ടിവിയിൽ ആര്യ എത്തിയാൽ തന്നെ ചിരി തുടങ്ങും. എന്നാൽ അവതാരകവേഷത്തിൽ എത്തിയാൽ കക്ഷി മറ്റൊരാളാകും. കോമഡി റോളുകളും ഗൗരവമുള്ള അവതാരകവേഷവും ആര്യ ഭംഗിയായി കൈകാര്യം ചെയ്യുന്നു. എന്നാൽ ഇവയെക്കാളൊക്കെ തനിക്ക് താൽപര്യമുള്ളത് മറ്റൊരു വേഷമാണെന്ന് ആര്യ പറയുന്നു..ആര്യയുടെ ഫാഷൻ വിശേഷങ്ങളിലേക്ക്...
മോഡലിങ് വഴിയാണ് ഞാൻ മിനി സ്‌ക്രീനിലേക്കെത്തുന്നത്. പഠിച്ചു കൊണ്ടിരുന്ന കാലത്തുതന്നെ ചെറുതായി മോഡലിങ് ചെയ്യുമായിരുന്നു. പിൽക്കാലത്ത് അവതാരകയായി എത്തിയപ്പോൾ ക്യാമറയോടുള്ള പേടി മാറ്റാൻ മോഡലിങ് എക്സ്പീരിയൻസ് സഹായിച്ചിട്ടുണ്ട്. മിനി സ്‌ക്രീനിൽ എന്നും ഒരേ രീതിയിൽ പ്രസന്റ് ചെയ്യാൻ എത്തിയാൽ കാണുന്നവർക്ക് ബോറടിക്കും. അതുകൊണ്ട് ഓരോതവണയും വേറിട്ട ഗെറ്റപ്പുകൾ പരീക്ഷിക്കാറുണ്ട്. പുതിയ ഫാഷൻ ട്രെൻഡുകളെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്.
പഠിച്ചത് സാഹിത്യമാണെങ്കിലും ചെയ്യുന്നത് അഭിനേത്രിയുടെ/അവതാരകയുടെ ജോലിയാണെങ്കിലും ചെയ്യാൻ ഇഷ്ടമുള്ള ഒരു ജോലി ഫാഷൻ ഡിസൈനറുടേതാണ്. അങ്ങനെയാണ് ഞാൻ അരോയ എന്ന ബ്രാൻഡ് തുടങ്ങുന്നത്.
എന്റെ പേരും മകൾ രോയയുടെ പേരും ചേർത്താണ് അരോയ എന്ന് പേരിട്ടത്. ഇതൊരു ഡിസൈനർ ബുട്ടീക്കാണ്. കസ്റ്റമേഴ്സ്റ്റിന്റെ അഭിരുചി അനുസരിച്ച് ഡിസൈൻ ചെയ്തു നൽകാനാണ് ശ്രദ്ധിക്കുന്നത്. വിവാഹം പോലുള്ള ഇവന്റുകൾക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകാറുണ്ട്. കൂടെ സഹായികളുമുണ്ട്. ഇപ്പോൾ അത്യാവശ്യം ബിസിനസ് ആയി തുടങ്ങി.
ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ നേരെ കടയിലേക്ക് ഓടും. മകൾക്ക് വേണ്ടി ഡ്രസ് ഡിസൈൻ ചെയ്യുന്നതാണ് മറ്റൊരു സന്തോഷം.
വേദിക്ക് അനുസരിച്ച് വസ്ത്രം ധരിക്കുക എന്നതാണ് എന്റെ രീതി. മിനിസ്‌ക്രീനിൽ അഭിനയിക്കുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ അല്ല ഒരു മെഗാ ഇവന്റിന്റെ അവതാരകവേഷം ചെയ്യുമ്പോൾ ധരിക്കുന്നത്. എല്ലാത്തരം വസ്ത്രങ്ങളും പരീക്ഷിക്കാൻ ഇഷ്ടമാണെങ്കിലും സാരിയോട് സ്നേഹക്കൂടുതലുണ്ട്. നമുക്ക് കംഫർട്ടബിൾ ആയ അത്മവിശ്വാസം നൽകുന്ന വസ്ത്രം ധരിക്കുക എന്നതാണ് എന്റെ ഫാഷൻ സ്റ്റേറ്റ്മെന്റ്.