അജ്മൽ ഖാൻ, സൂപ്പർ താരങ്ങൾക്കൊപ്പം നിന്ന സൂപ്പർ മോഡൽ

സമൂഹമാധ്യമങ്ങളുടെ സാധ്യത തിരച്ചറിഞ്ഞ കേരളത്തിലെ‌ ആദ്യത്തെ മോഡലാണ് അജ്മൽ ഖാൻ. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ വളര്‍ന്നുവന്ന മോഡലെന്നു വിശേഷിപ്പിക്കാം. ടെക്നോളജിയുടെ സാധ്യതകളെ തുടക്കത്തിലേ തന്നെ തന്റെ ഷാഷൻ ഭ്രമങ്ങളോടു കൂട്ടിചേർത്തപ്പോൾ പ്രശസ്ത സിനിമാ താരങ്ങളുടേതിനേക്കാൾ കൂടുതൽ ലൈക്കുകളുണ്ടായിരുന്നു ഒരുകാലത്ത് അജ്മൽ ഖാന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക്. ഇരുപതുവയസ്സു പോലും പ്രായമില്ലാതിരുന്ന സമയത്തായിരുന്നു ഇതെന്നോർക്കണം. 

തൃശൂരിലെ ഫ്രീക്കന്മാരുെട തലതൊട്ടപ്പനായിരുന്നു അജ്മൽഖാൻ. പുതിയ ട്രെന്റി വസ്ത്രങ്ങളണി‍ഞ്ഞ അജ്മലിന്റെ ചിത്രങ്ങളിൽനിന്നുള്ള ഉൗർജം കൈമുതലാക്കി സ്വന്തം സ്റ്റെലും ലുക്കും തീരുമാനിച്ചവരും ഏറെയാണ്. കാലം മാറി അജ്മൽ ഇന്നൊരു മോഡലാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ബ്രാൻഡുകളുടെ സൂപ്പർ മോഡൽ. ഫെയ്സ്ബുക്കിൽ 18 ലക്ഷവും ഇന്‍സ്റ്റഗ്രാമിൽ 8.6 ലക്ഷവും പേർ പിൻതുടരുന്ന അജ്മൽ പല ബ്രാൻഡുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായും പ്രവർത്തിക്കുന്നു. 

റസ്റ്ററന്റുകളുടെയും പുതിയ ഫാഷൻ ബ്രാൻഡുകളുടെയും വിവരങ്ങൾ പങ്കുവെയ്ക്കുന്ന അജ്മലിന്റെ ലൈഫ് സ്റ്റൈൽ ബ്ലോഗും ഹിറ്റാണ്. യുഎഇ കേന്ദ്രീകരിച്ചു എഞ്ചിനീയർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മനസ്സ് ഫാഷന്റെ ലോകത്ത് പാറി പറന്നു നടക്കുകയാണ്. തന്റെ വിശേഷങ്ങളും സ്വപ്നങ്ങളും മനോരമ ഓൺലൈനോടു പങ്കുവയ്ക്കുകയാണ് അജ്മൽ ഖാൻ. 

മോഡലിങിലേക്കുള്ള വഴി

ചെറുപ്പം മുതലേ വസ്ത്രങ്ങളോടും പുതിയ ട്രെൻഡുകളോടും പ്രത്യേക താൽപര്യമുണ്ട്. ഏതു വസ്ത്രമാണ് എനിക്ക് യോജിക്കുക, ഇൗ സ്റ്റൈൽ എങ്ങനെയിരിക്കും എന്നൊക്കെയുള്ള ഒരു കൗതുകം. എട്ടു കൊല്ലം മുൻപാണ് ഇതു ഗൗരവമായിട്ടെടുക്കുന്നത്. കൂട്ടുക്കാരുടെ നിർബന്ധത്തെ തുടർന്നു ഫെയ്സ്ബുക്കിലൊരു പേജ് തുടങ്ങി. അന്നു ഫോട്ടോ എടുക്കാൻ ഡിഎസ്എൽആർ ക്യാമറ ആയിരുന്നു ഉപയോഗിച്ചത്. അതൊക്കെ പെട്ടെന്നു ക്ലിക് ആയി. സുഹൃത്തുക്കളായിരുന്നു പേജിന്റെ അഡ്മിൻമാർ.

മോഡലിങിൽ ശ്രദ്ധിക്കേണ്ടത്

നിരീക്ഷിണമാണ് മോഡലിങിൽ പ്രധാനം. പുതിയ ട്രൻ‌ഡുകളെക്കുറിച്ച് എപ്പോഴും മനസ്സിലാക്കി വയ്ക്കണം. എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്നു ചിന്തിക്കണം. മാറ്റങ്ങൾക്കുവേണ്ടി തയാറെടുക്കണം. നമ്മളെ സമീപിക്കുന്നവർക്കുവേണ്ടി പൂർണ സമർപ്പണത്തോടുകൂടി പ്രവർത്തിക്കണം. പങ്കുവെയ്ക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. മോഡലിങ് പാഷൻ ആയതുകൊണ്ടു പ്രതിസന്ധികൾ തരണം ചെയ്തു മുന്നേറാൻ സാധിക്കും. ചിലപ്പോൾ അതിരാവിലെ എഴുന്നേറ്റു ഷൂട്ടിങ്ങിനു പോകേണ്ടി വരും. വിചാരിച്ച സമയത്തു തിരിച്ചുവരാൻ സാധിക്കണമെന്നില്ല. 

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ

ഇപ്പൊ മോഡലിങ് മാത്രമല്ല ചെയ്യുന്നത്. യൂറോപ്യൻ ബ്രാൻഡുകളുമായി സഹകരിച്ചു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായി പ്രവർത്തിക്കുകയാണ്. അവരുടെ പ്രൊഡക്റ്റ് ഉപയോഗിച്ചു നോക്കി അതിനെക്കുറിച്ചു നമ്മൾ സമൂഹമാധ്യമത്തിലൂടെ വിവരങ്ങൾ പങ്കുവെയ്ക്കും. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ആളുകൾ പിൻതുടരുന്ന മാർഗമാണ് ഇത്. നമ്മുടെ രാജ്യത്തെ് ഇതിനു പ്രചാരം കുറവാണ്. പക്ഷേ വിപണനത്തിനു ഏറ്റവും നല്ല മാർഗമാണിത്. രണ്ടു വർഷം മുന്‍പാണ് ഇൗ മേഖലയിലേക്കു കടന്നത്. സ്വന്തമായൊരു ലൈഫ് സ്റ്റെൽ ബ്ലോഗുമുണ്ട്. റസ്റ്റോറന്റുകളും സ്ഥലങ്ങളും പുതിയ ട്രെൻഡുകളും ഇതിലൂടെ പരിചയപ്പെടുത്തുന്നു.

സ്വപ്നം

മികച്ച ബ്രാൻഡുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായും മോഡലായും പ്രവർത്തിക്കാന്‍ ആഗ്രഹമുണ്ട്. സ്വന്തമായൊരു ബ്രാൻഡ് തുടങ്ങണം, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും പുതിയ മോഡൽ വസ്ത്രങ്ങളുള്ള നല്ലൊരു ബ്രാൻഡ്.