Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനുള്ള പ്രശ്നങ്ങള്‍ എന്റെ ലൈഫില്‍ ഇല്ല: ഗായത്രി അരുൺ

Gayathri Arun ഗായത്രി അരുൺ

സോഷ്യല്‍ മീഡിയയിലെ മനോരോഗികളുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയാകുന്നത് കൂടുതലും സെലിബ്രിറ്റികളാണ്. ഏറ്റവും ഒടുവില്‍ ഇത്തരം ഫെയ്ക്ക് ന്യൂസ് പ്രചാരണത്തിന് ഇരയായത് സീരിയല്‍ താരം ഗായത്രി അരുണ്‍ ആണ്. 'ഗായത്രി ആത്മഹത്യ ചെയ്തു' എന്ന് വ്യാജവാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി നടി ലൈവ് വിഡിയോയിൽ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മനോരമ ഓൺലൈനിനോടു പ്രതികരിക്കുകയാണ് ഗായത്രി.

''ഞാന്‍ ഈ ന്യൂസ് കണ്ടിരുന്നില്ല. കഴിഞ്ഞ ഒരുമാസം കൊണ്ടു പലപ്പോഴായി വളരെ അടുപ്പമുള്ള കുറേപ്പേര്‍ വിളിച്ചു ചോദിക്കുമ്പോഴാണ് വിവരം അറിയുന്നത് തന്നെ. കഴിഞ്ഞ ദിവസം പ്രോഗ്രാമിനു പോകുന്നതിനിടയില്‍ ഒരാള്‍ വീണ്ടും വിളിച്ചപ്പോഴാണ് ഇപ്പോഴും ഫെയ്ക്ക് ന്യൂസ് പ്രചരിക്കുന്നുണ്ട് എന്നു മനസ്സിലായത്. കൂടുതല്‍ ഷെയര്‍ ചെയ്ത് പോകുന്നതിനു മുമ്പ് ഒരു വ്യക്തതയ്ക്കു വേണ്ടിയാണ് ഇന്നലെ ലൈവ് വിഡിയോയിൽ വന്നത്.

gayathri ഗായത്രി അരുൺ

ഇതൊന്നും ചെയ്യുന്നവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഒരു പണിയും ഇല്ലാത്ത കുറേപ്പേര്‍ ഉണ്ടാകുമല്ലോ. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ താഴെ വരുന്ന കമന്റുകള്‍ മാത്രം നോക്കിയാല്‍ മനസ്സിലാകും ഇതിനായിട്ടു മാത്രം ഒരു പണിയുമില്ലാതെ ഇരിക്കുന്ന ഒരുപാടു പേരുണ്ട് എന്ന്. ഒറ്റദിവസം കൊണ്ട് ഇവരെയെല്ലാം കറക്റ്റ് ചെയ്യാന്‍ നമുക്ക് പറ്റില്ലല്ലോ. പലരും വിഷമത്തോടെ വിളിച്ചതു കൊണ്ട് ഇത്തരം വാര്‍ത്തകള്‍ സത്യാവസ്ഥ അറിഞ്ഞിട്ടു മാത്രം പ്രചരിപ്പിക്കൂ എന്നു പറയാനാണ് ഞാന്‍ ലൈവ് വന്നത്. വിശ്വാസ്യതയുള്ള മാധ്യമങ്ങള്‍ ഒരുപാടുണ്ടല്ലോ. ഇത്തരം ഒരു വാര്‍ത്ത കേട്ടാല്‍ അതൊന്നു നോക്കി ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ഷെയര്‍ ചെയ്യുക.

ഇതുവരെ എനിക്ക് ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും വന്നിട്ടില്ല. ഞങ്ങളുടെ പ്രൈവറ്റ് ലൈഫ് അവരുടെയും കൂടെ അവകാശമാണ് എന്ന് കരുതുന്ന ചിലരുണ്ട്. അവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍. എല്ലാവര്‍ക്കും അവരുടെതായ സ്വകാര്യത ഉണ്ട്. അത് കൊടുക്കുക എന്നതാണ് മാന്യത. പബ്ലിക് അറിയേണ്ട കാര്യങ്ങള്‍ നമ്മള്‍ തന്നെ പറയുമല്ലോ. അല്ലാതെ ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കേണ്ട കാര്യമില്ല, ഞങ്ങളും സാധാരണ മനുഷ്യരല്ലേ.

ഈ ഫെയ്ക്ക് ന്യൂസിനെതിരെ നിയമപരമായി നീങ്ങിയിട്ടില്ല. വാര്‍ത്ത ഇപ്പോഴും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നുണ്ട്. സത്യമാണോ എന്നറിയാന്‍ പലരും വിളിക്കുന്നുമുണ്ട്. ഇതില്‍ പറയുന്ന പോലെ ചെയ്യാന്‍ ഒരു പ്ലാനുമില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു പ്രശ്നങ്ങളും എന്റെ ലൈഫില്‍ ഇല്ല. നമുക്ക് മറ്റൊരാളുടെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ലേ. എന്നാല്‍ അത് ആസ്വദിക്കുന്നവരുമുണ്ട് , അവര്‍ അങ്ങനെ ചെയ്യട്ടെ. ” 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam