത്, എത്രപേര്‍ ആവുന്നത്ര ശ്രമിക്കുന്നുമുണ്ട്, ആ ചിന്തകളൊക്കെ അവിടെ എത്തിയ ശേഷമാണ് മനസ്സിലേക്കു വന്നതുതന്നെ.

എന്റെ ചിത്രം കണ്ടിട്ട് അവർ വിളിച്ചു, നേരിട്ടു കണ്ടു, ഫോട്ടോ എടുത്തു, പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു, പിന്നീട് അവർ വിളിക്കുന്നത് കഥാപാത്രം കൺഫേം ആയി എന്ന് പറയാൻ വേണ്ടിയായിരുന്നു. അതൊരു വലിയ ഭാഗ്യം തന്നെയായി ഇപ്പോഴും കരുതുന്നു.

വാസ്തവത്തിനു ശേഷമാണ് സുൽത്താൻ എന്ന ചിത്രത്തിൽ വിനു മോഹന്റെ നായികയായി പ്രധാന വേഷം ലഭിച്ചത്. അന്ന് ഒരു മാഗസിനു വേണ്ടി ചെയ്ത കവർ ചിത്രം കണ്ടാണ് ആ സിനിമയിലേക്കുള്ള അവസരം വന്നത്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. കോമ്പയറിങ് എന്ന് വച്ചാൽ അവിടെ നമ്മളുണ്ട്, പിന്നെ ക്യാമറയുമുണ്ട്. പരസ്യങ്ങൾ ചെയ്യുമ്പോൾ പോലും നമ്മുടെ കൂടെ ഒരാളൊക്കെയേ അധികമായി ഉണ്ടാകൂ, പക്ഷേ സിനിമയിലേക്ക് വരുമ്പോൾ നമ്മൾ ഇതുവരെ ബിഗ് സ്‌ക്രീനിൽ മാത്രം കണ്ടിരുന്നവർ നമ്മുടെ ഒപ്പം അഭിനയിക്കുന്നു, അവരുടെ കൂടെ നമ്മൾ ഡയലോഗുകൾ പറയുന്നു. അതിന്റെ ഒരു ടെൻഷൻ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണ്. അവർ ചെയ്യുന്നത് കാണുമ്പോൾ, നമുക്ക് അവരുടെ അത്രയ്‌ക്കൊക്കെ പെർഫോം ചെയ്യാൻ പറ്റുമോ എന്ന ആധിയാണ്.

ഞാൻ സാധാരണ ഡയലോഗുകൾ കാണാതെ പഠിച്ച് പറയുന്ന ആളാണ്, പക്ഷെ സിനിമയിൽ പ്രോംപ്റ്റിംഗ് വന്നപ്പോൾ അത് എനിക്ക് പിന്തുടരാൻ പറ്റുന്നുണ്ടായിരുന്നില്ല. എനിക്ക് കോൺസെൻട്രേഷൻ കിട്ടുന്നുണ്ടായിരുന്നില്ല, അതിന്റെ ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും നല്ല സപ്പോർട് ആയി കൂടെയുണ്ടായിരുന്നു. ആ സിനിമ കൂടി ഇറങ്ങി കഴിഞ്ഞപ്പോഴാണ് വലിയ കുഴപ്പമില്ലല്ലോ അല്ലെ എന്ന തോന്നൽ ഉണ്ടായത്.

varada-1 മോനും ഒപ്പമുള്ള ഞങ്ങളുടെ ആദ്യത്തെ ഓണമാണ്, അത് നന്നായി ആഘോഷിക്കണം എന്നാണു ആഗ്രഹം. ജിഷിന്റെ വീട് കണ്ണൂരാണ്...

സീരിയലിന്റെ ലോകം വിളിക്കുന്നു

സുൽത്താൻ ചെയ്തു കഴിഞ്ഞു വീണ്ടും കുറച്ചു സിനിമകൾ കൂടി ചെയ്തു. മകന്റെ അച്ഛൻ എന്ന ചിത്രത്തിൽ വിനീതിന്റെ പെയർ ആയിരുന്നു, പിന്നെ ഉത്തരാസ്വയം വരത്തിൽ ജയസൂര്യയുടെ അനിയത്തിയായി, വലിയങ്ങാടി എന്ന ചിത്രത്തിൽ മണിക്കുട്ടന്റെ നായികയായി. അങ്ങനെ സിനിമകൾ അത്രയും ചെയ്ത ശേഷമാണു യാദൃശ്ചികമായി സീരിയലിലേക്ക് ഒരു ഓഫർ ലഭിക്കുന്നത്. അപ്രതീക്ഷിതമായാണ് ഓരോന്നും ജീവിതത്തിൽ സംഭവിച്ചത്. 

അന്ന് സീരിയലിൽ വിളിക്കുമ്പോൾ, എന്താണ് സിനിമ, എന്താണ് സീരിയൽ അതിന്റെ വൈരുദ്ധ്യങ്ങളെന്തൊക്കെയാണ്, എന്നിങ്ങനെയുള്ള തിരിച്ചറിവൊന്നും ഉണ്ടായിരുന്നതേയില്ല. വേർതിരിവൊന്നും തോന്നിയില്ല, സീരിയൽ ചെയ്യുമ്പോൾ സിനിമയിലേയ്ക്ക് വീണ്ടുമൊരു എത്തിപ്പെടൽ ബുദ്ധിമുട്ടാവും എന്നും ഓർത്തില്ല, അവസരം ലഭിച്ചപ്പോൾ അത് ഏറ്റെടുത്തു, ചെയ്തു, പിന്നെ സീരിയലിൽ ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചു. സിനിമയെക്കാളും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതും സീരിയലിലേയ്ക്ക് എത്തിപ്പെട്ട ശേഷമായിരുന്നു. പക്ഷേ സീരിയലിന്റെ ഷെഡ്യൂളുകൾ കാരണം പിന്നീട് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചിട്ടും പോകാൻ പറ്റാത്ത അവസ്ഥ വന്നു. പിന്നെ സിനിമ പൂർണമായി ദൂരെയാക്കപ്പെട്ടു. അതിൽ വിഷമം ഒന്നുമില്ല.

എമിയിൽ നിന്നും വരദയിലേക്കുള്ള ദൂരം

ആദ്യത്തെ സിനിമയിലും മോഡലിങിന്റെ സമയത്തുമൊക്കെ എന്റെ പേര് എമി എന്ന് തന്നെയായിരുന്നു. പിന്നീട് സുൽത്താനിൽ എത്തിയതിനു ശേഷമാണ് പേര് വരദ എന്ന് മാറ്റിയത്. അതിനു കാരണം ലോഹിതദാസ് സാറാണ്. അദ്ദേഹത്തിന്റെ പ്രോജക്ട് ഒന്നും ആയിരുന്നില്ലെങ്കിൽ പോലും ആ സിനിമയുടെ പല സമയത്തും അദ്ദേഹം ലൊക്കേഷനിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു സിനിമ ചെയ്തത്. ആ സമയത്ത് ക്രിസ്ത്യൻ പേരുള്ള നായികമാർ ആരും തന്നെയില്ല. അപ്പോൾ ന്യൂമറോളജിയൊക്കെ നോക്കി പേര് മാറ്റിയാലോ എന്ന് അദ്ദേഹമാണ് നിർദ്ദേശം വച്ചത്. അങ്ങനെയാണ് വരദ എന്ന പേര് കിട്ടിയത്. എന്തായാലും ആ പേരിനോടുള്ള കടപ്പാട് ലോഹി സാറിനോടാണ്. 

എമി എന്ന പേരിൽ അങ്ങനെ അറിയപ്പെടുന്ന ഒരാളായിരുന്നില്ല ഞാൻ. പക്ഷേ പേര് മാറിയപ്പോൾ സ്വാഭാവികമായും മാറ്റങ്ങൾ ജീവിതത്തിലുണ്ടായി. എല്ലാം ദൈവ ഭാഗ്യമായിരിക്കാം. വരദ എന്ന പേര് ലഭിച്ച ശേഷമാണ് നടി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇത്തരം കാര്യങ്ങളിൽ അത്യാവശ്യമൊക്കെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

varada പല തരത്തിലുള്ള ആൾക്കാരാണ് സോഷ്യൽ മീഡിയയിലുള്ളത്. ഇപ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രം വന്നാൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ കാണാം. നടിയുടെ കാര്യം എടുത്താൽ പോലും ഇതിനു മുൻപ് വന്ന അവരുടെ പല ചിത്രങ്ങൾക്ക് താഴെയും വളരെ മോശമായുള്ള അഭിപ്രായങ്ങൾ വന്നിട്ടുണ്ട്...

സീരിയലിൽ വില്ലൻ ജീവിതത്തിൽ നായകൻ

അമല എന്ന സീരിയലിൽ അഭിനയിച്ചപ്പോഴാണ് ജിഷിനുമായി സൗഹൃദത്തിലാകുന്നത്. അത് പിന്നീട് പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. 2014 മെയ് 25 നു ആയിരുന്നു വിവാഹം. റീജിയണൽ ക്യാൻസർ സെന്ററിലെ കുട്ടികൾക്കൊപ്പമായിരുന്നു അന്ന് വിവാഹസദ്യ ഞങ്ങൾ കഴിച്ചത്. വിവാഹവും അധികം ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും ജീവിതത്തിൽ ജിഷിൻ നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്. അല്ലെങ്കിൽ ഇതുപോലെ ജോലി ചെയ്യാനാകില്ല. 

വിവാഹം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും സീരിയൽ ലൊക്കേഷനിലേക്ക് പോകേണ്ടി വന്നു. ആകെ ഇതുവരെയുള്ള ജീവിതത്തിൽ സീരിയലിൽ നിന്ന് ബ്രേക്ക് എടുത്തത് ആറു മാസമാണ്, അത് ഗർഭിണിയായ ശേഷം ഏഴു മാസം കഴിഞ്ഞപ്പോഴായിരുന്നു. ഇപ്പോൾ ചില പ്രോജക്ടുകളൊക്കെ ചെയ്യുന്നുണ്ട്, ജാഗ്രത എന്നൊരു സീരീസ് ഫിലിമിൽ അഭിനയിച്ചു. അത് ഒരു കുറ്റാന്വേഷണ പരമ്പരയാണ്. കുറെ കഥകളിൽ ഒരു കഥയിലാണ് അഭിനയിച്ചത്. അമൃത ടിവിയിലാണ് അത് പ്രക്ഷേപണം ചെയ്യുക. അതിനു വേണ്ടി നാലഞ്ചു ദിവസമേ മാറ്റി വയ്‌ക്കേണ്ടി വന്നുള്ളൂ. അതല്ലാതെ സ്റ്റാർ വാർ എന്നൊരു പരിപാടി ചെയ്യുന്നുണ്ട്, അതൊരു റിയാലിറ്റി ഷോയാണ്,അതിനി ഒരു ഷെഡ്യൂൾ കൂടി തീരാനുണ്ട്, ജിഷിനൊപ്പം തന്നെയാണ് അതിന്റെ വർക്കുകൾ. ഞങ്ങൾ രണ്ടു പേരും വർക്കിന്‌ പോകുമ്പോൾ മോനേം കൂട്ടിയാണ് യാത്രകൾ, പിന്നെ ഒപ്പം എന്റെ മമ്മി ഉണ്ടാവും. ഞങ്ങൾ ഷൂട്ടിന് പോകുമ്പോൾ മുറിയിൽ അമ്മ മോനോടൊപ്പം കൂട്ടിനുണ്ടാകും.

ജിഷിൻ എല്ലാത്തിലും നല്ല സപ്പോർട്ട് തന്നെയാണ്. എനിക്ക് എന്റേതായ വ്യക്തിത്വം നിലനിർത്താൻ കഴിയുന്നുണ്ടെങ്കിൽ അത് ജിഷിൻ കാരണമാണ്. യാതൊരു വിധ കോംപ്ലക്സുകളും ഉള്ള ആളല്ല. രണ്ടുപേരും ഒരേ ഫീൽഡാകുമ്പോൾ പലർക്കും കോംപ്ലക്സുകളുണ്ടാകാമല്ലോ. പക്ഷെ എനിക്ക് എന്റേതായ തീരുമാനങ്ങളും ഇഷ്ടങ്ങളും അത് എടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, അദ്ദേഹം അതിലൊന്നും കയറി അഭിപ്രായം പറയുകയോ അടിച്ചേൽപ്പിക്കുകയോ ചെയ്യാറില്ല. 

ഒരു കഥാപാത്രം വന്നാൽ പോലും അതിൽ അവസാന തിരഞ്ഞെടുപ്പ് നടത്തുന്നത് ഞാൻ തന്നെയാകും, അദ്ദേഹം നിർദ്ദേശങ്ങൾ പറയും, പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നെ നൽകാറുണ്ട്. വർക്കിന്റെ കാര്യത്തിൽ മാത്രമല്ല ജീവിതത്തിലാണെങ്കിലും എന്റെ കാര്യങ്ങളിൽ എനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ഇടം ഉണ്ട്. അതുപോലെ ഒന്നിച്ച് തീരുമാനമെടുക്കേണ്ട സന്ദർഭങ്ങളിൽ എന്നോടും സംസാരിക്കാറുണ്ട്, ഒന്നിച്ചാണ് അത്തരം തീരുമാനങ്ങൾ എടുക്കാറും.

സോഷ്യൽ മീഡിയയും പേടികളും

ഞാൻ സോഷ്യൽ മീഡിയയിൽ ഒരുപാടൊന്നും ആക്ടീവല്ല, എങ്കിലും പരമാവധി ഫോളോ ചെയ്യാൻ നോക്കാറുണ്ട്. കൂടുതലും ചിത്രങ്ങളാണ് അപ്‌ഡേറ്റ് ചെയ്യുക. പരമാവധി ഏല്ലാവർക്കും മറുപടികൾ കൊടുക്കാൻ ശ്രമിക്കാറുണ്ട്, പക്ഷേ എല്ലാവർക്കും മറുപടി കൊടുക്കുക എളുപ്പമല്ലല്ലോ, എങ്കിലും എല്ലാ കമന്റുകളും ഞാൻ വായിക്കാറുണ്ട്. എന്തായാലും ഞാൻ അഡിക്റ്റല്ല.

സാധാരണ ഒരുപാട് സോഷ്യൽ ആയ കാര്യങ്ങളിൽ ഞാൻ അഭിപ്രായം ഒന്നും ഇടാറുണ്ടായിരുന്നില്ല. കാരണം പല തരത്തിലുള്ള അഭിപ്രായങ്ങൾ തിരികെ വരാം. പല തരം ആൾക്കാരാണല്ലോ ഇവിടെയുള്ളത്. ഇക്കഴിഞ്ഞ ദിവസം നടൻ ദിലീപിന്റെ വിഷയത്തിൽ ഞാനിട്ട പോസ്റ്റ് വളരെയധികം ചർച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തു. 

ഒരുപാട് മോശമായ കമന്റുകളും പോസ്റ്റിനു താഴെ വന്നു. പക്ഷേ എന്റെ ഒരു അഭിപ്രായം പറയാനുള്ള വേദിയാണ് എനിക്ക് ആ പേജ്. ഞാൻ വളരെ ന്യൂട്രൽ ആയ ഒരഭിപ്രായമാണ് പറഞ്ഞതും, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചോ ഒന്നുമായിരുന്നില്ല ആ അഭിപ്രായം. പക്ഷേ അതിന്റെ ഉദ്ദേശം മസ്സിലാക്കാതെയാണ് പലരും ആ വാക്കുകൾ നെഗറ്റീവ് ആയി കണ്ടതും അതിനെതിരെ പരാമർശങ്ങൾ ഉണ്ടായതും. ഒരുപാട് ഷെയറും പോയി ആ പോസ്റ്റ്, കമന്റുകൾ വായിച്ചു ഭ്രാന്ത് പിടിച്ചപ്പോൾ അവസാനം ഫെയ്‌സ്ബുക്ക് നോക്കാതെയായപ്പോഴാണ് മാനസികമായ ഒരു ആശ്വാസം ലഭിച്ചത്. അത് വളരെ വിഷമകരമായ ഒരു അവസ്ഥയായിരുന്നു.

Varada ഒരു കഥാപാത്രം വന്നാൽ പോലും അതിൽ അവസാന തിരഞ്ഞെടുപ്പ് നടത്തുന്നത് ഞാൻ തന്നെയാകും, അദ്ദേഹം നിർദ്ദേശങ്ങൾ പറയും, പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നെ നൽകാറുണ്ട്...

ജിഷയിൽ നിന്ന് തുടങ്ങിയ പേടി

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ കേസിൽ പലരും അവരുടെ സെക്യൂരിറ്റി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ എനിക്ക് ആദ്യം അത്തരമൊരു പേടി തോന്നിയത് ജിഷയുടെ കേസ് പുറത്തു വന്നപ്പോഴാണ്. ഡൽഹിയിലെ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടപ്പോഴും ഒന്നും അത്രയും ഭയം തോന്നിയില്ല. ഡൽഹി വളരെ അകലെയാണെന്ന തോന്നൽ, പക്ഷേ ജിഷയുടെ കേസ് വന്നപ്പോൾ ശരിക്കും ഭയം തോന്നി. അവിടം മുതൽതന്നെ ഒരു സ്വയം സംരക്ഷണം എന്ന ബോധം ഉള്ളിൽ ഉണ്ടായിട്ടുണ്ട്. 

ഇപ്പോൾതന്നെ കൊച്ചിയിൽ നടിയ്ക്ക് പകരം ആക്രമിക്കപ്പെട്ടത് ഞാനെങ്ങാനുമായിരുന്നെങ്കിൽ ജീവിച്ചിരിക്കില്ലായിരുന്നു എന്ന് തോന്നാറുണ്ട്, അത്രയ്ക്കുള്ള ധൈര്യമേ എനിക്കൊക്കെയുള്ളൂ. അവരുടെ ധൈര്യത്തെ ഒരുപാട് ആദരവോടെ അംഗീകരിച്ചെ മതിയാകൂ. 

സത്യം പറഞ്ഞാൽ ഒരാളെയും വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോൾ പിന്നെ സീരിയൽ ലൊക്കേഷനുകൾ തിരുവനന്തപുരത്താണ് എന്നതുകൊണ്ട് എന്റെ വീടും അവിടെ തന്നെയാണ്. അതുകൊണ്ട് രാവിലെ പോയി വൈകിട്ട് തിരികെ വരുക എന്നൊരു രീതിയിലാണ് പോകുന്നത്. പുറത്തെവിടെയെങ്കിലുമാണ് ജോലി എന്നുണ്ടെങ്കിൽ ഭർത്താവോ മമ്മിയോ കൂടെ വരും. അതുകൊണ്ട് അത്തരം കാര്യത്തിൽ ഒരുപാട് ആധി പിടിക്കേണ്ടി വന്നിട്ടില്ല. ഒരുപരിധിവരെ ആ കാര്യത്തിൽ സമാധാനമുണ്ട്, പിന്നെ ഒരുപാട് യാത്രകൾ ചെയ്യുന്ന ആളുമല്ല ഞാൻ.

സോഷ്യൽ മീഡിയ വിഷമിപ്പിക്കാറുണ്ട്...

പല തരത്തിലുള്ള ആൾക്കാരാണ് സോഷ്യൽ മീഡിയയിലുള്ളത്. ഇപ്പോൾ ഒരു പെൺകുട്ടിയുടെ ചിത്രം വന്നാൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ കാണാം. നടിയുടെ കാര്യം എടുത്താൽ പോലും ഇതിനു മുൻപ് വന്ന അവരുടെ പല ചിത്രങ്ങൾക്ക് താഴെയും വളരെ മോശമായുള്ള അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ഈ വാർത്ത ആദ്യം പുറത്ത് വന്നപ്പോഴും അവർ ഒരു സിനിമാനടി ആയതിനാൽ അവരെ മോശമായി കാണിക്കാനാണ് പലരും ശ്രമിച്ചതും. അവർ എങ്ങനെ ആണെന്ന് ആർക്കും അറിയില്ല, പക്ഷേ അഭിനയിക്കുന്ന ആളാണ് എന്നത് കൊണ്ട് പലപ്പോഴും നടിമാർ അപമാനിക്കപ്പെടാറുണ്ട്. 

അഭിനയം മറ്റ് ഏതൊരു ജോലിയെയും പോലെ തന്നെയുള്ള ഒരു ജോലി മാത്രമാണ്. അത് തിരിച്ചറിയാൻ ആരും ശ്രമിക്കുന്നില്ല, മറ്റേതൊരു ജോലിയിൽ ഉള്ളവരെയും പോലെ അഭിമാനവും ചോരയും നീരും അഭിനേതാക്കൾക്കുമുണ്ട്. നമ്മളിപ്പോൾ കുറച്ച്‌ രൂക്ഷമായി പ്രതികരിച്ചാൽ നമ്മളെ വളരെ മോശമാക്കി ചിത്രീകരിച്ച് കളയും. വിഷമം വരാറുണ്ട്. സത്യം പറഞ്ഞാൽ പേടി ഉള്ളതുകൊണ്ടാണ് സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇപ്പോൾ പോസ്റ്റുകൾ ഇടാത്തതും കൂടുതൽ അഭിപ്രായങ്ങൾ പറയാത്തതും. ഞാൻ ഇങ്ങനെ ഒരാളൊന്നുമായിരുന്നില്ല, മനസ്സിലുള്ള കാര്യങ്ങൾ പറയാൻ മടിയില്ലാത്ത ആളാണ്, പക്ഷേ സോഷ്യൽ മീഡിയയിൽ എന്ത് പറയുമ്പോഴും നമ്മൾ ശ്രദ്ധിക്കണം.. ഭയക്കണം..

അമ്മയും സെൽഫി വിവാദവും

എന്തിനു നമ്മുടെ മെക്കിട്ടു കയറുന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഞാൻ അന്ന് മുതലേ പറയുന്നതാണ്, അത്രയും പ്രശ്നങ്ങളെ അതിജീവിച്ചും ആ നടി അഭിനയിക്കുന്നുണ്ട്, അവരുടെ ജോലി നന്നായി തന്നെ കൊണ്ട് പോകുന്നുണ്ട്, എല്ലാം നന്നായി പോകുന്നു. അപ്പോൾ ഞാനൊരു സെൽഫി ഇടുമ്പോൾ എന്താണ് പ്രശ്നം? ആ സെൽഫിയും എന്റെ സപ്പോർട്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. അങ്ങനെയൊരു സെൽഫി ഇട്ടെന്ന് വച്ച് അവർക്കുള്ള എന്റെ സപ്പോർട്ട് കുറഞ്ഞു പോകില്ല, ഞാൻ അവരെ ബഹുമാനിക്കുന്നു, ഒപ്പം നിൽക്കുന്നു, ഞാൻ മാത്രമല്ല എനിക്ക് തോന്നിയത്, അമ്മയിലെ ഒട്ടു മിക്ക ആളുകളും അവർക്കൊപ്പം തന്നെയാണ്. പിന്നെ ഒരുപാട് ആരെയും എതിർത്ത് സംസാരിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. 

ഒരു പെൺകുട്ടികൾക്കും അങ്ങനെയൊരു ഗതി വരണമെന്ന് ആർക്കും ആഗ്രഹമില്ല. പക്ഷേ നമ്മളെ അറിയാതെ, അവിടെ എന്താണ് നടക്കുന്നതെന്നറിയാതെയാണ് പലരും വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. ചുമ്മാ രോഷം കൊള്ളൽ മാത്രമേയുള്ളൂ, ഒരു മനസ്സുഖം അവർക്ക് ലഭിക്കും അതേയുള്ളൂ എന്നാണു എനിക്ക് തോന്നിയത്.

Varada കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ കേസിൽ പലരും അവരുടെ സെക്യൂരിറ്റി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ എനിക്ക് ആദ്യം അത്തരമൊരു പേടി തോന്നിയത് ജിഷയുടെ കേസ് പുറത്തു വന്നപ്പോഴാണ്..

ഓണം...

മോനും ഒപ്പമുള്ള ഞങ്ങളുടെ ആദ്യത്തെ ഓണമാണ്, അത് നന്നായി ആഘോഷിക്കണം എന്നാണു ആഗ്രഹം. ജിഷിന്റെ വീട് കണ്ണൂരാണ്, അങ്ങോട്ടേയ്ക്ക് പോകാൻ കഴിയുമോ എന്നറിയില്ല, കാരണം ഷൂട്ടിന്റെ തിരക്കുകൾ, ഓണം ആയതിനാൽ വരുന്ന മറ്റു പരിപാടികൾ എല്ലാം മാറ്റി വച്ച് കുറച്ചു ദിവസം അവധി കിട്ടിയാൽ മാത്രമേ അങ്ങോട്ടേയ്ക്ക് പോകാൻ കഴിയൂ, അതുകൊണ്ട് അക്കാര്യത്തിൽ തീരുമാനമായിട്ടില്ല . അല്ലെങ്കിൽ തിരുവനന്തപുരത്ത് വച്ച് തന്നെയാകും ഇത്തവണയും ഞങ്ങളുടെ ഓണം. മോനെ മുണ്ടൊക്കെ അടുപ്പിച്ച്, പൂക്കളമൊക്കെയിട്ട് ഒരു ഫോട്ടോ പ്രതീക്ഷിക്കാം...

ഓണം എന്നാൽ എനിക്ക് ആദ്യം ഓർമ്മവരുക സദ്യ തന്നെയാണ്. അത് ഞാനുണ്ടാക്കുന്നതിനേക്കാൾ അമ്മ ഉണ്ടാക്കുന്നതാണ് ഏറ്റവുമിഷ്ടം. ബാക്കി എല്ലാ ദിവസങ്ങളിലും നോൺ വെജിറ്റേറിയൻ കഴിക്കാൻ ഇഷ്ടമുള്ള ആളാണ്, പക്ഷേ ഓണത്തിന് നിർബന്ധമായിട്ട് ഇലയിട്ട് സദ്യ ഉണ്ടാവണം, പായസം വേണം. സദ്യ കഴിഞ്ഞാണ് ഓണപ്പൂക്കളം, സെറ്റു മുണ്ട്, എന്നതൊക്കെ ഓർക്കുക തന്നെ. പിന്നെ ഓണമാകുമ്പോൾ എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടാകും, മിക്കപ്പോഴും ഉത്രാടവും തിരുവോണവും ഒക്കെ തന്നെയേ വീട്ടിൽ ഉണ്ടാകാറുള്ളൂ. 

വായനയും പാട്ടും...

ഇപ്പോഴുള്ള ഏറ്റവും വലിയ ഹോബി മോന്റെ കൂടെ കളിക്കുക മാത്രമാണ്. പണ്ട് വായനയും പാട്ടു കേൾക്കലുമായിരുന്നു ഹോബി. സ്‌കൂളിൽ പഠിക്കുമ്പോഴൊക്കെ നല്ല വായനയുണ്ടായിരുന്നു. കവിതകളൊക്കെ വായിക്കാൻ ഒത്തിരി ഇഷ്ടമുണ്ടായിരുന്നു, വലിയ സാഹിത്യമൊന്നുമല്ല, ചെറിയ വായനകൾ... ലേഖനങ്ങൾ ഒക്കെ. 

അറിയാനുള്ള താൽപ്പര്യം എപ്പോഴുമുണ്ട്, പക്ഷേ ഇപ്പോൾ ഗൂഗിൾ വിരൽ തുമ്പിൽ ഉള്ളതിനാൽ എന്തെങ്കിലും അറിയണം എന്ന് തോന്നിയാൽ ഗൂഗിൾ ചെയ്യും, അതുകൊണ്ടാകാം വായന കുറഞ്ഞതെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ മോൻ മാത്രമാണ് പ്രധാന ജോലി. അദ്ദേഹം മിക്കപ്പോഴും ഷൂട്ടിൽ തന്നെയാകും ജിഷിൻ  ഇവിടെയുള്ളപ്പോൾ മോന്റെ അടുത്ത് തന്നെയുണ്ടാകും. എടുത്തോണ്ട് നടക്കുകയും ഭക്ഷണം കൊടുക്കുകയും ഒക്കെ ചെയ്യും. അവനു എപ്പോഴും അടുത്ത് ആരെങ്കിലും ഉണ്ടാവണം, അവനെ ശ്രദ്ധിക്കുന്നുവെന്നു അവനു തോന്നണം. അല്ലെങ്കിൽ ശ്രദ്ധ ആകർഷിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യും, അതുകൊണ്ട് അവന്റെ അടുത്ത് തന്നെ ഇരിക്കാൻ ഇഷ്ടമാണ്.

Read more: Lifestyle Malayalam Magazine