മമ്മൂട്ടിക്കായ്ക്ക് ഇഷ്ടമുള്ള ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് ആണെങ്കിൽ സെലിബ്രിറ്റികൾക്ക് ഇഷ്ടമുള്ള ഡ്രസ് ബ്ലാക്ക് ഡ്രസ് ആണ്. നാലഞ്ചുനാൾ മുൻപ് ഹൈദരാബാദ് കൺവൻഷൻ സെന്ററിൽ നടന്ന സൗത്ത് ഇന്ത്യാ ഫിലിംഫെയർ അവാർഡ് 2016 പുരസ്ക്കാരനിശയിൽ പ്രായഭേദമന്യെ സെലിബ്രിറ്റികൾ ലൈംലൈറ്റിൽ വെട്ടിത്തളങ്ങിയത് കറുപ്പിന്റെ ഇന്ദ്രജാലം വാരിയണിഞ്ഞാണ്. ഭർത്താവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ 36 വയസുള്ള ‘മൈ പൊണ്ടാട്ടി’ ജ്യോതിക, കറുപ്പ് ഇന്തോ – വെസ്റ്റേൺ ലഹംഗയിലാണ് ആസ്വാദകരുടെ മനകർന്നത്. ബ്രാസ് നിറത്തിലെ രാംലീല കമ്മലും പരമ്പരാഗത പൂത്താലിയെ ഓർമിപ്പിക്കുന്ന മെറ്റൽ ചോക്കറും ബ്രാസ് നിറത്തിലെ ബോക്സ് ക്ലച്ചുമായിരുന്നു ജ്യോതികയുടെ ആക്സസറീസ്. കോളറില്ലാത്ത ഹൈനെക് ടോപ്പിന് ചോക്കർ മാത്രമായിരുന്നു അലങ്കാരം. സ്ലീവാകട്ടെ പ്ലെയിൻ ത്രീഫോർത്. നെറ്റിൽ തീർത്ത സ്കർട്ടിന്റെ അറ്റത്ത് വീതിയോറിയ സീക്വിൻസ്ഡ് ബോർഡർ. ഡ്രസിലേക്ക് സർവശ്രദ്ധയും ആകർഷിക്കാനായി മേക്കപ് മിനിമൽ ആക്കാനായിരുന്നു ജോ ആഗ്രഹിച്ചത്. മുഖത്ത് അലങ്കാരമായി തമിഴ് പൊണ്ടാട്ടികളുടെ മുഖമുദ്രയായ ചുവന്ന വട്ടപ്പൊട്ട് മാത്രം. പൊന്നിൻകുടത്തിന് പൊട്ടുമാത്രം മതിയല്ലോ !
‘മിന്റ് ബ്ലഷ് ’ ബ്രാൻഡിന്റെ കറുപ്പ് സിംപിൾ നീലെങ്ത് ഫ്രോക്ക് ആയിരുന്നു നയൻതാരയുടെ വേഷം. കാഷ്വലാണോ അവാർഡ് നിശയ്ക്ക് അണിയുന്നത് എന്ന സംശയം ഉളവാക്കിയതുകൊണ്ടുതന്നെ നയൻസിന്റെ ഫ്രോക്കിനെക്കുറിച്ച് എതിരഭിപ്രായം ഉണ്ടായി. സ്ലീവ്‌ലെസ് പ്രിൻസസ് കട്ട് ഗൗൺ , സീറോ സൈസ് സുന്ദരിക്ക് നന്നായി ചേരും എന്ന കാര്യത്തിൽ മാത്രം തർക്കമുണ്ടായില്ല. ‘നാനും റൗഡി താൻ ’ എന്ന തമിഴ് പടത്തിന്റെ പേരിൽ അവാർഡ് കിട്ടിയതുകൊണ്ടാണോ എന്നറിയില്ല ചെറിയൊരു റൗഡി ലുക്കിലായിരുന്നു പുള്ളിക്കാരിയുടെ വേഷപ്പകർച്ച. കൈകാലുകളിൽ ഇരുളിമയും മുഖത്തുമാത്രം വെളുത്ത ബ്ലഷും അണിഞ്ഞുള്ള ടു– ടോൺ മേക്കപ്പ് . കയ്യും കഴുത്തും നെറ്റിയും കാതുമെല്ലാം ഒഴിഞ്ഞു തന്നെ കിടന്നു. വിരലിൽ സുഹാനി പിട്ടി ഡിസൈൻ ചെയ്ത ത്രികോണാകൃതിയിലെ മോതിരം മാത്രം. കാലിൽ ബ്ലൂ –ബ്ലാക്ക് ഹാഫ് ഷൂ. പ്രവചാതീതമായിരിക്കണം ഓരോ പ്രവൃത്തിയും എന്ന് നിർബന്ധമുണ്ടാവും നമ്മുടെ തിരുവല്ലാക്കാരിക്ക്.
‘രുദ്രമാദേവി’യിലെ റോളിന് ചേരുംപടിയായി പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞായിരുന്നു അനുഷ്ക്കാ ഷെട്ടിയുടെ രംഗപ്രവേശം. കറുപ്പ് സിൽക് സാരിയിൽ ഗോൾഡൻ കട്ട് വർക്ക്. കോൺട്രാസ്റ്റ് നീലയിലെ ത്രീഫോർത് സ്ലീവുള്ള ബ്ലൗസും ഡയമണ്ട് പെൻഡന്റ് കൊരുത്ത കസവുമാലയും. വെട്ടിത്തിളങ്ങുന്ന അനുഷ്ക്കയുടെ ത്വക്കിനു മാത്രം ആവതില്ലായിരുന്നു കറുപ്പണിയാൻ.
കറുപ്പ് കാണുന്നവരിലുണ്ടാക്കുന്ന ദൃശ്യോന്മാദത്തിന് ബ്ലാക്ക് മാജിക് എന്ന് ആലങ്കാരികമായി പറയുമെങ്കിലും ശരിക്കുമൊരു മന്ത്രവാദിനിയെപ്പോലെ അടിമുടി കറുപ്പും തിളക്കവുമണിഞ്ഞെത്തിയത് മലയാളത്തിന്റെ പാർവതിയാണ്. സിൽവർ സീക്വൻസ് വച്ച കറുപ്പ് നെറ്റിൽ തീർത്ത ഫ്രോക്ക്. പേമിങ് ആവശ്യമില്ലാത്ത സ്വതസിദ്ധമായ ചുരുചുരുണ്ട മുടി . വലിയ ഹീൽസുള്ള കറുത്ത ബൂട്സ്. സിഗ്നേച്ചറായി കൊണ്ടുനടക്കാൻ ചുണ്ടിന്റെ ആകൃതിയിലുള്ള ചെറി റെഡ് ക്ലച്ച് വാലറ്റ് . ചുരുക്കത്തിൽ ‘ചാർലി’യിലെ ടെസയെപ്പോലെ അവാർഡ് നിശയിലെ ലുക്കും ഫ്രീക്കിങ് ആൻഡ് സ്റ്റൈലിഷ് ആയിരുന്നു. കറുപ്പണിഞ്ഞ് ഫിലിംഫെയർ പുരസ്ക്കാര നിശയ്ക്ക് എത്തിയവരുടെ നിര അവസാനിക്കുന്നില്ല. എമി ജാക്സൺ, കാതറിൻ ട്രീസ, എന്തിന് നമ്മുടെ പഴയകാല രോമാഞ്ചം ജയപ്രദ എന്നിവരും അടിമുടി കറുപ്പ് നിറത്തിലെ കുപ്പായമണിഞ്ഞ് വെട്ടിത്തിളങ്ങി.