കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ മലയാളിക്കു ലഭിച്ച നായികാവസന്തമാണ് ദിവ്യ ഉണ്ണി. നടി എന്നതിനപ്പുറം മികച്ചൊരു നർത്തകി കൂടിയായ ദിവ്യ നിരവധി ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചു. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്കു ചേക്കേറിയപ്പോൾ എല്ലാവരും കരുതിയത് സാധാരണ നടിമാരെപ്പോലെ കുറച്ചു കഴിയുമ്പോഴേക്കും ദിവ്യയും സൈസ് സീറോയിൽ നിന്നുമാറി വണ്ണം വെക്കുമെന്നാണ്. പക്ഷേ രണ്ടുമക്കളുടെ അമ്മയായിട്ടും ദിവ്യയുടെ വണ്ണം ഇപ്പോഴും പഴയപോലെ തന്നെ. നൃത്തവും യോഗയുമാണ് ദിവ്യയുടെ ഈ സൗന്ദര്യത്തിനു പിന്നിലെ രഹസ്യമെന്നതു പരസ്യമാണ്.
ഇപ്പോഴിതാ വനിതയ്ക്കു വേണ്ടി അനുജത്തിയും നടിയുമായ വിദ്യാ ഉണ്ണിയ്ക്കൊപ്പം ഒന്നിച്ചൊരു ഫോട്ടോഷൂട്ടിനു വന്നിരിക്കുകയാണു ദിവ്യ. കസവുസാരിയുടുത്തു മുല്ലപ്പൂവും ചൂടി പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞു വരുന്ന ദിവ്യയെ കണ്ടാൽ പ്രായം കുറച്ചൊന്നു കുറഞ്ഞതു പോലെയെ തോന്നൂ. ഫ്രണ്ട്സിലും, പ്രണയ വർണങ്ങളിലും കഥാനായകനിലുമൊക്കെ മലയാളി കണ്ടുശീലിച്ച ആ നാടൻ സുന്ദരിക്ക് ഇന്നും യാതൊരു മാറ്റവുമില്ല. കളിചിരികളുടെ ഓളത്തിൽ ദിവ്യയും വിദ്യയും വനിതയുടെ കവർഫോട്ടോക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം.