വിവാഹവാർഷികം ആഘോഷമാക്കി ശിൽപ ഷെട്ടി; ആവേശമായി ചിത്രങ്ങൾ

ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിയു‌ടെ ഒൻപതാം വിവാഹവാർഷികമായിരുന്നു ഈ നവംബർ 22 ന്. ആഘോഷങ്ങൾക്ക് മാലിദ്വീപായിരുന്നു ശില്പയും ഭർത്താവ് രാജ്കുന്ദ്രയും തിരഞ്ഞെടുത്തത്. ആരാധകർക്കായി ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാൻ താരം മടി കാട്ടിയില്ല. 

രാജ്കുന്ദ്രയോടൊപ്പം ബീച്ചിലിരിക്കുന്ന പ്രണയാർദ്രമായ നിമിഷങ്ങളും മാലിദ്വീപ് കാഴ്ചകളുമൊക്ക ഉണ്ടായിരുന്നെങ്കിലും തിളങ്ങുന്ന നീല ബിക്കിനിയണിഞ്ഞ് കടൽതീരത്ത് വെയിൽകായുന്ന ശിൽപയു‌ടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമായത്. ഈ ഗ്ലാമർ ചിത്രത്തില്‍ ആരാധകരെ ആകർഷിച്ചത് താരത്തിന്റെ സൗന്ദര്യം തന്നെയായിരുന്നു. 43–ാം വയസ്സിലും ശില‍പ ഇത്ര സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമായിരുന്നു ചിത്രം കണ്ടവരെല്ലാം തേടിയത്.

എന്നാൽ ശില്പ ഷെ‌ട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നവർക്ക് അറിയാം താരത്തിന്റെ ജീവിത ശൈലി. വ്യായാമത്തിനുവേണ്ടി കൃത്യമായ സമയം കണ്ടെത്തുന്ന ശില്പ ആ ചിത്രങ്ങളും ജിമ്മിൽ നിന്നുള്ള വിഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഭക്ഷണശീലത്തിലും ദിനചര്യകളിലും പുലർത്തുന്ന ശില്പയു‌ടെ കൃത്യത ബോളിവുഡിൽ പ്രശസ്തവുമാണ്. 

വിവാഹശേഷം സിനിമാ മേഖലയിൽ സജീവമല്ലാതിരുന്നിട്ടും ശില്പ ഷെട്ടിയുടെ ആരാധകർ ‌എണ്ണം വർധിക്കുകയാണ് ഉണ്ടായത്. ടെലിവിഷൻ ഷോകളിലെ സാന്നിധ്യം ഇതിനൊരു കാരണമായിരുന്നു. മറ്റൊന്ന് പ്രായത്തോടുള്ള താരസുന്ദരിയുടെ പോരാട്ടമായിരുന്നു. ഫിറ്റ്നസ് നിലനിർത്തുന്ന, മനോഹരമായി വസ്ത്രം ധരിക്കുന്ന, സൗന്ദര്യത്തിന് മങ്ങലേൽക്കാത്ത ശില്പ ഷെ‌ട്ടി ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു.