മലയാളത്തിന്റെ പാവം കല്യാണി, തമിഴകത്ത് കസ്തൂരി– രണ്ടു പേരും ഒരാൾ തന്നെ. സീരിയൽ സിനിമാ നടി നിയ രഞ്ജിത്ത്.
‘കല്യാണി’ എന്ന ആദ്യ സീരിയലിൽ തന്നെ മലയാള, തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ കലാകാരിയാണു നിയ. ഇന്നും പ്രേക്ഷക മനസ്സിൽ നിന്നു ഇറങ്ങിപ്പോയിട്ടില്ല ഈ കഥാപാത്രം. തമിഴിൽ ‘കസ്തൂരി’ എന്ന പേരിലാണ് ഈ പരമ്പര വന്നത്. അതുകൊണ്ട് അവിടെയുളളവർക്കെല്ലാം നിയ കസ്തൂരിയാണ്.
അന്നെല്ലാം വഴിയിൽ വച്ചു കണ്ടാൽ ആരാധകർ നിയയെ പിടികൂടുമായിരുന്നു. പിന്നെ, കുശലം ചോദിക്കലായി, സ്നേഹപ്രകടനങ്ങളായി. ഒരിക്കൽ കൂലിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചിലര്‍ നിയയെ വളഞ്ഞു. അവർക്ക് നിയയുടെ കയ്യൊപ്പ് വേണം. അതും അവരുടെ കൈത്തണ്ടയിൽ. ആരാധകരെ നിരാശരാക്കരുതല്ലോ. അതുകൊണ്ട് അവരുടെ കല്യാണി സമ്മതിച്ചു. എല്ലാവർക്കും ചാർത്തിക്കൊടുത്തു മനോഹരമായ കയ്യൊപ്പ്!
കലാധരൻ സംവിധാനം ചെയ്ത ‘കല്യാണി’ നിയയ്ക്കു നേടിക്കൊടുത്തത് ആയിരക്കണക്കിനു സാധാരണക്കാരായ ആരാധകരെയാണ്. ഈ നേട്ടത്തിനു വഴിതെളിച്ച കല്യാണിയെ ഒരു കാലത്തും നിയയ്ക്കു മറക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് എറണാകുളത്ത് സ്വന്തമായി തുടങ്ങിയ ലേഡീസ് ഷോപ്പിന് നിയ ‘കല്യാണി’ എന്നു പേരിട്ടത്.
‘കല്യാണി’ യെപ്പോലെ നിയയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത മറ്റൊരു കഥാപാത്രമാണ് ‘അമ്മ’യിലെ ലക്ഷ്മി. പതിനാറു വയസ്സായ കുട്ടിയുടെ കണ്ണു കാണാത്ത അമ്മയായി അഭിനയിച്ച് തികച്ചും വ്യത്യസ്തമായ അഭിനയ പാടവം കാഴ്ചവച്ചു ഈ അഭിനേത്രി.
‘ഈയിടെ കോഴിക്കോട് ബീച്ചിൽ പോയപ്പോഴാണ് ലക്ഷ്മിയെ എത്രമാത്രം പ്രേക്ഷകർ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കിയത്.
ഇതു നമ്മുടെ ലക്ഷ്മിയല്ലേ? എന്നു ചോദിച്ചുകൊണ്ട് അവരെല്ലാം അരികിലെത്തി വിശേഷം തിരക്കി. സംസാരത്തിനിടയിൽ കല്യാണിയും അവരുടെ ഓർമയിൽ ഓടിയെത്തി. ഇതൊക്കെ യല്ലേ ഒരു കലാകാരിക്ക് ആത്മസംതൃപ്തി പകരുന്ന നിമിഷങ്ങൾ!
സിംഗപ്പൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന രഞ്ജിത്തുമായുളള വിവാഹം കഴിഞ്ഞ് കുറെ നാൾ നിയ അഭിനയരംഗത്തു നിന്നു മാറി നിന്നിരുന്നു. പിന്നീട് മകൻ ജനിച്ച ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. ആലുവയിൽ രഞ്ജിത്തിന്റെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു ഇടവേളയ്ക്കുശേഷമുളള ആദ്യത്തെ വിളി. അതേക്കുറിച്ച് നിയ: ‘‘ശ്രീനിവാസൻ– മുകേഷ് ടീമിന്റെ ‘അഭിനേത്രി’ എന്ന സീരിയലിലേക്കാണ് എന്നെ ക്ഷണിച്ചത്. വലിയ കലാകാരന്മാരുടെ ഒരു സംരഭം. അതൊരു മഹാഭാഗ്യമായി ഞാൻ കരുതി. ‘തകര’യിലെ നായിക സുരേഖച്ചേച്ചിയെ പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. ചേച്ചിയുടെ മകളുടെ റോളായിരുന്നു എനിക്ക്. പിന്നീട് ഒരു തമിഴ് സിനിമയ്ക്കു വേണ്ടി സുരേഖച്ചേച്ചി എന്നെ വിളിച്ചു. ‘നിരങ്കി വാ...മുത്തമിടാതെ’ എന്ന ഈ സിനിമയിൽ പ്രശസ്ത നടി അംബികയുടെ മകളായി അഭിനയിക്കാൻ എനിക്കു ഭാഗ്യമുണ്ടായി.’’
രണ്ടാം വരവിനു ശേഷം നിയ ചെയ്ത മറ്റൊരു സീരിയലാണ് പത്തിനു പത്ത്.’ ഗിരീഷ് കോന്നി സംവിധാനം ചെയ്ത ഈ സസ്പെൻസ് ത്രില്ലറിൽ വില്ലത്തിയുടെ വേഷമായിരുന്നു നിയയ്ക്ക്. നിയ ആദ്യമായാണ് ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഴവിൽ മനോരമയിലെ ‘വിവാഹിത’, സ്നേഹജാലകം, ദുർഗ, സത്യം ശിവം സുന്ദരം, ഏഴുരാത്രി കൾ’ തുടങ്ങിയവയും രണ്ടാം വരവിനു ശേഷം ചെയ്ത സീരിയലുകളാണ്.
ഇതിനിടയിൽ കുക്കറി ഷോയ്ക്കും ഓണപ്പായസമേളയ്ക്കും നേതൃത്വം നൽകി നിയ. കുക്കറി ഷോ 110 എപ്പിസോഡുകൾ പിന്നിട്ടു. ‘കല്യാണരസം’ എന്ന പ്രത്യേക വിഭവം അവതരി പ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. രാജസ്ഥാനിൽ നിന്നു ഒരു മലയാളി വീട്ടമ്മ വിളിച്ച് പാചക സംബന്ധമായ അറിവുകൾ തേടി.
‘പായസ മേള ഒരു വല്ലാത്ത അനുഭവമായിരുന്നു. ഒരു ദിവസം നാല് എപ്പിസോഡുകൾ വരെ എടുത്തിരുന്നു. ഉണ്ടാക്കുന്ന പായസം രുചിച്ചു നോക്കണം. ശരിക്കും ടേസ്റ്റ് അറിയണമെങ്കിൽ രണ്ടു ടീസ്പൂണ്‍ പായസമെങ്കിലും കഴിക്കണം. ഒരു ദിവസം പതിനാറു തരം പായസം രുചിച്ചു നോക്കേണ്ടിവരും. അതുകൊണ്ട് ചെടിപ്പ് ഒഴിവാക്കാൻ ഇഞ്ചി അച്ചാറും മറ്റുമായാണു പോകാറുളളത്. ഏറ്റവും കൂടുതൽ തവണ പായസം രുചിച്ചു നോക്കിയതിനു ലിംക ബുക്കിൽ പേരു വരുമോ ആവോ?
ഇനി നിയ–രഞ്ജിത് പ്രണയത്തെക്കുറിച്ച്.....
ചാറ്റിങ്ങിലൂടെ സൗഹൃദം നേടി ഒടുവിൽ യഥാർഥ പ്രണയത്തിനു വഴിയൊരുങ്ങിയപ്പോൾ നിയ രഞ്ജിത്തിന്റെ സ്വന്തമായി. നിയയുടെ ഒരു സുഹൃത്തിന്റെ കസിനാണു രഞ്ജിത്ത്. ടിവിയിലെ അവതാരകയ്ക്ക് ഒരു അഭിനന്ദന സന്ദേശം അയച്ചതായിരുന്നു തുടക്കം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ക്രമേണ എല്ലാം ശാന്തമായി.
രഞ്ജിത് ഇപ്പോൾ നാട്ടിലുണ്ട്. എറണാകുളം ഇൻഫോ പാർക്കിൽ എൻജിനീയറാണ്. എംബിഎക്കാരനായ രഞ്ജിത് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനുളള ശ്രമത്തിലാണ്. ഇൻഫോ ഫാക് എന്നാണു പേര്.
മകൻ രോഹിത്തിനു നാലു വയസ്സായി. എൽകെജിയിൽ പഠിക്കുന്നു. ആദ്യമൊക്കെ അമ്മയുടെ സീരിയലുകൾ കാണുന്നത് അവന് ഇഷ്ടമായിരുന്നില്ല. സീരിയലിൽ അമ്മ മറ്റു കുട്ടികളെ ലാളിക്കുന്നതും കെട്ടിപ്പിടിക്കുന്നതൊന്നും രോഹിത് ഇഷ്ടപ്പെട്ടില്ല. അപ്പോൾ നിയ മകനോടു പറയും: അമ്മയ്ക്ക് ഓരോ സീരിയലിലും കുറേ മക്കൾ കാണും പക്ഷേ അതൊന്നും അമ്മയുടെ യഥാർഥ മക്കളല്ല. ശരിക്കുളള മകൻ രോഹിത് മോൻ മാത്രമല്ലേ....മൂന്നു വയസ്സുവരെ ഇക്കാര്യ ത്തില്‍ ശാഠ്യക്കാരനായിരുന്നെങ്കിലും ഇപ്പോൾ രോഹിത്തിന് എല്ലാം മനസ്സിലായി. സീരിയൽ കാണാനും ഷൂട്ടിങ് സ്ഥലത്തു പോകാനും അവന് ആവേശമാണ്.
ആലുവ വടക്കിനേടത്ത് വിശ്വനാഥന്റെയും സതിയുടെയും മകനാണ് രഞ്ജിത്. നിയ, ജോൺ മത്തായിയുടെയും ഉഷയുടെയും മകൾ.
നിയയുടെ ശരിയായ പേര് മറ്റൊന്നാണ്. ആർക്കും കൗതുകം തോന്നാവുന്ന പേര്– കോൺസാനിയ. ഈ വല്ലാത്ത പേരിൽ തലയും കുത്തി വീണുപോയതാകുമോ പാവം രഞ്ജിത് എന്ന എംബിഎക്കാരൻ ചെക്കൻ?