പണച്ചെലവില്ലാതെ സ്റ്റൈലിഷ് ആകാം; ഇത് ഫ്യൂഷന്റെ ഫാഷൻ

ട്രഡീഷനൽ അല്ലെങ്കിൽ വെസ്റ്റേൺ വസ്ത്രങ്ങൾ മാത്രം ധരിച്ച് മടുത്തെങ്കിൽ ഇനി കോളജിലും ഓഫിസിലും പാർട്ടികളിലും  ഫ്യൂഷൻ പരീക്ഷിക്കാം. സോനം കപൂർ, ദീപിക പദുക്കോൺ, കരീന കപൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം തന്നെ ഇന്തോ–വെസ്റ്റേൺ ഫാഷന്റെ ആരാധരാണ്. വാഡ്രോബിലുള്ള ഡ്രസുകൾ മിക്സ് ആൻഡ് മാച്ച് ചെയ്യാനുള്ള ഫാഷൻ സെൻസുണ്ടെങ്കിൽ പണച്ചെലവില്ലാതെ പുതിയ ലുക്ക് സ്വന്തമാക്കാം.

∙ ജീൻസിനൊപ്പം മാത്രം ബെൽറ്റ് ധരിച്ചിരുന്ന കാലമൊക്കെ ഏന്നേ പോയി. സാരിക്കും ലെഹംഗയ്ക്കുമൊപ്പം ബെൽറ്റ് ധരിക്കുന്നതാണ് പുതിയ ട്രൻഡ്. സബ്യസാചി, അനിത ഡ്രോങ്ഗ്ര, ശ്യാമൾ–ഭൂമിക തുടങ്ങിയ ഡിസനൈർമാരെല്ലാം ബെൽറ്റിന്റെ ആരാധകരാണ്.

∙ അധികം വർക്കുകൾ ഇല്ലാത്ത സാരിക്കൊപ്പം ഡിസൈനർ പെപ്ലം ടോപ്പ് പാർട്ടി വെ‌യറായും ഓഫിസ് വെയറായും ധരിക്കാം. ദോത്തി പാന്റ്സ്, പലാസോ എന്നിവയ്ക്കൊപ്പവും പെപ്ലം ടോപ്പ് പെയർ ചെയ്യാം.

∙ ഹെവി ട്രഡീഷനൽ വെയറായ ലെഹംഗയ്ക്ക് മേക്ക്‌ഓവർ നൽകാൻ ക്രോപ് ടോപ്പ് പരീക്ഷിക്കാം. ഷർട്ട്, ടീഷർട്ട്, കേപ് എന്നിവയെയും ലെഹംഗയ്ക്ക് കൂട്ടു നൽകാം.

∙ സാരിക്കൊപ്പം വരെ ഡെനിം ഷർട്ട് പരീക്ഷിക്കുന്നവരുണ്ട്. അത്രയ്ക്കൊന്നും പോകേണ്ടെങ്കിൽ കുർത്തിക്കോ ലെഹംഗയ്ക്കോ ഒപ്പം ധരിക്കാം. മാക്സി ഡ്രസിനൊപ്പം സ്ഥിരം ഡെനിം ഷർട്ട് പരീക്ഷിക്കുന്നയാളാണ് ബോളിവുഡ് താരം അലിയ ഭട്ട്.

∙ ക്രോപ്ഡ് പാന്റ്സും കുർത്തയുമാണ് ഇന്തോ–വെസ്റ്റേൺ വെയറിലെ മറ്റൊരു ഹിറ്റ്. സ്‌ലിറ്റഡ് കുർത്തി, അനാർക്കലി, അസിമട്രിക്കൽ കുർത്തി തുടങ്ങി ഏതിനൊപ്പവും മാച്ച് ചെയ്യും. 

∙ സാരിയും പാന്റ്സും ചേർത്ത പാന്റ് സാരിയാണ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മറ്റൊരു ഫ്യൂഷൻ വസ്ത്രം. ചുരിദാർ പാന്റ്സ്, ലെഗ്ഗിൻസ്, ട്രൗസേഴ്സ് തുടങ്ങി ഏന്തും പരീക്ഷിക്കാം.

∙ ജംപ്സ്യൂട്ടുകളിലും വെറൈറ്റികൾ ധാരാളം. ഓഫ് ഷോൾഡർ സർവാൽ ജംപ്സ്യൂട്ട്, ജംപ്സ്യൂട്ട് വിത്ത് ദുപ്പട്ട തുടങ്ങിയവ റാംപിൽ നിന്നിറങ്ങി വാഡ്രോബുകളിൽ എത്തിക്കഴിഞ്ഞു.