''ഇന്നലെയായിരുന്നു നിങ്ങള്‍ വിളിക്കുന്നതെങ്കിൽ ചിലപ്പോൾ ഞാൻ ഫോണ്‍ പോലും എടുക്കുമായിരുന്നില്ല, അത്രത്തോളം മാനസികമായി തളർന്നിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല, എന്റെ പപ്പ പറയുംപോലെ ഭൂമിയിൽ മാലാഖമാർ ഉണ്ടെന്ന് ദൈവം തെളിയിച്ചു തന്ന നിമിഷങ്ങളിലൂടെയാണു കടന്നു പോയത്. ഇപ്പോൾ ഞാൻ ബോൾഡ് ആണ്, സാഹചര്യങ്ങള്‍ അങ്ങനെ ആക്കി എന്നു പറയുന്നതാവും കൂടുതൽ ശരി''.- പറയുന്നത് സീരിയൽ നടി അമല റോസ് കുര്യൻ ആണ്.
അമല എന്ന പേരിലുള്ള ഏതോ ഒരു സീരിയൽ നടിയെ പെൺവാണിഭക്കേസിൽ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത കേട്ടതിന്റെ സത്യാവസ്ഥ പോലും ചികയാൻ നിൽക്കാതെ ചിലരെങ്കിലും അത് അമല റോസ് കുര്യൻ ആണെന്നു കരുതി പ്രചരിപ്പിച്ചു. വാർത്ത നൽകിയവര്‍ വ്യക്തമായ പേരോ ഫോട്ടോയോ നൽകാത്തത് ഈ അമലയായിരിക്കും എന്നു ചിലരിൽ സംശയവും ജനിപ്പിച്ചു. ഒടുവിൽ തെറ്റുകാരിയല്ലാതിരുന്നിട്ടും പഴികേട്ടു മടുത്തതോടെ അമല ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു, താൻ ആത്മഹത്യ ചെയ്യണമെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നതെന്ന്? പക്ഷേ അതിനുശേഷം കിട്ടിയ പിന്തുണ ചില്ലറയല്ല, ഇന്ന് ആ സമൂഹമാധ്യമം തന്നെ അമലയെ ബോൾഡ് ആക്കി. ഊർജസ്വലയായി മനോരമ ഓൺലൈനിനോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ് അമല.
തന്റെ ആത്മഹത്യയാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന ആ സ്റ്റാറ്റസ് ഇടാൻ പ്രേരിപ്പിച്ചത്?
വാർത്ത വന്നതോടെ ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പലരും വന്നു ചോദിച്ചു ആ അമല താനാണോ എന്ന്. ഉത്തരം നൽകി മടുത്തിരുന്നു. പതിയെ ചോദ്യത്തിന്റെ ടോൺ തന്നെ മാറിത്തുടങ്ങി, മോശം രീതിയിൽ മെസേജുകളും കമന്റുകളും വന്നു. ഏറ്റവും തകർത്തത് മറ്റൊരു സംഭവമാണ്. പള്ളിയിൽ പോയപ്പോൾ ഒരാൾ എന്നോടു നേരിട്ടു ചോദിച്ചു ഇങ്ങനെയൊരു വാർത്ത കണ്ടിരുന്നു ആ കുട്ടിയാണോ എന്ന്. അപ്പോൾ ഞാൻ ശരിക്കും തകർന്നു. കാരണം എന്റെ നാട്ടിലെ പള്ളിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥ. എന്റെ മാനത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ. പോസ്റ്റ് ഇടാൻ തീരുമാനിച്ചതിനു തൊട്ടുമുമ്പ് മറ്റൊരു സംഭവവും ഉണ്ടായി. അധികം പ്രായമൊന്നുമില്ലാത്ത ഒരു പയ്യൻ വളരെ മോശമായി ഒട്ടും സഭ്യമല്ലാത്ത ഭാഷയിൽ എനിക്കു മെസേജ് അയച്ചു. അപ്പോഴുണ്ടായ മാനസികാവസ്ഥയാണ് ആ പോസ്റ്റിൽ കണ്ടത്. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നയാൾ. അത്തരത്തിലൊരു പെൺകുട്ടി ഒരു തെറ്റും ചെയ്യാതെ ഇത്തരം ആരോപണങ്ങൾ നേരിട്ടാൽ കുറച്ചൊന്നു തളരും അതാണ് എനിക്കും ഉണ്ടായത്. സത്യം തെളിയിക്കാൻ പോലും കഴിയാത്ത സാഹചര്യമാണു മുന്നിൽ, മരിച്ചാൽ മതിയെന്നു തോന്നിപ്പോയി. ചിലപ്പോൾ അതെന്റെ മനസിന്റെ ബലഹീനതയാകാം, എന്തായാലും ആ ഫേസ്ബുക്ക് പോസ്റ്റോടെ ഒത്തിരിപേർ പിന്തുണയുമായി മുന്നിലെത്തി.
സ്റ്റാറ്റസ് ഇട്ടതിനു ശേഷം ധാരാളം പിന്തുണ ലഭിച്ചല്ലോ?
തീർച്ചയായും. സമൂഹമാധ്യമം എന്റെ ജീവിതത്തിൽ എത്രത്തോളം ഗുണകരമായി എന്നു നേരിട്ടറിയുകയായിരുന്നു. മുമ്പൊക്കെ ഫേസ്ബുക്കിൽ ഇരിക്കുമ്പോൾ അമ്മ എന്നും വഴക്കുപറയും വേറൊരു പണിയും ഇല്ലേ എപ്പോഴും അതിന്റെ മുന്നിലാണോ എന്ന്. പക്ഷേ ഇത്രയും വലിയൊരു പ്രശ്നമുണ്ടായപ്പോൾ എനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സമൂഹമാധ്യമത്തിൽ നിന്നു തന്നെയാണ്. ഇന്നലെവരെ ഞാൻ കുറച്ച് ഒതുങ്ങി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ്. പക്ഷേ സാഹചര്യമാണ് എന്നെ പ്രതികരിക്കാൻ പഠിപ്പിച്ചത്. ദൈവത്തിനും നന്ദി പറയുകയാണ് ഈ അവസരത്തിൽ. എന്നെപ്പറ്റി തെറ്റിദ്ധരിച്ചവര്‍, എന്നോട് ഇതെപ്പറ്റി ചോദിച്ചവർ, അറിഞ്ഞിട്ടും ചോദിക്കാതെ ഇരുന്നവർ, മോശമായി സംസാരിച്ചവർ ഇവരൊക്കെ അവരുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയും സത്യം മനസിലാക്കാൻ വേണ്ടിയും മാത്രമാണു ഞാൻ ആ പോസ്റ്റ് ഇട്ടത്. പക്ഷേ അതിത്ര വൈറൽ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കൂടുതൽ വൈറൽ ആകുന്നത് കണ്ടു ഞാനും ആദ്യമൊന്നു പേടിച്ചു ഇനിയെന്തായിരിക്കും ഇതിനു പിന്നാലെ വരുന്ന പ്രശ്നം എന്നോർത്ത്. പക്ഷേ വിചാരിച്ചതിലും അധികം പിന്തുണയാണു ലഭിച്ചത്.
മോശമായി സമീപിച്ചവർക്കെതിരെ പരാതി നൽകാമായിരുന്നില്ലേ?
ആദ്യം ഞാൻ കരുതിയതാണ്. പക്ഷേ ആ സ്റ്റാറ്റസ് ഇട്ടതിനുശേഷം വൈകുന്നേരം ആയതോടെ മോശമായി മെസേജ് അയച്ച യുവാവ് ഒരുപാടു ക്ഷമ ചോദിച്ചു. അയാൾക്ക് ആളുമാറിയതാണെന്നും പരാതി നൽകരുതെന്നുമൊക്കെ പറഞ്ഞു. അയാൾ മാത്രമല്ല അത്രയുംനേരം മോശമായി സംസാരിച്ച പലരും എന്നോടു തെറ്റുപറ്റിയതാണെന്നു പറഞ്ഞു. എല്ലാവർക്കും തെറ്റു പറ്റുമല്ലോ? അത്രയേ ഞാനും കരുതുന്നുള്ളു.
തെറ്റിദ്ധാരണയ്ക്ക് ഇട നൽകിയ വാര്‍ത്തകള്‍ നൽകിയവരോട് എന്താണു പറയാനുള്ളത്?
സത്യത്തിൽ മുൻനിര മാധ്യമങ്ങളൊക്കെ എന്നെ പിന്തുണച്ചാണു വാർത്തകൾ നൽകിയത്. അല്ലാത്ത ചില ഓൺലൈൻ മീഡിയകളിലാണ് പേരോ ചിത്രമോ വ്യക്തമായി നല്‍കാതെ സീരിയൽ നടി അമല പെൺവാണിഭക്കേസിൽ പിടിയിലായെന്ന വാർത്തകൾ വന്നത്. ഞാനായിരിക്കും അത് എന്നു തെറ്റിദ്ധരിച്ചവരെ ഒരിക്കലും കുറ്റം പറയില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം വാർത്ത വായിച്ച് ആദ്യം അവര്‍ സീരിയൽ നടി അമല എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യും, അപ്പോൾ വരുന്ന ചിത്രങ്ങൾ എന്റേതാണ്. ഞാൻ ആത്മഹത്യ ചെയ്തു എന്നുവരെ വാർത്ത വന്നു. അത്തരം വാർത്തകൾ കൊടുക്കുന്നതിലൂടെ ആ മാധ്യമങ്ങൾ സ്വയം തരംതാഴുകയാണു ചെയ്യുന്നത്. പൊതുജനം അത്ര മണ്ടന്മാരല്ല, എത്രനാൾ അവർക്കു നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കാൻ പറ്റും?
സീരിയൽ-സിനിമാ താരങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നവരെക്കുറിച്ച്?
എല്ലാവരും ഫോട്ടോകളും വിഡിയോകളുമൊക്കെ അപ്‍ലോഡ് ചെയ്യുന്നുണ്ട്. പക്ഷേ സിനിമാ-സീരിയൽ താരങ്ങൾ ഇടുമ്പോള്‍ അതിനുകുറച്ചു കൂടി ശ്രദ്ധ കിട്ടുകയാണ്. ഞാൻ കുറച്ചു റിസർവ്ഡ് ആയിട്ടുള്ള ആളാണ്, അതുകൊണ്ട് ഫോട്ടോകൾ ഇടുമ്പോൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. എല്ലാവർക്കും സ്വാതന്ത്രമുണ്ട്, പക്ഷേ അധിനും പരിധിയുണ്ടെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. പിന്നെ സൈബർ ആക്രമണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കണം. മിണ്ടാതിരിക്കുമ്പോഴാണ് നാം കുറ്റക്കാരാകുന്നത്. സത്യം ഒന്നേയുള്ളു, അതെന്നായാലും പുറത്തുവരും. എന്റെ സംഭവം തന്നെ ഉദാഹരണമാണ്.
സീരിയൽ രംഗത്തു നിന്നും പിന്തുണ?
ഒത്തിരിപേർ എന്നെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്തു. പലരും പറഞ്ഞു അവര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നു എന്നാൽ അന്ന് ഫീൽഡിൽ പ്രശ്നമാകുമോ എന്നു ഭയന്ന് പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്ന്. അത് തെറ്റായിപ്പോയെന്ന് പിന്നീടു മനസിലായെന്നും അമല ചെയ്തത് ശരിയായ കാര്യമാണെന്നും പറഞ്ഞു. ഞങ്ങൾക്കറിയാം നിന്നെ എന്നാണ് എല്ലാവരും പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാൻ വിചാരിച്ചതിലും അധികം ആളുകൾ കൂടെനിന്നു. ഇതുവരെ പ്രതികരിക്കാതിരുന്ന അമലമാർക്കു വേണ്ടികൂടിയാണ് ഞാൻ പ്രതികരിച്ചത്.
പുതിയ സീരിയലുകൾ?
മൂന്നുനാലു വർഷമായി ഞാൻ സീരിയലുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പഠിത്തം ഉഴപ്പാതിരിക്കാന്‍ വേണ്ടിയാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ അവസാന വർഷ വിദ്യാർഥിയാണ് ഇപ്പോൾ. അതുകൊണ്ട് പഠിത്തം പൂർത്തിയായി ഏപ്രിലിനു ശേഷം മാത്രമേ ഇനി സീരിയലുകളും സിനിമകളുമൊക്കെ ചെയ്യുന്നുള്ളു. അതിനിടയിൽ നല്ല പ്രൊജക്റ്റുകൾ വന്നാൽ തീർച്ചയായും ഒഴിവാക്കില്ല.