സീരിയലിലെ വില്ലത്തി ഇനി സിനിമയിലേക്ക്

സീരിയലുകളിൽ നായികമാരേക്കാൾ പ്രേക്ഷകർ എപ്പോഴും ഓർത്തിരിക്കുന്നതു വില്ലത്തിമാരെയാണ്. അവരെ സ്ക്രീനിൽ കാണുമ്പോഴേക്കും പറയും 'ദേ അവള് വന്നിട്ടുണ്ട്, പാവം ആ കൊച്ചിനെ ദ്രോഹിക്കാൻ'.. പ്രതീക്ഷയെയും ഒരുകാലത്ത് അമ്മമാരും അമ്മൂമ്മമാരുമൊക്കെ ഓർത്തിരുന്നത് ഇങ്ങനെയായിരുന്നു, എന്നുകരുതി ജീവിതത്തിൽ ആളത്ര വില്ലത്തിയൊന്നുമല്ല കേട്ടോ. വീട്ടിലെ വെറും പാവം കുട്ടിയാണു താന്‍ എന്നാണ് പ്രതീക്ഷ സ്വയം വിശേഷിപ്പിക്കുന്നത്.. മനോരമയുടെ മോഡൽ ഓഫ് ദ വീക് കൂടിയായ പ്രതീക്ഷയുടെ വിശേഷങ്ങളിലേക്ക്.

താരോത്സവം കാണാൻ പോയി താരമായി

ഒരു താരോത്സവം കാണാൻ പോയിട്ട് ജീവിതം മാറിമറിഞ്ഞതായി കേട്ടിട്ടുണ്ടോ...? പത്തനംതിട്ട സ്വദേശി സീരിയൽ താരം പ്രതീക്ഷ ജി പ്രദീപ് സീരിയൽ രംഗത്തേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. താരോത്സവ പരിപാടിയിൽ സീരിയൽ താരം സാജൻ സൂര്യയെ പരിചയപ്പെട്ടതാണ് പ്രതീക്ഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അന്നു പറഞ്ഞിരുന്നു... താരോത്സവത്തിൽ പാട്ടും ഡാൻസും ചെയ്തു...തിരിച്ചു പോന്നു...കുറെ നാൾകഴിഞ്ഞാണ് ‘അമ്മ’എന്ന സീരിയലിൽ അഭിനയിക്കാനുള്ള വിളിവരുന്നത്. പ്ളസ്ടൂവിന് പഠിക്കുമ്പോഴാണ് മീനാക്ഷി എന്ന വില്ലത്തിയായി അമ്മ സീരിയലിൽ അഭിനയിക്കുന്നത്.

മീനാക്ഷി എന്ന വില്ലത്തി...

അമ്മയെന്ന സിരിയലിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ആദ്യ സീരിയലായതുകൊണ്ടു തന്നെ നല്ല പേടിയുണ്ടായിരുന്നു. പിന്നെ ഡയറക്ടർ പറഞ്ഞു തരുന്നതു പോലെ അഭിനയിച്ചു. ശരിക്കും ഞാൻ വീട്ടിലൊരു പാവം കുട്ടിയാണ്, വീട്ടുകാർക്കും അത്ഭുതമായി നീയിതൊക്കെ എങ്ങനെ അഭിനയിക്കുന്നു എന്ന് അവർ പോലും ചോദിച്ചു. ആ സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ക്ഷേത്രത്തിൽ പോയി കുറെ അമ്മുമ്മമാർ കൂടി ഇരിപ്പുണ്ട്...അമ്മ സിരിയലിലെ കുട്ടി വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് അവർ മാറിയിരുന്നു പറയുകയാണ്. വന്നേക്കുന്നു അവൾ, ഞങ്ങൾക്കൊന്നും അവളെ കാണണ്ട...ഞാൻ ചിരിക്കുന്നതും വർത്തമാനം പറയുന്നതും ശ്രദ്ധിച്ച് കുറെ നേരം നോക്കിയിരുന്ന ശേഷം വല്ല്യ കുഴപ്പക്കാരിയല്ലായെന്നു തോന്നിയിട്ടാവും വന്നു കെട്ടിപ്പിടിച്ച് വർത്തമാനമൊക്കെ പറഞ്ഞിട്ടാണു പോയത്. സത്യം പറഞ്ഞാൽ സന്തോഷം തോന്നി. അഭിനയിച്ചതു നന്നായിട്ടാണല്ലോ അവർ ദേഷ്യം കാണിച്ചത്...

സിരിയൽ + ലൈഫ്...

അമ്മസീരിയലിലെ വില്ലത്തിക്കുശേഷം പ്രണയം, ചാവറയച്ചൻ, ആത്മസഖി സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖിയിൽ കഥാപാത്രം നെഗറ്റീവ് റോൾ അല്ലെങ്കിലും കൂട്ട് നെഗറ്റീവ് കഥാപാത്രത്തോടാണ്. ബി.ടെക് പഠനത്തോടൊപ്പമാണ് സീരിയൽ അഭിനയം.

ഹോബി...

പാട്ടുകേൾക്കാനും സിനിമാറ്റിക് ഡാൻസ് കാണാനും ഇഷ്ടമാണ്.

ഇഷ്ടഭക്ഷണം

ഭക്ഷണകാര്യത്തിൽ നിർബന്ധമില്ല. കറികളിൽ കഷണങ്ങളൊന്നും കൂട്ടാറില്ല, ചാറുമാത്രം മതി. കുക്ക് ചെയ്യാനിഷ്ടമാണ്...(പരീക്ഷണ കുക്കിങ്....) ‍റിസൾട്ട് എന്താണെന്നറിയില്ല. മറ്റുള്ളവർ അതു കഴിച്ച് അഭിപ്രായം പറയണം...

ഇഷ്ട വസ്ത്രം...

റെഡ് ഫ്രോക്ക്, പലതരത്തിലുള്ള ടോപ്പുകൾ.

സിനിമ

ഒന്നു രണ്ട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്.

ഫാമിലി

അച്ഛൻ പ്രദീപ് L&T ബാംഗ്ലൂരിൽ ഡിസൈൻ മാനേജറായി ജോലിചെയ്യുന്നു. അമ്മ ഗിരിജ, ജേഷ്ഠൻ പ്രണവ് എൻജിനിയറാണ്.

പ്രതീക്ഷയുടെ കൂടുതൽ ചിത്രങ്ങൾ കാണാം