വെറും ഹെയർ കട്ട് ഔട്ട്, ഇനി സൂപ്പർ ഫയർ കട്ട്

‘തീ വെട്ട്’ മുടിവെട്ടാണ് ഇപ്പോൾ ഹെയർസ്റ്റൈലിങ് രംഗത്തെ ലേറ്റസ്റ്റ് ഹൈലൈറ്റ്.  അറബ് രാജ്യങ്ങളിൽ  തീ ഉപയോഗിച്ചു മുടിവെട്ടുന്ന സ്റ്റൈൽ യുട്യൂബ് വീഡിയോയിലൂടെ കണ്ട് അത്ഭൂതപ്പെട്ട ഫ്രീക്കൻമാർക്ക് ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും ഈ ഫാഷൻ ട്രെൻഡ് ലഭ്യമാണ്.

തലയിലേക്ക് ഒരു പ്രത്യേക ദ്രാവകം സ്പ്രേ ചെയ്തശേഷം ലൈറ്റർ ഉപയോഗിച്ച് മുടി കത്തിക്കുന്നു. ചീപ്പെടുത്ത് ആളികത്തുന്ന മുടി ബ്യൂട്ടീഷ്യൻ ചീകിയൊതുക്കുന്നു. ശേഷം സ്പ്രേ ചെയ്ത് തീ കെടുത്തും. ഇപ്പോൾ മുടി മനോഹരമായി വെട്ടിത്തിളങ്ങുന്നതു കാണാം.

ഇനി മുടി വെട്ടിയൊതുക്കണമെന്നുണ്ടെങ്കിൽ ചീപ്പുപയോഗിച്ച് ആവശ്യമായ രീതിയിൽ ചീകിയശേഷം മെഴുകുതിരി നാളം ഉപയോഗിച്ച് മുടി കരിച്ചെടുക്കും. മുടിയറ്റം പൊട്ടിപ്പോകുന്നവർക്കുള്ള ഹെയർ ട്രീറ്റ്മെന്റാണിത്.

പൊള്ളലോ മറ്റ് അസ്വസ്തതകളോ ഗന്ധമോ ഈ മുടിവെട്ട് വഴി ഉണ്ടാവില്ലെന്ന് കണ്ണൂർ ഡി പോസ് ജെന്റ്സ് ബ്യൂട്ടി പാർലർ ഉടമയായ സിന്റോ പറയുന്നു. സിന്റോയുടെ സുഹൃത്ത് ദുബായിൽ നിന്ന് കൊണ്ടു വന്ന സ്പ്രേയും അദ്ദേഹം തന്നെ പറഞ്ഞുകൊടുത്ത ടെക്നിക്കുമാണ് സിന്റോ ഉപയോഗിക്കുന്നത്. പ്രത്യേക സ്പ്രേ ഉപയോഗിക്കുന്നതിനാൽ സാധാരണ മുടി കത്തുമ്പോൾ ഉള്ള ഗന്ധമോ പുകയോ ഒന്നും ഉണ്ടാവില്ല. മുടിയുടെ അറ്റം പൊട്ടലിനും വരൾച്ച മാറ്റുന്നതിനും ഫയർകട്ട് മികച്ചഫലം തരുന്നുണ്ടെന്ന് സിന്റോ പറയുന്നു. 200 രൂപ മുതൽ മുകളിലേക്കാണ് വിവിധ ഫയർകട്ട് ഹെയർസ്റ്റൈലുകൾക്ക് ഈടാക്കുന്നത്.