ലുക്കിന്റെ കാര്യത്തില്‍ ഈ ബോളിവുഡ് താരപുത്രികൾ വേറെ ലെവലാണ് !

സുഹാന, സാറ അലി ഖാൻ, ജാൻവി കപൂർ, നവ്യ നവേലി നന്ദ

ബി ടൗണിലിപ്പോൾ  ന്യു ജനറേഷൻ തരംഗമാണ്.  അരങ്ങുതകർക്കുന്നവരിൽ പലരും പഴയ സിനിമാപ്രവർത്തകരുടെ മക്കൾ. ഇനി വലംകാൽവച്ചു കയറാനായി കാത്തുനിൽക്കുന്നവരും സൂപ്പർസ്റ്റാറുകളുടെ മക്കൾ.  കിങ് ഖാൻ ഷാറൂഖ് ഖാന്റെ മകൾ സുഹാന, ബോളിവുഡ് ക്വീൻ ശ്രീദേവിയുടെ മകൾ ജാൻവി, അമിതാഭ് ബച്ചന്റെ പേരമകൾ നവ്യ നവേലി നന്ദ, സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയു മകൾ സാറാ അലി ഖാൻ.... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. 

ക്യാമറാക്കണ്ണുകളെല്ലാം  ഇപ്പോൾ ഈ സുന്ദരികളെ ചുറ്റിപ്പറ്റിയാണ്. ബോളിവുഡ്  പാർട്ടികളും അവാർഡ് ചടങ്ങുകളിലും അച്ഛനമ്മമാർക്കൊപ്പം സ്ഥിരസാന്നിധ്യമാകുന്ന ഇവർ  സൗന്ദര്യം കൊണ്ടും സ്റ്റൈലുകൊണ്ടും വ്യത്യസ്തരാണ്. പാർട്ടി വെയറിലും, കാഷ്വൽ ലുക്കിലും കിടിലൻ സ്റ്റൈൽ പിന്തുടരുന്ന ഇവരുടെ പിന്നാലെയാണ്  ഇപ്പോൾ ഫാഷൻ ലോകവും.

സുഹാന ഖാൻ

സുഹാനയുടെ പഴ്സനൽ സ്റ്റൈലുകൾ ഇതിനോടകം ഫാഷൻ സർക്കിളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഹലോവീൻ പാർട്ടിക്ക് സുഹാന ധരിച്ച ഗോൾഡൻ എംബല്ലിഷ്ഡ് ഡ്രസാണ് ഇപ്പോഴത്തെ ചുടുള്ള സംസാരം. ഓംബർ ഇഫക്ട് തരുന്ന ഡ്രസിന്റെ ഹെംലൈൻ വരെ ഗോൾഡൻ സീക്വൻസ് വർക്കുകൾ. തിളങ്ങുന്ന ആടയ്ക്ക് അലങ്കാരമായി കാതിൽ കുഞ്ഞു സ്റ്റഡ്. റെഡ് ലിപ്സിനൊപ്പം മിനിമം മെയ്ക്ക് അപ്പും  കൂടി ചേരുന്നതോടെ ശരിക്കും ബോളിവുഡ് പ്രിൻസസ് ആയി സുഹാനയെന്നാണ് ബിടൗണിലെ വർത്തമാനം. 

നീളമുള്ള മുടിയാണ് സുഹാനയുടെ ഹൈലൈറ്റ്. സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് സുഹാനയ്ക്ക്. 

ജാൻവി കപൂർ

പാർട്ടികളിലും അവാർഡ് ചടങ്ങുകളിലും സ്റ്റൈലിന്റെ കാര്യത്തിൽ അമ്മ ശ്രീദേവിക്കൊപ്പം നിൽക്കും ജാൻവി കപൂർ. കാഷ്വൽവെയറായാലും പാർട്ടി ഡ്രസ് ആയാലും ഒരു പിടി മുന്നിൽ നിൽക്കണമെന്നാണ് ജാൻവിയുടെ അഭിപ്രായം.  അടുത്തിടെ അബുദാബിയിൽ നടന്ന വിവാഹചടങ്ങിന് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലാവൻഡർ കളർ െഎംബല്ലിഷ്ഡ് ചോളിയിൽ ജാൻവി പോസ് ചെയ്യുന്ന പടം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും സാക്ഷാൽ മനീഷ് മൽഹോത്ര തന്നെ. കളേഡ് എംബ്രോയ്ഡറി വർക്കുള്ള ഓഷ്യൻ ബ്ലൂ നിറത്തിലുള്ള ലെഹംഗയണിഞ്ഞെത്തിയ ജാൻവി ദീപാവലി ഡ്രസുകളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ ഒരാളായിരുന്നു. വൈകാതെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരാൾ കൂടിയാണ്.

സാറ അലി ഖാൻ

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ അലി ഖാൻ സിനിമയിലേക്ക് ചുവടുവച്ചു കഴിഞ്ഞു. സുശാന്ത് സിങ് രാജ്പൂത് നായകനാകുന്ന കേദാർനാഥാണ് സാറയുടെ ആദ്യ സിനിമ. അമൃതയുടെ പോലുള്ള ക്യൂട്ട് ലുക്കാണ് സാറയുടെ ഹൈലൈറ്റ് അടുത്തിടെ നടന്ന ദീപാവലി പാർട്ടിയിൽ അബു ജനി– സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത നീല മുഗൾ സ്റ്റൈലിലുള്ള  അനാർക്കലിയിലാണ് സാറ തിളങ്ങിയത്. എംബ്രോയ്ഡറിയും ഹെവി മിറർ വർക്കും ചേർന്ന വസ്ത്രം പട്ടൗഡി രാജകുമാരിയുടെ മാറ്റ് കൂട്ടി. സാറയുടെ മോണിങ് വോക്ക് ഡ്രസ് സ്റ്റൈൽ മുതൽ സാധാരണ കുർത്ത ലെഗ്ഗിങ്സ് സ്റ്റൈൽ വരെ സോഷ്യൽമീഡിയയിൽ തരംഗമാണ്. 

നവ്യ നവേലി നന്ദ

സിനിമ പാരമ്പര്യത്തിന്റെ കാര്യത്തിൽ നവ്യ നവേലി നന്ദയ്ക്ക് മാറ്റ് അൽപ്പം കൂടും. അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും പേരമകൾ, അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മരുമകൾ. എന്നാൽ നവ്യ സിനിമയിലേക്ക് ചേക്കേറുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. എങ്കിലും സോഷ്യൽമീഡിയയിലെ ഹിറ്റ് താരമാണ് നവ്യ.  ഉയരമാണ് നവ്യയുടെ ഹൈലൈറ്റ് ഒപ്പം വിടർന്ന കണ്ണുകളും. നവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഗ്രാജുവേഷൻ ചിത്രങ്ങൾ വലിയ തരംഗമായിരുന്നു. അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങൾക്കും ആരാധകരേറെയാണ്. അടുത്തിടെ നടന്ന വോഗ് ബ്യൂട്ടി അവാർഡ് ചടങ്ങിന്റെ റെഡ് കാർപ്പറ്റിൽ അമിതാഭ് ബച്ചനും ജയാബച്ചനും ശ്വേതാ ബച്ചനുമൊപ്പമാണ് നവ്യ ചുവടുവച്ചത്. മോനിഷ ജെയ്സിങ് ഡിസൈൻ ചെയ്ത് ക്രിസ്റ്റൽ വർക്ക് സിൽവർ കളർ ഗൗണിലായിരുന്നു നവ്യയുടെ റെഡ് കാർപ്പറ്റ് അരങ്ങേറ്റം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam