ഷോകള്‍ ഉണ്ട്, ടിവിയിലും ഓണ്‍ലൈനിലും നിരവധി പരിപാടികളുമുണ്ട്. എങ്കിലും നമ്മള്‍ സാധാരണക്കാരുടെ ചിന്ത ഇതൊക്കെ സിനിമാ താരങ്ങള്‍ക്കും മോഡലുകള്‍ക്കും മാത്രമുള്ള കാര്യമാണ് എന്നല്ലേ. മെയ്ക് ഓവര്‍ ചെയ്ത് സ്‌റ്റൈല്‍ ആയി നടക്കാനും കല്യാണത്തിനോ മറ്റെന്തെങ്കിലും പരിപാടികള്‍ക്കോ പോകുമ്പോള്‍ ആരുമൊന്നു നോക്കുന്ന ലുക്കിലും പോകാനും ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പക്ഷേ ഇതിനു വേണ്ടി ആരെ സമീപിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍ പൊതുവേയുണ്ട്. ഇനി ആ ധാരണയൊക്കെ മാറ്റി വയ്ക്കാം. എന്തെങ്കിലുമൊരു ചെറിയ വിശേഷമായാല്‍ പോലും നിങ്ങളുടെ വസ്ത്രം എങ്ങനെയുള്ളതാണെന്ന് പറഞ്ഞ് തരാന്‍ റെഡിയായി ഒരാള്‍ കൊച്ചിയിലുണ്ട്– ജൊബീന വിന്‍സെന്റ്. ഫാഷന്‍ ഡിസൈനര്‍ എന്നതിനേക്കാള്‍ ഫാഷന്‍ കണ്‍സള്‍ട്ടന്റ് ആണു കക്ഷി. കൂടുതല്‍ പരിചയപ്പെടുത്തിയാല്‍ അടുത്തിടെ, നടി പ്രിയാ വാര്യര്‍ ഗൗണ്‍ താങ്ങിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാളെ ഏല്‍പ്പിച്ചു എന്നൊരു വാര്‍ത്ത വന്നില്ലേ. ആ ഗൗണ്‍ താങ്ങിപ്പിടിച്ച്, പ്രിയയെ നടക്കാന്‍ സഹായിച്ച ആളാണു ഈ ജൊബീന.
വസ്ത്രം ഡിസൈന്‍ ചെയ്ത് ഹെയര്‍ ഡ്രസിങ് ആന്‍ഡ് മേക്കപ് ഒക്കെ തീരുമാനിച്ച് ഒരു പാക്കേജ് പോലെ നമ്മള്‍ടെ മേക്ക് ഓവര്‍ കയ്യില്‍ തരികയല്ല. നമുക്ക് ചേരുന്നതെന്താണ് അത് എവിടെ നിന്ന് എങ്ങനെ വാങ്ങണം, ഏത് ആഭരണം വേണം, അതെവിടെനിന്ന് എടുക്കണം, ഹെയര്‍ ഡ്രസിങ് എങ്ങനെ വേണം, മേക്കപ്പ് എങ്ങനെ ചെയ്യണം എന്നൊക്കെ തരംതിരിച്ച് നമുക്ക് പറഞ്ഞു തരുന്നയാളാണ് ഈ ജൊബീന...
പ്രിയാ വാര്യറുടെ ഗൗണ്‍ താങ്ങിപ്പിടിച്ച് വൈറലായപ്പോള്‍!
അതെ വൈറലായി. പ്രിയ അതിന്റെ പേരില്‍ കുറച്ചു പഴി കേള്‍ക്കുകയും ചെയ്തു. പക്ഷേ എനിക്കത് വളരെ പോസിറ്റീവ് ആയിട്ടാണ് വന്നത്. നമ്മള്‍ സ്‌റ്റൈലിസ്റ്റിനും ഫാഷന്‍ ഡിസൈനര്‍മാര്‍ക്കുമിടയില്‍ കുറേ പേരെങ്കിലും എന്നെയിപ്പോള്‍ തിരിച്ചറിയാനിടയായത് അങ്ങനെയാണ്. താരങ്ങള്‍ക്കായാലും സാധാരണ വ്യക്തികള്‍ക്കായാലും ഒരു പരിപാടിക്ക് അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകമായ ചടങ്ങുകളിലേക്ക് വസ്ത്രവും ഹെയര്‍ സ്റ്റൈലുമൊക്കെ ശരിയാക്കി കൊടുക്കുന്ന പതിവുണ്ട്. ഇവിടെയത് ഫാഷന്‍ ഡിസൈനര്‍മാരോ അല്ലെങ്കില്‍ ബ്യൂട്ടീഷ്യന്‍മാരോ ഒക്കെയാണ് സാധാരണ ചെയ്യുക. അതിനായി പ്രത്യേകിച്ച് ഒരാളുടെ അടുത്തേക്ക് പോകുന്നൊരു പതിവ് ഇവിടെയില്ല. ഞാന്‍ ആ മേഖലയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നൊരാളാണ്. അങ്ങനെയാണ് പ്രിയയ്ക്ക് അവള്‍ ആദ്യമായി പങ്കെടുക്കുന്നൊരു അവാര്‍ഡ് ഷോയ്ക്ക് വസ്ത്രമൊരുക്കാനുള്ള അവസരം വരുന്നത്. ബൊട്ടീക്കുകളുടെ പ്രൊമോഷനും ഇതിനോടൊപ്പം ചെയ്യുന്നുണ്ട്. ഇമേജ് കണ്‍സള്‍ട്ടിങ് എന്നാണ് അതിനെ പറയുക. ബൊട്ടീക്കുകള്‍ക്ക് വേണ്ടി പ്രൊമോഷന്‍ ചെയ്യുക.
അങ്ങനെ തൃശൂരുള്ളൊരു റിഥി ബൊട്ടീക് ആണ് പ്രിയയ്ക്ക് വസ്ത്രമൊരുക്കിയത്. ആദ്യമായി പങ്കെടുക്കുന്ന ഷോ ആയതുകൊണ്ടു തന്നെ പ്രിയയ്ക്കും അതുപോലെ ഞങ്ങള്‍ക്കും സ്‌പെഷ്യല്‍ ആയിരുന്നു. എലെഗന്റ് ആയ ഒരു ഗൗണ്‍ തന്നെ വേണമെന്നു തീരുമാനിച്ചു. അത് കുറച്ച് ഹെവി ആയിപ്പോയി. പ്രിയ അവളുടെ ഗൗണ്‍ പിടിക്കാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നൊന്നുമില്ല. ആ ഗൗണ്‍ എടുത്ത് പൊക്കാന്‍ നമുക്ക് തന്നെ പാടായിരുന്നു. അപ്പോള്‍ അത് ധരിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അങ്ങനെ പ്രിയയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു തോന്നിയപ്പോള്‍ ഞാന്‍ സഹായിച്ചൂവെന്നു മാത്രം. പക്ഷേ അത് മീഡിയയില്‍ വന്നപ്പോള്‍ വേറേ രീതിയ്ക്കായി. ആകെ ഒരു സിനിമയേ ചെയ്തു കഴിഞ്ഞപ്പോഴേ ഗൗണ്‍ പിടിക്കാന്‍ ആളെ ഏല്‍പ്പിച്ചുവെന്ന തരത്തിലായി. ഞാന്‍ സ്റ്റൈലിസ്റ്റ് ആകുന്നവര്‍ക്കൊപ്പം പരിപാടിയില്‍ ഞാനും പോകാറുണ്ട്. കാരണം അവരേക്കാളുപരി ആ വസ്ത്രം നന്നായി സൂക്ഷിക്കേണ്ടതും അത് അവരെ നന്നായി ധരിപ്പിക്കേണ്ടതും പ്രാഥമികമായി എന്റെ ആവശ്യമാണ്. അങ്ങനെയാണ് പ്രിയയ്‌ക്കൊപ്പം ഞാനും പോയത്. അതുകൊണ്ടു തന്നെ ഞാനായിരുന്നു സ്‌റ്റൈലിസ്റ്റ് എന്ന് കുറേ പേര്‍ അറിഞ്ഞു. എന്റെ സുഹൃത്തുക്കളും ഈ ഫീല്‍ഡില്‍ സജീവമായിട്ടുള്ളവരുമൊക്കെ വിളിച്ചു. എല്ലാവര്‍ക്കും അവസാനം ചോദിക്കാനുണ്ടായിരുന്നത് ഒന്നേയുള്ളൂ...നിനക്കൊരു നല്ല ഡ്രസ് അണിഞ്ഞ് പൊയ്ക്കൂടായിരുന്നോ എന്ന്. ഞാനൊരു ടീ ഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്. നമ്മളുടേത് ഒരിടത്തിരുന്നുള്ള പണിയലല്ലോ. അങ്ങനെ ഓടിനടക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ഈ ഡ്രസ് ആണ്.
എവിടെ നിന്ന് എങ്ങനെ...
കോട്ടയംകാരിയാണ്. കോട്ടയംകാരി അച്ചായത്തി. അതുകൊണ്ട് ഇച്ചിരി സ്പീഡിലാണ് സംസാരിക്കുക. ഞങ്ങള്‍ കോട്ടയംകാര് പൊതുവെ സംസാരപ്രിയരാണല്ലോ അല്ലേലും... എന്റെ വീടൊക്കെ വളരെ സാധാരണ ഒരു കുടുംബമാണ്. മമ്മീം പപ്പേം ചേച്ചിമാരും ആണ് വീട്ടിലുള്ളത്. ചേച്ചിമാരും അമ്മേം നഴ്‌സ് ആണ്. ഞാനും ആ വഴിക്ക് പോകണമെന്നായിരുന്നു മമ്മീടേം ആഗ്രഹം. പക്ഷേ എനിക്കെന്തോ അതിനോടു വലിയ ആകര്‍ഷണമൊന്നും തോന്നിയില്ല. പപ്പ പറയുമായിരുന്നു നീ ക്രിയേറ്റീവ് ആയ എന്തെങ്കിലും പഠിക്കാന്‍ പൊയ്‌ക്കോ നിനക്ക് ഇഷ്ടമാണെങ്കിലെന്ന്. ഞാന്‍ വരയ്ക്കുമായിരുന്നു. അതുകൊണ്ട് ആനിമേഷന്‍ പോലുള്ള എന്തെങ്കിലും പഠിപ്പിക്കാനായിരുന്നു താല്‍പര്യം. പക്ഷേ എനിക്കെന്തോ ഫാഷന്‍ ഡിസൈനിങ് എന്ന ഫീല്‍ഡിനോടായിരുന്നു ഇഷ്ടം. അതിലൊരു കൗതുകം തോന്നി. അങ്ങനെ എട്ടാം ക്ലാസ് ആയപ്പോഴേ ഉറപ്പിച്ചിരുന്നു ഞാന്‍ ഫാഷന്‍ ഡിസൈനിങ് ആയിരിക്കും പഠിക്കുകയെന്ന്. ഞങ്ങള്‍ സെയിന്റ് അല്‍ഫോണ്‍സയുടെ മൂന്നാം തലമുറയില്‍പ്പെട്ട ആളുകളാണ്. പരമ്പരാഗത കുടുംബം. അവിടെ നിന്നൊരാള്‍ ഫാഷന്‍ ഡിസൈനിങ് ബാംഗ്ലൂരില്‍ പോയി പഠിക്കുക എന്നൊക്കെ പറയുന്നത് വലിയ സംഭവമാണ്. എങ്കിലും പപ്പയും മമ്മിയും എനിക്കൊപ്പം നിന്നു. ബാംഗ്ലൂരിലെ ആചാര്യ കോളജിലായിരുന്നു പഠനം. 22 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് ഒരുപാട് സംസ്‌കാരങ്ങളെ പരിചയപ്പെടാനായി. അതുപോലെ രസകരമായിരുന്നു ക്ലാസുകളും. പഠിക്കുന്ന സമയത്തു തന്നെ ഞാന്‍ ഫാഷന്‍ ഷോകളില്‍ സജീവമായിരുന്നു.
ഇതുവരെ...
കോളജില്‍ പഠിക്കുമ്പോള്‍ ആദ്യ വര്‍ഷം മുതല്‍ക്കേ ഫാഷന്‍ ഷോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് 2013 മുതല്‍ക്കേ ഫീല്‍ഡിലുണ്ടെന്നു വേണമെങ്കില്‍ പറയാം. കോഴ്‌സിന്റെ ഭാഗമായും അല്ലാതെയും ചെറുതും വലുതുമായ ഒരുപാട് പ്രോജക്ടുകളില്‍ പങ്കാളിയാകാനായി. കേരള ഫാഷന്‍ വീക്കിലൊക്കെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത സ്റ്റൈലിസ്റ്റ് ആയ കവിത സന്തോഷിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഒല, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവയുടെ നാഷണല്‍ ആഡിലും അസിസ്റ്റ് ചെയ്തു. സുമദുര ബില്‍ഡേഴ്‌സിന്റെ ആഡ് തനിയെ ചെയ്തിട്ടുണ്ട്. ഇതൊക്കെ ബാംഗ്ലൂരില്‍ ആയിരിക്കുമ്പോള്‍ ചെയ്തതാണ്. കൊച്ചിനില്‍ ജെഡി കോളജില്‍ ഫാഷന്‍ കൗണ്‍സിലര്‍ ആയി ജോലി കിട്ടിയതോടെയാണ് കൊച്ചിയിലെത്തിയത്. കുറച്ചു നാള്‍ അവിടെ ജോലി ചെയ്തതിനു ശേഷം ഫിലിം പ്രൊമോഷന്‍ ചെയ്യുന്ന പപ്പെറ്റ് മീഡിയയില്‍ ജോലി ചെയ്തിരുന്നു. അതിന്റെ സ്ഥാപക സീതാലക്ഷ്മി ചേച്ചി തന്നെ എന്നെ കുറേ സെലിബ്രിറ്റികള്‍ക്ക് പരിചയപ്പെടുത്തി. ജസ്റ്റ് ഒന്നു പരീക്ഷിച്ച് കളയാം എന്നു വിചാരിച്ചിട്ടാണോ എന്നറിയില്ല കുറേ സെലിബ്രിറ്റീസ് അതു കഴിഞ്ഞ് വിളിച്ചിരുന്നു.
റിറ്റ്‌സ് മാഗസിനിലേക്കു വേണ്ടി ലിയോണ ലിഷോയിയുടെ സ്റ്റൈലിങ് ചെയ്തിരുന്നു. മഞ്ജു വാര്യര്‍ ചേച്ചിക്ക് ആമിയുടെ പ്രൊമോഷനു വേണ്ടി വസ്ത്രമൊരുക്കി. അനു സിത്താര, പാര്‍വ്വതി തിരുവോത്ത്, പേളി മാണി, ലിയോണ, നിമിഷ, അനുമോള്‍, ദുര്‍ഗ കൃഷ്ണ, അദിതി രവി, സ്വാസിക ബേബി അനിഖ, മുകേഷേട്ടന്‍ തുടങ്ങിയവരുടെ സ്‌റ്റൈലിസ്റ്റ് ആകാനുള്ള അവസരം കിട്ടി. വനിത് രണ്ട് ഫാഷന്‍ ഷൂട്ടിലേക്കും സ്‌റ്റൈലിസ്റ്റ് ആകാനായി. അതുപോലെ സാനിയ 13 ദിവസം അവളുടെ ആദ്യ ചിത്രമായ ക്വീനിന്റെ പ്രചരാണര്‍ഥം നടത്തിയ ഷോകളിലേക്ക് അവള്‍ക്ക് വസ്ത്രമൊരുക്കാനുമായി. എം എന്‍ ഫാഷന്‍ കോര്‍പ്പറേറ്റ് ആഡ് ചെയ്തിട്ടുണ്ട്.
ബാംഗ്ലൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പെട്ടെന്നുള്ള തോന്നലായിരുന്നു കേരളത്തിലേക്ക് പോകണമെന്നത്. ചാര്‍ളിയില്‍ ടെസ്സ കൊച്ചിയിലേക്ക് പോരുന്ന പോലെ എന്നൊക്കെ പറയാം. ആ സിനിമ എന്നെ സ്വാധീനിച്ചിട്ടുണ്ട് ചെറുതായി. കൊച്ചിയും ഫോര്‍ട്ട് കൊച്ചിയുമൊക്കെ ഒത്തിരി രസമല്ലേ. ഇപ്പോള്‍ ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പക്ഷേ കുറേ നല്ല കാര്യങ്ങളില്‍ പങ്കാളിയാകാനായി. സ്റ്റൈലിസ്റ്റ് ആയി മാത്രമല്ല ഫിലിം പ്രൊമോഷനുകളുടെയും ഭാഗമാകാനായി.
ഇടയ്ക്ക് ബാംഗ്ലൂരിലൊക്ക് മടങ്ങാനൊക്കെ തോന്നിയെങ്കിലും പിന്നെയതു വേണ്ടെന്നുവച്ചു. അതിലിപ്പോള്‍ കുറ്റബോധമില്ല. ഇവിടെ ചെയ്ത എല്ലാ വര്‍ക്കുകള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം തന്നെ കിട്ടി. നമ്മള്‍ തിരിച്ചറിയപ്പെടുക, അംഗീകരിക്കപ്പെടുക എന്നത് വലിയ കാര്യമല്ലേ.
സിനിമകള്‍...
സിനിമയേക്കാള്‍ പതിൻമടങ്ങ് താല്‍പര്യം ഇങ്ങനെ സ്വതന്ത്രമായി സ്റ്റൈലിസ്റ്റ് ആയി നില്‍ക്കാനാണ്. സിനിമയില്‍ കഥയ്ക്കും കഥാപാത്രത്തിനും സംവിധായകന്റെ ആശയത്തിനും അനുസരിച്ചാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. അപ്പോള്‍ അധികം സ്‌പേസ് നമുക്കുണ്ടാകില്ല. അവര്‍ പറയുന്നത് ചെയ്തു കൊടുക്കേണ്ടതേയുള്ളൂ. നമ്മള്‍ നല്‍കാന്‍ കഴിയുന്ന മേക്ക് ഓവര്‍ വളരെ ചെറിയ തോതിലേ ഉണ്ടാകൂ.
പക്ഷേ സ്വതന്ത്രമായി നില്‍ക്കുമ്പോള്‍ നമ്മളിലേക്ക് വരുന്ന വര്‍ക്കുകളുടെ കാര്യത്തില്‍ വ്യത്യസ്തതയുണ്ടാകും. സെലിബ്രിറ്റികള്‍ക്ക് മേക്ക് ഓവര്‍ ചെയ്യുന്നു എന്നതിലുപരി തീര്‍ത്തും സാധാരണക്കാരായ വ്യക്തികള്‍ക്ക് മേക്ക് ഓവര്‍ ഒരുപാട് ചെയ്യാനാകും. അതൊരു വ്യത്യസ്തമായ അനുവമായിരിക്കും. ചെറിയ മാറ്റങ്ങള്‍ ആണെങ്കില്‍ കൂടി സാധാരണക്കാര്‍ക്കു ചെയ്തു നല്‍കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷത്തിനും ആത്മവിശ്വാസത്തിനും അതിരില്ല. അത് കാണാന്‍ നല്ല രസമാണ്. അതുകൊണ്ടാണ് സെലിബ്രിറ്റികളിലേക്ക് മാത്രമൊതുങ്ങുന്ന സിനിമ രംഗത്തെ സ്‌റ്റൈലിങ് വിട്ടുമാറി നില്‍ക്കാന്‍ തീരുമാനിച്ചത്.
പക്ഷേ സിനിമയ്ക്കപ്പുറം സ്റ്റൈലിസ്റ്റ് ആയി മാത്രം നില്‍ക്കുമ്പോള്‍ അതിന്റേതായ വെല്ലുവിളികളുമുണ്ട്. വളരെ പതുക്കെയേ നമുക്കൊന്ന് ഉറച്ച് നില്‍ക്കാവുന്ന നിലയിലെത്തൂ. സിനിമകള്‍ ചെയ്യില്ല എന്ന വാശിയൊന്നുമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള നിലയിലൊന്നുമായില്ല. ഒരു സിനിമ അടുത്തിങ്ങനെ വന്ന് കറങ്ങി നില്‍പ്പുണ്ട്. തീരുമാനമൊന്നുമായിട്ടില്ല. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും.
സ്റ്റൈലിസ്റ്റ് ആയി മാത്രം നില്‍ക്കുക വെല്ലുവിളിയല്ലേ
അതെ. കാരണം ഇവിടെ ഒക്കേഷണല്‍ സ്‌റ്റൈലിസ്റ്റ് ആയി അധികം ആളുകളില്ല. ബ്യൂട്ടീഷനോ അല്ലെങ്കില്‍ ബൊട്ടീക്കുകളോ ആണ് സെലിബ്രിറ്റികള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കുമൊക്കെ ഡ്രസും ആഭരണവുമൊക്കെ ചെയ്ത് കൊടുക്കുന്നതും സ്റ്റൈല്‍ തീരുമാനിക്കുന്നതുമൊക്കെ. പുറത്തൊക്കെ ഒക്കേഷണല്‍ സ്‌റ്റൈലിസ്റ്റിന് സാധ്യത ഏറെയാണ്. പക്ഷേ ഞാന്‍ ഇവിടെ അങ്ങനെ മാത്രം നിന്നപ്പോള്‍ പ്രതീക്ഷിക്കാതെ തന്നെ കുറേ നല്ല വര്‍ക്കുകള്‍ ചെയ്യാനായി. അത് വലിയ ആത്മവിശ്വാസമാണ് തന്നത്. അതിന്റെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നു.
സ്‌റ്റൈലിസ്റ്റ് ആയി നില്‍ക്കുമ്പോള്‍ കുറേ പേരുടെ ഫാഷന്‍ ചിന്തകളിലൊരു ചെറിയ മാറ്റമെങ്കിലും വരുത്താനാകില്ലേ. ഞാന്‍ ഇന്‍സ്റ്റഗ്രാമിലാണു സജീവം. അതില്‍ ഞാന്‍ ചെയ്ത വര്‍ക്കുകളുടെയൊക്കെ ഫോട്ടോസ് ഇടാറുണ്ട്. അതുകണ്ടിട്ട് കുറേ ആളുകള്‍ അഭിപ്രായം ചോദിച്ച് വരാറുണ്ട്. പെണ്‍കുട്ടികളാണെങ്കില്‍ ഒരുപാട് വണ്ണമുള്ളവര്‍ അല്ലെങ്കില്‍ തീരെ മെലിഞ്ഞവര്‍ക്കൊക്കെയാണ് സംശയങ്ങള്‍ കൂടുതല്‍. അവരില്‍ ഒരു ധാരണയുണ്ട് ഒരു പ്രത്യേക തരം ഡ്രെസ് ഇട്ടാലേ ചേരുള്ളൂ അല്ലാത്തതൊക്കെ ബോറാണ് എന്നൊക്കെ. വേറെ ഡ്രസ് ഇടാനും അവര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ മറ്റുള്ളവര്‍ എന്തു വിചാരിക്കും ചേരുമോ ആരെങ്കിലും കളിയാക്കുമോ തുടങ്ങി നൂറു സംശയങ്ങള്‍ കാരണം വേണ്ടെന്നു വയ്ക്കുന്നവരാകും അധികവും. അല്ലാത്തെ ചിലരാകട്ടെ ഇതുവരെ എന്താണ് തനിക്ക് ചേരുന്നത് എന്നുപോലും അറിയാത്തവരാകും. അവര്‍ക്ക് ഞാന്‍ എന്റെ അറിവിന്റെയും അനുഭവത്തിന്റെയും ബലത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാറുണ്ട്. എല്ലാ സന്ദേശങ്ങള്‍ക്കും ഞാന്‍ ഉത്തരം കൊടുക്കാറുണ്ട്. അത് തീര്‍ത്തും വേറൊരു എക്‌സ്പീരിയന്‍സ് ആണ്. നല്ലൊരു പഠന രീതി കൂടിയാണ്.
സിനിമ താരങ്ങള്‍ക്കാണ് ഇവിടെ ഫാഷന്‍ രംഗത്ത് പ്രാധാന്യം. അവരിലൂടെയാണ് മിക്കപ്പോഴും ഫാഷന്‍ ട്രെന്‍ഡുകള്‍ പുറത്തുവരുന്നതും അവതരിപ്പിക്കുന്നതുമൊക്കെ. ഒക്കേഷണ്‍ വെയര്‍ സ്റ്റൈലിസ്റ്റ് എന്നത് ഇവിടെ അധികം ആരും ഉപയോഗിക്കാത്തതു കൊണ്ടു തന്നെ ബൊട്ടീക്കുകളാണ് ആ പണി ചെയ്യുക. അവര്‍ മിക്കപ്പോഴും തങ്ങള്‍ക്ക് അടുത്ത് വില്‍ക്കാനുള്ള അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കാനുള്ള വസ്ത്രങ്ങളായിരിക്കും ഈ സെലിബ്രിറ്റികള്‍ക്കു നല്‍കുക. അത് ചിലപ്പോള്‍ അവര്‍ പോകുന്ന പരിപാടിക്ക് യോജിക്കുന്നതേ ആകില്ല. ചെറിയ ഫങ്ഷനുകള്‍ക്കു പോലും ഹെവി ആയിട്ടുള്ള ഡിസൈനിലുള്ള വസ്ത്രമണിഞ്ഞ് പോകേണ്ടതായി വരും അപ്പോള്‍. ഞാന്‍ ഇപ്പോള്‍ ഒക്കേഷണല്‍ സ്‌റ്റൈലിങ് എന്നതിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. ആഡുകള്‍ തന്നെ വല്ലപ്പോഴുമേ ചെയ്യുന്നുള്ളൂ. മാഗസിന്‍ ഫോട്ടോ ഷൂട്ടിലാണ് പിന്നെയും കുറച്ചു കൂടി ശ്രദ്ധ നല്‍കിയിരിക്കുന്നത്.
അതുകൂടാതെ പാക്കിങ് ചെയ്ത് കൊടുക്കാറുണ്ട്. അതായത് ഒരു സെലിബ്രിറ്റിക്ക് കുറേ നാള്‍ നീളുന്ന ഷോകള്‍ പരിപാടികളൊക്കെ വരാറുണ്ട്. അത്രയും ദിവസത്തേയ്ക്കു വേണ്ട ഡ്രസ് ആഭരണങ്ങള്‍ സെലക്ട് ചെയ്ത് ഓരോ ദിവസത്തേയും തരംതിരിച്ച് കൊടുക്കുന്നതാണ് പാക്കിങ്. അതുപോലെ ഷോപ്പിങിന് ഒപ്പം പോകാറുണ്ട്. ചിലര്‍ക്ക് ഒരു പ്രത്യേക ലുക്ക് വരുന്ന വിധത്തിലുള്ള ഡ്രസ് വേണമായിരിക്കും. അന്നേരം എന്നെകൂടി ഷോപ്പിങിന് വിളിക്കും. ഇതുവരെ വ്യക്തിപരമായി അറിയാവുന്ന സെലിബ്രിറ്റികളില്‍ ചിലര്‍ക്കൊപ്പം അങ്ങനെ ഷോപ്പിങിന് പോയിട്ടുണ്ട്. നടന്‍ ധ്രുവനു വേണ്ടി അങ്ങനെ ഷോപ്പിങ് ചെയ്തിട്ടുണ്ട്. ധ്രുവന്‍ സാധാരണ ലൂസ് ആയിട്ടുള്ള മങ്ങിയ കളറുകളിലുള്ള ഡ്രസ് ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കുറച്ച് ഫിറ്റ് ആയ ഷോര്‍ട്ട് ഹാന്‍ഡ് ഉള്ള പ്രിന്റഡ് ഷര്‍ട്ടിലേക്ക് മാറിയിട്ടുണ്ട്.
മഞ്ജു ചേച്ചി സിമ്പിള്‍ ആന്‍ഡ് ക്ലാസിക്...വിജയ് ബാബു എന്താ ലുക്ക്!
മഞ്ജു ചേച്ചിക്ക് സിമ്പിള്‍ ആന്‍ഡ് ക്ലാസിക് ലുക്ക് ആണ് ഇഷ്ടം. ആമിയുടെ ഓഡിയോ ലോഞ്ചില്‍ ഇടാന്‍ വേണ്ടി മഞ്ജു ചേച്ചിക്ക് അങ്ങനെയുള്ളൊരു ഡ്രസ് ആണു ചെയ്തത്. ബ്ലാക്ക് നിറത്തില്‍. ആഭരണങ്ങളും ആ രീതിയിലുള്ളതായിരുന്നു. ഒരു അവാര്‍ഡ് ഷോയ്ക്ക് വേണ്ടിയിട്ട് അപര്‍ണ ബാലമുരളി, നിമിഷ, വിജയ ബാബു, അദിതി, സാനിയ എന്നിവര്‍ക്കായി സ്റ്റൈല്‍ കണ്‍സള്‍ട്ടിങ് നടത്തിയിരുന്നു. അവര്‍ക്കു വേണ്ട വസ്ത്രവും ആഭരണവുമൊക്കെ തിരിഞ്ഞെടുത്ത് ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്യിച്ചിരുന്നു. അദിതിയ്ക്ക് കിമോണോ സ്ലീവിലുള്ള ലാവെണ്ടര്‍ കളറിലുള്ള ലൂസ് ടോപ്പും റാപ്പ്ഡ് ബോട്ടവും ഓര്‍ഗാന്‍സ മെറ്റീരിയലിലെ ദുപ്പട്ടയുമാണ് നല്‍കിയത്. അദിതിയ്ക്ക് ആ വസ്ത്രം അണിയാന്‍ ഭയങ്കര കോണ്‍ഫിഡന്‍സ് ആയിരുന്നു. ലോ പോണി ടെയ്ല്‍ ആയിരുന്നു ഹെയര്‍ ഡ്രസിങ്. മേക്കപ്പ് ആള് സ്വന്തമായിട്ടാണ് ചെയ്തത്.
അതുപോലെ വിജയ് ബാബു സാറിന് ഷോര്‍ട് കുര്‍ത്തയാണ് സെലക്ട് ചെയ്തത്. അത് അണിഞ്ഞപ്പോള്‍ ആള് കുറേ കൂടി യങ് ആയി. ഈ നാല്‍പതിലും ഇത്രയേറെ എന്താ ലുക്ക് എന്നു പറയിപ്പിച്ച വസ്ത്രം. അതുപോലെ ബേബി അനിഖയ്ക്കായിരുന്നു ഞാന്‍ ഇവിടെ വന്നിട്ട് ആദ്യമായി ഫോട്ടോഷൂട്ട് ചെയ്തത്. അത് ഗ്ലാമറസ് ഫോട്ടോ ഷൂട്ട് എന്ന പേരിലാണ് ആഘോഷിക്കപ്പെട്ടത്. അനിഖയുടെ വസ്ത്രവും ആഭരണവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എനിക്ക് ആദ്യമായി ഏറെ അഭിനന്ദനം ഇവിടെ നേടിത്തന്ന ഫോട്ടോഷൂട്ട് ആണത്. അതുപോലെ സാനിയയ്ക്കു വേണ്ടി ക്വീനിന്റെ പ്രൊമോഷന്‍ സമയത്ത് പതിനേഴോളം ലുക്‌സ് ആണ് ചെയ്തത്. അവള്‍ ചെറിയ കുട്ടിയയാതു കൊണ്ടു തന്നെ കൂടുതലും കാഷ്വല്‍സ് ആണ് തിരഞ്ഞെടുത്തത്.
ഞാന്‍ എപ്പോഴും എന്റെ അടുത്തെത്തുന്ന സെലിബ്രിറ്റീസിനോട് പറയാറുണ്ട്. നിങ്ങള്‍ എന്നത്തേയും പോലെ ഡ്രസ് ആന്‍ഡ് മേക്കപ്പ് ചെയ്തു പോയാല്‍ ഭംഗിയുണ്ടാകും. പക്ഷേ പതിവില്‍ നിന്നു വ്യത്യസ്തമായാല്‍ കുറച്ച് കാണാന്‍ ഭംഗി കുറഞ്ഞാലും ആ വ്യത്യസ്ത ആകര്‍ഷകമാകും എന്ന്. ഫാഷനില്‍ ഏറെ പരീക്ഷണങ്ങള്‍ക്കു താല്‍പര്യമുള്ളയാളും ഫാഷന്‍ കോണ്‍ഷ്യസുമായ ആളാണ് പ്രയാഗാ മാര്‍ട്ടിന്‍. എനിക്ക് ആ നിലപാട് വലിയ ഇഷ്ടമാണ്. അതുപോലെ അദിതി എന്നില്‍ അര്‍പ്പിക്കുന്നൊരു വിശ്വാസമുണ്ട്. രണ്ടു ദിവസം മുന്‍പായിരിക്കും പറയുക എനിക്ക് മറ്റന്നാള്‍ ഒരു പരിപാടിയുണ്ട് അതിലേക്ക് സ്റ്റൈല്‍ ചെയ്യണമെന്ന്. പിന്നെ വിളിക്കുകയേയില്ല. പിന്നെ അന്നേ ദിവസം രാവിലെ വിളിച്ചിട്ട് എപ്പോഴാണ് ചെല്ലേണ്ടതെന്നു പറയും.
ഓ അതിലൊന്നും വലിയ കാര്യമില്ല...
കംഫര്‍ട്ടബിള്‍ ആണ് ഫാഷന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. നമുക്കെന്താണോ കംഫര്‍ട്ടബിള്‍ അത് അണിയുക. ലവ് യുവര്‍ സെല്‍ഫ് എന്ന് പറയാറില്ലേ...സിമ്പിള്‍ വാക്യമാണ് അത്. പക്ഷേ ഭയങ്കര പവര്‍ഫുള്‍ ആണ്. നമ്മള്‍ നമ്മെ ഇഷ്ടപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഈ ലോകത്ത് മറ്റാര് എന്തുതന്നെ നമ്മളെ അതു ബാധിക്കുകയേയില്ല. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ കാലുകള്‍ തീരെ മെലിഞ്ഞതാണ്. അത്യാവശ്യം വണ്ണമുള്ള ഒരാളുമാണ്. നിറവും കുറവാണ്. മുകളില്‍ വണ്ണവും താഴേക്ക് വരുമ്പോള്‍ മെലിഞ്ഞതുമായ പ്രകൃതം. എന്റെ രണ്ട് കസിന്‍സ് ഉണ്ട്. ഏകദേശം സമപ്രായക്കാര്‍. അവരാണെങ്കില്‍ നല്ല നിറമുള്ളവര്‍. പണ്ട് അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ട് അത് കാണുമ്പോള്‍ എനിക്കൊരു കോംപ്ലക്‌സ് ആയിരുന്നു നിറത്തിന്റെ കാര്യത്തില്‍. പിന്നീട് പഠനവും ജോലിയുമൊക്കെയായി നടന്നപ്പോള്‍ ചിന്തയേ മാറി. ഇപ്പോള്‍ ഞാന്‍ നിറത്തിലും വണ്ണത്തിലുമൊന്നും വലിയ താല്‍പര്യം കൊടുക്കുന്നില്ല. ഇപ്പോള്‍ ഫോട്ടോ എടുത്താല്‍ അതെത്ര മോശമായാലും എനിക്ക് ഞാനൊരുപാട് ലുക്ക് ഉള്ളൊരാളാണ്. എനിക്കതിനോട് വല്ലാത്ത സ്‌നേഹം തോന്നും. അത് നമ്മള്‍ നമ്മളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ വന്നുചേരുന്നതാണ്. എന്റേത് വലിയ കണ്ണുകളാണ്. പണ്ട് ഉണ്ടക്കണ്ണീ എന്നാരെങ്കിലും എന്നെ വിളിക്കുന്നത് എനിക്ക് വലിയ സങ്കടമായിരുന്നു. പിന്നെയാ വലിയ കണ്ണുകള്‍ ഇഷ്ടമായി. അതുപോലെ വണ്ണമുള്ളതുകൊണ്ട് ലൂസ് പാന്റ്‌സ് ഇഷ്ടമാണെങ്കിലും ഉപയോഗിക്കാന്‍ ഭയങ്കര മടിയായിരുന്നു. പിന്നെ ആ ചിന്തയങ്ങ് പോയി. ഒരു ദിവസം ഞാന്‍ വെറുതെ ഹൈ വെയ്‌സ്റ്റ് ലൂസ് ബോട്ടം ഇടാന്‍ തുടങ്ങി. ആ മെലിഞ്ഞ കാലുകളുടെ പ്രശ്‌നത്തിന് ആ പല്ലാസോ പരിഹാരമായി. ഞാന്‍ ഇപ്പോള്‍ ഒരു അഞ്ച് മാസത്തിലേറെയായി ത്രെഡിങ് ചെയ്തിട്ട്. അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നില്ല.
നമ്മള്‍ സ്ത്രീകളുടെ പ്രധാന പ്രശ്‌നം ബോഡി ഷെയ്മിങ് ആണ്. കുറച്ച് വണ്ണം കൂടുമ്പോഴേ പ്രശ്‌നമാണ്. എന്റെ അമ്മ ദുബായില്‍ നഴ്‌സ് ആയിരുന്നു. അവിടത്തെ കാലാവസ്ഥ കാരണം ദേഹത്ത് വൈറ്റ് പാച്ചസ് വരാന്‍ തുടങ്ങി. അമ്മയ്ക്കാകെ സങ്കടമായി. നാട്ടു വൈദ്യം കാണിച്ച് അത് മാറ്റിയെങ്കിലും കൈകളിലൊക്കെ കുറച്ചുണ്ട് ഇപ്പോഴും. അതില്‍ അമ്മയ്ക്കാകെ സങ്കടമാണ്. എല്ലാവരും അതേപ്പററി ചോദിക്കും, മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാകില്ല, പുറത്തൊന്നും പോകാനാകില്ല...തുടങ്ങിയ അനാവശ്യ ചിന്താഗതികളാണ്. പക്ഷേ ഇപ്പോള്‍ എന്റെ കയ്യില്‍ വൈറ്റമിന്റെ കുറവ് കാരണം ആണെന്നു തോന്നുന്നു അതുപോലെ പാച്ചസ് വന്നു. പക്ഷേ ഞാനിതു വരെ ഡോക്ടറെ കാണിച്ചിട്ടില്ല. കൂള്‍ ആയിട്ടെടുക്കണം ഇത്തരം കാര്യങ്ങള്‍ എന്നെനിക്ക് അമ്മയെ ബോധ്യപ്പെടുത്തണം, ഇതൊന്നും വലിയ കാര്യമൊന്നുമല്ലെന്നു മനസ്സിലാക്കിക്കണം. അതുകൊണ്ടാണ് ഡോക്ടറെ കാണിക്കാത്തത്.
നമ്മളുടെ ബോഡിയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണും. അതേപ്പറ്റി ആലോചിച്ച് തലപുകയ്ക്കാന്‍ നിന്നാല്‍, അതെന്തോ വലിയ കുറവാണെന്നു ചിന്തിച്ചാല്‍ നമ്മള്‍ പാളിപ്പോകും. അങ്ങനെ കരുതരുത്. അതിനെ മൈന്‍ഡ് ചെയ്യാതെ നമുക്കിഷ്ടമുള്ള രീതിയില്‍ നമ്മള്‍ തന്നെ നമ്മളെ മേക്ക് ഓവര്‍ ചെയ്യാനും സ്‌നേഹിക്കാനും ശ്രമിക്കണം. അപ്പോള്‍ കൂള്‍ ആകും കൂടുതല്‍ സന്തോഷവതിയാകും. ഇഷ്ടമുള്ളതൊക്കെ ഇട്ട് ഹാപ്പിയായി നടക്കാനും സാധിക്കും. അതാണ് ഫാഷന്‍ എന്നാണെന്റെ അഭിപ്രായം.
എന്റെ സൂപ്പര്‍ വുമണ്‍സ്
ക്രിയേറ്റീവ് ആയി നിന്നു കൊണ്ട് സ്വന്തം നിലയില്‍ ഓരോ സംരംഭങ്ങള്‍ ചെയ്ത് വിജയിപ്പിക്കുന്ന സ്ത്രീകളോട് എനിക്കെന്നും വലിയ ഇഷ്ടമാണ്. സീതാലക്ഷ്മി ചേച്ചിയാണ് എന്റെ സൂപ്പര്‍ വുമണ്‍. ഫിലിം പ്രൊമോഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മി ചേച്ചി തന്റേതായൊരു ഇടം നേടിയെടുത്തു കഴിഞ്ഞു. ചേച്ചിക്കൊപ്പം ജോലി ചെയ്തത് എനിക്ക് കുറേ പ്രയോജനം ചെയ്തു. അതുപോലെ ഏറെ ഇഷ്ടമുള്ളൊരാളാണ് പേളി ചേച്ചി. സംസാരിച്ചിരിക്കാന്‍ ഭയങ്കര രസമാണ്. നമ്മളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ചേച്ചിക്ക് വലിയ കഴിവാണ്. നമ്മളെന്താണ് മനസ്സില്‍ ചിന്തിക്കുന്നതെന്ന് മുഖത്തു നോക്കി പറയും. ഒരു വര്‍ഷം മുന്‍പ് ഞാന്‍ കുറച്ച് വിഷമത്തിലും കണ്‍ഫ്യൂഷനിലും ആയിരുന്ന സമയത്ത് ചേച്ചിയോടു സംസാരിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട ആ സംസാരം എനിക്കു പകര്‍ന്ന സന്തോഷത്തിനും ആത്മവിശ്വാസത്തിനും അതിരില്ല. അടുത്തിടെ കണ്ടപ്പോള്‍ ചേച്ചി തന്നെ പറഞ്ഞു...ആഹാ ആകെ ഹാപ്പി ആണല്ലോ ആളാകെ മാറിയല്ലോ എന്ന്.
സ്വപ്നം!
നമ്മുടെ നാട്ടില്‍ മേക്ക് ഓവര്‍ എന്നാല്‍ താരങ്ങള്‍ മാത്രം ചെയ്യുന്ന കാര്യമാണ് എന്നാണല്ലോ വയ്പ്പ്. ഫാഷന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. സാധാരണക്കാര്‍ക്കും ഇക്കാര്യത്തിലൊക്കെ താല്‍പര്യമുണ്ടാകും. പക്ഷേ അതിനൊക്കെ വേണ്ടിയുള്ള സ്ഥാപനങ്ങള്‍ സെലിബ്രിറ്റികള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്ന ധാരണയില്‍ അവരാരും അധികം പോകില്ല. അപ്പോള്‍ അവര്‍ക്കു കൂടി വരാന്‍ കഴിയുന്ന തരത്തില്‍ ഫാഷന്‍ കണ്‍സള്‍ട്ടിങിന് മാത്രമുള്ളൊരു സ്റ്റുഡിയോ തുടങ്ങണം എന്നതാണ് സ്വപ്‌നം. സാധാരണക്കാരെ ഉന്നമിടുന്നത് അവരില്‍ നമുക്ക് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കുറേ കൂടി സാധ്യതയുണ്ട് എന്നതിനാലാണ്. സെലിബ്രിറ്റികളാകുമ്പോള്‍ ഇതിനോടകം അവര്‍ പലതരം മേക്ക് ഓവറുകള്‍ ചെയ്തു കഴിഞ്ഞവരാകും.
ഫാഷന്‍ കണ്‍സള്‍ട്ടിങ് എന്നു പറയുമ്പോള്‍ നമ്മള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കില്ല. ഡ്രസ് തിരഞ്ഞെടുത്ത്, ആഭരണം തിരഞ്ഞെടുത്ത് ഹെയര്‍ എങ്ങനെ വേണമെന്ന് ചെയ്തു കൊടുക്കും. നമ്മള്‍ മലയാളികള്‍ക്ക് എന്തെങ്കിലും പുതിയ കാര്യം അംഗീകരിക്കാന്‍ കുറച്ച് കാലതാമസമുണ്ട്. പതിയെ ഇവിടെയും ഫാഷന്‍ ഡിസൈനര്‍ എന്നതിനപ്പുറം ഫാഷന്‍ കണ്‍സള്‍ട്ടിങ് പരിചിതമാകും എന്നു കരുതുന്നു.
എനിക്ക് പണ്ട് ഫാഷന്‍ ഡിസൈനിങിലായിരുന്നു താല്‍പര്യം. എട്ടാം ക്ലാസിലായപ്പോഴേ ഞാന്‍ എന്റെ ബ്രാന്‍ഡിന്റെ പേര് തീരുമാനിച്ചതാണ്. ജോ എലീസ് ജോയ്, മെന്‍സിനാണെങ്കിലും ജൂ മാറ്റ്‌സ് ഡോയ്. ജോ എന്നെ കൂട്ടുകാരൊക്കെ വിളിക്കുന്ന പേരാണ്, എലീസ് എലിസബത്ത് എന്ന എന്റെ മാമോദീസ പേരിന്റെ ചുരുക്കെഴുത്താണ്. ജോയ് പപ്പയുടെ പേര്. ജൂ അനുജന്‍ ജുബിത്തിന്റെ പേര്. മാറ്റ്‌സ് അവന്റെ മാമോദീസ പേരായ മാത്യുവിന്റെ ചുരുക്കെഴുത്ത്. പക്ഷേ കോളജില്‍ ഒരു ഷോ ചെയ്തപ്പോള്‍ ഡിസൈനിങിനേക്കാള്‍ ആ ഡിസൈനുകള്‍ എങ്ങനെ അവതരിപ്പിക്കണം എന്നതിലാണ് എനിക്ക് കൂടുതല്‍ താല്‍പര്യം എന്നു മനസ്സിലായി. കാരണം അധികം ഫാഷന്‍ ഡിസൈനര്‍മാരിലും അവരുടെ സ്വന്തം ഡിസൈന്‍ എന്നു പറയാവുന്നത് കുറച്ചേ കാണൂ. ബാക്കിയെല്ലാം ഒരു സ്വാധീനത്തില്‍ ചെയ്തതോ അല്ലെങ്കില്‍ കട്ട് ആന്‍ഡ് പേസ്റ്റോ മിക്‌സ് ആന്‍ഡ് മാച്ചോ ആയിരിക്കും. എങ്ങനെ ആയാലും അവര്‍ ചെയ്തു തരുന്നതിനെ അത് ചേരുന്ന വ്യക്തികളെ കൊണ്ടു ധരിപ്പിക്കുന്നതിലാണ് എനിക്ക് താല്‍പര്യം. അതുകൊണ്ട സാധാരണക്കാര്‍ക്കും കൂടി വന്നെത്താവുന്ന ഒരു ഫാഷന്‍ കണ്‍സള്‍ട്ടിങ് സ്റ്റുഡിയോ തുടങ്ങുകയാണ് സ്വപ്‌നം.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam...