Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രങ്ങളിലെ ആഢ്യത്വം, 400 കിലോഗ്രാം സ്വർണം ! ; പകിട്ടോടെ പത്മാവതി

Padmavati പത്മാവതിയിൽ ദീപിക പദുക്കോൺ

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതെന്തെന്നു ചോദിച്ചാൽ ഒറ്റയടിക്ക് ഉത്തരം പറയാം – കോസ്റ്റ്യൂംസ്.  ഡിസംബർ ഒന്നിന് റിലീസിനൊരുങ്ങുന്ന ബൻസാലിയുടെ പത്മാവതി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ ചർച്ചയായതും മറ്റൊന്നുമല്ല ദീപികയുടെയും രൺവീറിന്റെയും ഷാഹിദ് കപൂറിന്റെയും വസ്ത്രങ്ങളും ആഭരണങ്ങളും തന്നെ. 

ബൻസാലി സിനിമയുടെ പ്ലസ് പോയിന്റ് വസ്ത്രങ്ങളിലെ ആഡംബരവും ആഢ്യത്വവും വർണവൈവിധ്യങ്ങളുമാണെന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ പുറത്തിറങ്ങിയ ബൻസാലി ചിത്രങ്ങളെ ആടയാഭരണങ്ങളുടെ കാര്യത്തിൽ പത്മാവതി കടത്തിവെട്ടുമെന്നാണ് ബോളിവുഡിന്റെ പ്രവചനം. 13 -14 നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കാൻ ആയിരക്കണക്കിനാളുകളുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവുമാണ് വേണ്ടിവന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രശസ്ത ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നെരൂല കൂട്ടുകെട്ടാണ്. 

ചിത്രത്തിനു വേണ്ട വസ്ത്രങ്ങൾ തയാറാക്കുക ശരിക്കും കുഴയ്ക്കുന്ന ജോലിയായിരുന്നെന്ന് റിംപിളും ഹർപ്രീതും പറയുന്നു. അക്കാലത്തെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ആധികാരിക രേഖകളൊന്നുമുണ്ടായിരുന്നില്ല. ജയ്പൂരിലെയും അഹമ്മദാബാദിലെയും മ്യൂസിയങ്ങൾ സന്ദർ‌ശിച്ചും വിവിധയിടങ്ങളിലെ പെയിന്റിങ്ങുകൾ, യാത്രാവിവരണങ്ങൾ, ചരിത്രപുസ്തകങ്ങൾ എന്നിവയെല്ലാം പഠിച്ചാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങിയതെന്ന് ഇരുവരും പറയുന്നു. 

ഓർഗാനിക്– ട്രഡീഷനൽ 

അക്കാലത്തെ വസ്ത്രരീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കനം കുറഞ്ഞ വസ്ത്രങ്ങൾ ഒരുക്കാനാണ് ഡിസൈനർമാർ ശ്രമിച്ചത്. ചന്ദേരി, കോട്ടാ, റോ സിൽക്ക്, മൽ തുടങ്ങി മുഴുവൻ ഓർഗാനിക് ഫാബ്രിക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിങ്ങിൽ മെഷീൻ വർക്കുകൾ ഒന്നും തന്നെയില്ല. എല്ലാം ഹാൻഡ്മെയ്ഡ് എംബ്രോയ്ഡറി  വെജിറ്റബിൾ ഡൈ, ഹാൻഡ് ഡൈ എന്നിവ നിറങ്ങൾക്കായി ഉപയോഗിച്ചു. ട്രഡീഷനൽ ഗോട്ടാ, സർദോസി വർക്കുകളാണ് വസ്ത്രങ്ങളിൽ കൂടുതലായും നൽകിയിട്ടുള്ളത്. വസ്ത്രങ്ങളുടെ ബോർഡറുകളെ അലങ്കരിക്കുന്നത് രാജസ്ഥാനിലെ തനതു ഡിസൈനിങ് വർക്കുകളും ആർക്കിടെക്ചറൽ ഡിസൈനുകളുമാണ്. 

ചിത്രത്തിലെ നായികാ കഥാപാത്രമായ ദീപിക അണിയുന്നത് എംബല്ലിഷ്മെന്റുകളും എംബ്രോയ്ഡറിയും ഇടകലർന്ന ഹെവി എംബല്ലിഷ്ഡ് സാരികളാണ്. ദുപ്പട്ടയുടെ ബോർഡറുകളിൽ ട്രഡീഷനൽ ജല്ലർ വർക്കുകളും നൽകി. മഹാരാജാവായി വേഷമിടുന്ന ഷാഹിദ് കപൂറിനായി ഡിസൈൻ ചെയ്തത് കാൽമുട്ടിനോളം ഇറക്കമുള്ള ജാക്കറ്റ് സ്റ്റൈലിലുള്ള സിൽക്കിലും ബ്രൊക്കേഡിലുമുള്ള കുർത്തകളാണ്. നാലുമാസമെടുത്താണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. രാജകീയ പ്രൗഢി നൽകുന്ന കുങ്കുമം, ബീജ്, ഗോൾഡ്, പച്ച, ഐവറി നിറങ്ങളാണ് ഷാഹിദിന്റെ വസ്ത്രങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 

ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി വേഷമിടുന്ന രൺവീർ സിങ്ങിനായി ഒരുക്കിയതിൽ അധികവും രോമക്കുപ്പായങ്ങളാണ്. ചിക്കൻകാരി കുർത്തകളും കടുംനിറത്തിലുള്ള എംബല്ലിഷ്ഡ് ഷോളുകളുമാണ് രൺവീറിന്റെ വസ്ത്രങ്ങളുടെ പ്രത്യേകത. 

400 കിലോഗ്രാം സ്വർണം

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന രാജ്പുതാന കാലത്തെ ആഭരണങ്ങൾ 200 ക്രാഫ്റ്റ്സ്മാൻ 600 ദിവസത്തെ പ്രയത്നം കൊണ്ടാണ് രൂപപ്പെടുത്തിയെടുത്തത്. ഇതിനായി ഉപയോഗിച്ചതാകട്ടെ 400 കിലോഗ്രാം സ്വർണവും. തനിഷ്ക് ജുവല്ലറി പുറത്തിറക്കിയ വീഡിയോയിൽ ആഭരണനിർമാണത്തിനു പിന്നിലുള്ള എല്ലാ പ്രയത്നവും എടുത്തുകാണിക്കുന്നുണ്ട്. സിനിമയിൽ ദീപിക ഉപയോഗിക്കുന്ന ആഭരണങ്ങളുടെ അതേ ഡിസൈനിലുള്ള പത്മാവതി കലക്ഷനുകളുടെ വിൽപനയും തനിഷ്ക് ആരംഭിച്ചിട്ടുണ്ട്.

ഹെവി ജ്വല്ലറിയാണ് ദീപികയ്ക്കായി ഡിസൈൻ ചെയ്തത്. ആംലെറ്റ്സ്, ആങ്ക്‌ലെറ്റ് തുടങ്ങി നെറ്റിത്തടം വരെ അലങ്കരിക്കുന്നത് വലിയ ഡിസൈനുകൾ. ദീപികയുടെ ലെയേഡ് ആഭരണങ്ങളിൽ കൂടുതലും ഗോൾഡ്, കുന്ദൻ വർക്കുകളാണ്. സ്പെക്ട്രം റിങ്ങുകളിലുള്ള മുക്കൂത്തി കണ്ടാൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ്. സിനിമ റിലീസ് ആകുന്നതോടെ ദീപികയുടെ ആഭരണങ്ങളും ലഹംഗ, സാരി വസ്ത്രങ്ങളും മാത്രമല്ല ഷാഹിദിന്റെ എംബല്ലിഷ്ഡ് കുർത്തയും രൺവീർ സിങ്ങിന്റെ രോമക്കുപ്പായങ്ങളും  ട്രെൻഡ് സെറ്റർ ആകുമെന്നാണ് ഡിസൈനർമാരുടെ വാദം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam