എതിർപ്പുകളെ അതിജീവിച്ച് ഒറ്റയ്ക്കു പോരാടി ജീവിതം തിരിച്ചുപിടിച്ചു!

Sethulakshmi
സേതുലക്ഷ്മി

തിരുവനന്തപുരം സ്വാതിതിരുനാൾ കോളജിൽ നാലു വർഷത്തെ പഠനത്തിനൊടുവിൽ നടനഭൂഷ‌ണം.. അമ്വചർ – പ്രഫഷനൽ നാടകങ്ങൾക്കായി വേദികളിൽനിന്നു വേദികളിലേക്കുള്ള യാത്ര. സീരിയലിലും സിനിമയിലും ചെറിയ വേഷങ്ങൾ. എന്നിട്ടും അർഹതപ്പെട്ട അംഗീകാരങ്ങൾ നടി സേതുലക്ഷ്മിയെ തേടിയെത്തിയില്ല. അവസരങ്ങൾ ധാരാളം വന്നുതുടങ്ങിയപ്പോഴാകട്ടെ, പ്രായം എഴുപതിന്റെ പടി കടന്നു.

അഭിനയം പ്രാണനാണെന്നും അത് തന്റെ രക്തത്തിൽ അലിഞ്ഞുകിടക്കുകയാണെന്നും എപ്പോഴും പറയാറുണ്ട് സേതുലക്ഷ്മി. ഇക്കാണുന്ന ജീവിതം വെട്ടിപ്പിടിച്ചതാണ് ഈ കലാകാരി. ഒറ്റയ്ക്കുള്ള പോരാട്ടം. എതിർപ്പുകളെ അതിജീവിച്ച്...

‘‘ അഭിനയരംഗത്തേക്ക് പെൺകുട്ടികൾ കടന്നുവരാത്ത കാലമായിരുന്നു അത്. അന്നൊക്കെ സ്ത്രീവേഷം കെട്ടിയിരുന്നത് ആണുങ്ങളായിരുന്നു. ഒരിക്കൽ ഏതോ ഒരു നാടകത്തിലേക്ക് ഡയലോഗ് പറയാൻ എന്നെ വിളിച്ചു. ഒരു ആൺകുട്ടിയായിരുന്നു സ്ത്രീവേഷത്തിൽ. അയാളുടെ അനുജത്തിയായി എന്നെ നിർത്തി ഡയലോഗ് പറയിപ്പിച്ചു. അതായിരുന്നു തുടക്കം. വീട്ടുകാർ എതിർത്തെങ്കിലും ഞാൻ അഭിനയരംഗത്ത് ചുവടുറപ്പിച്ചു.’’

അമ്വചർ നാടകങ്ങളിൽനിന്നു വളരെ പെട്ടെന്നാണു പ്രഫഷനൽ നാടക ലോകത്തേക്കു സേതുലക്ഷ്മി കടന്നുച്ചെന്നത്. കൊല്ലം ഉപാസനയുടെ ‘കൊന്നപ്പൂക്കളായിരുന്നു ആദ്യ നാടകം. പിന്നീട് സങ്കീർത്തന, സൂര്യസോമ, കെപിഎസി, പി.ജെ. തിയേറ്റേഴ്സ് തുടങ്ങിയ പ്രശസ്ത നാടക ട്രൂപ്പുകളുടെ ഭാഗമായി.

‘‘എന്റെ നാടകജീവിതം 45 വർഷമാണ്. ഭാഗ്യജാതകം, ദ്രാവിഡവൃത്തം എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിയായും മൺകോലങ്ങൾ, ചിന്നപ്പാപ്പാൻ എന്നീ നാടകങ്ങളിലൂടെ മികച്ച സഹനടിയായും ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. എന്റെ സ്വന്തം ട്രൂപ്പായ ചിറയൻകീഴ് അനുഗ്രഹയുടെ നാടകമായിരുന്നു ചിന്നപ്പാപ്പാൻ. ’’

ഇതിനിടയിൽ സേതുലക്ഷ്മി സ്വന്തം ജീവിതപങ്കാളിയെ കണ്ടെത്തിയിരുന്നു. മേക്കപ്പ്മാനായിരുന്ന അർജുനനെ വിവാഹം കഴിക്കുമ്പോൾ സേതുലക്ഷ്മിക്കു വയസ്സ് ഇരുപത്തിനാല്. സേതുലക്ഷ്മിയുടെ തുടർന്നുള്ള ജീവിതയാത്ര ദുർഘടം നിറഞ്ഞ വഴിത്താരയിലൂടെയായിരുന്നു. ഒാർക്കാപ്പുറത്തുള്ള വിധിയുടെ പകയാട്ടം. അർജുനൻ ശരീരം തളർന്നു കിടപ്പിലായി. മൂന്നു പെൺകുട്ടികളടക്കം നാലു മക്കൾ. വീട്ടുകാരോ ബന്ധുക്കളോ സഹായത്തിനില്ല. ഈ പ്രതിസന്ധിയിലും സേതുലക്ഷ്മി തളരാതെ നിന്നു.

‘‘ആദ്യ നാളുകളിൽ നാടകത്തിനും റിഹേഴ്സലിനും പോകുമ്പോൽ കുട്ടികളെയും കൂടെ കൂട്ടുമായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളായിരുന്നു അത്. ഈ ദുരിതച്ചുഴിയിലൂടെയാണു മൂന്നു പെൺമക്കളെയും വിവാഹം ചെയ്തയച്ചത്. നാടകത്തിൽനിന്നുള്ള വരുമാനം സ്വരുകൂട്ടിവച്ചാണ് ഇതെല്ലാം സാധിച്ചത്.’’


കെ. ജി. ജോർജിന്റെ ‘ഈ കണ്ണി കൂടി’ എന്ന സിനിമ സേതുലക്ഷ്മിക്കു ഒരു വഴിത്തിരിവായിരിന്നു. അന്ന് നടൻ തിലകനിൽനിന്നു ലഭിച്ച അഭിനന്ദനം ജീവിതത്തിൽ മറക്കാനാവില്ല, ‘താനൊരു മികച്ച ആർട്ടിസ്‌റ്റാണ്. ചെറിയ ഗ്യാപ് ഉണ്ടായേക്കാം. പക്ഷേ, ഒരിക്കൽ താൻ ഒരു വലിയ സ്ഥാനത്തെത്തും. തീർച്ചയാണ്.’ തിലകൻ സംവിധാനം ചെയ്ത രണ്ടു നാടകങ്ങളിൽ സേതുലക്ഷ്മി അഭിനയിച്ചു.

നിർഭാഗ്യവശാൽ ഈ അനുഗൃഹീത നടിയെ തിരിച്ചറിയാൻ പിന്നെയും കാലങ്ങളെടുത്തു. മിനിസ്ക്രീനിൽ ചെറിയ വേഷങ്ങളാണു ആദ്യ കാലങ്ങളിൽ ഈ കലാകാരിയെ തേടിയെത്തിയത്. സേതുലക്ഷ്മിയുടെ ആദ്യ സീരിയൽ ‘സ്വന്തം’ ആണ്. ഇതിൽ ദമ്പതികൾക്ക് ചായ കൊടുക്കാൻ കപ്പും സോസറുമായി പലക കോണി കയറിപ്പോകുന്ന ഒരു രംഗം.
നാർമടിപ്പുടവ, പാട്ടുകളുടെ പാട്ടുകാരൻ, മഴയറിയാതെ, സൂര്യോദയം തുടങ്ങിയവയാണു മറ്റു സീരിയലുകൾ. ഏറ്റവുമൊടുവിൽ സേതുലക്ഷ്മി അഭിനയിച്ചത് ‘മൂന്നുമണി’യിലായിരുന്നു. ഇനി വരാനിരിക്കുന്നത് അമൃതയിലെ പേരിടാത്ത സീരിയലാണ്.

സത്യൻ അന്തിക്കാടിന്റെ രസതന്ത്രം, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളിലൂടെ സേതുലക്ഷ്മി ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങി. ‘ലെഫ്റ്റ് റൈ‍റ്റ് ലെഫ്റ്റ്’ ഈ നടിയുടെ അഭിനയമികവ് പത്തരമാറ്റോടെ തെളിയിച്ച ചിത്രമായിരുന്നു. ഇന്ദ്രജിത്തിന്റെ അമ്മയുടെ വേഷം അതിഗംഭീരമായെന്ന് പ്രേക്ഷകർ വിധിയെഴുതി. ഈ സിനിമയ്ക്കുശേഷം ധാരാളം ഒാഫറുകൾ സേതുലക്ഷ്മിയെ തേടിയെത്തി. കമലിന്റെ ‘നടൻ’, റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഒാൾഡ് ആർ യൂ’ എന്നീ ചിത്രങ്ങളിൽ ഈ കലാകാരി ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ജുവാരിയരോടൊത്തുള്ള അഭിനയ നാളുകൾ ഒരായിരം വർണങ്ങളിൽ ചാലിച്ചാണു സേതുലക്ഷ്മി മനസ്സിൽ സൂക്ഷിച്ചിരിക്കുന്നത്. ‘ഹൗ ഒാൾഡ് ആർ യൂ’വിലെ അഭിനയത്തിനു മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സേതുലക്ഷ്മി സ്വന്തമാക്കി.

സേതുലക്ഷ്മിയുടെ മക്കളും കലാരംഗത്തു പ്രവർത്തിക്കുന്നവരാണ്. മകൾ ലക്ഷ്മി സീരിയൽ – സിനിമാ നടിയാണ്. മകൻ കിഷോർ നടനും അറിയപ്പെടുന്ന മിമിക്രി കലാകാരനുമാണ്. ഇപ്പോൾ സീരിയലും സിനിമയും ൈകനിറയെ. പുലിമുരുകനിൽ വരെ സജീവ സാന്നിധ്യം. പണ്ട് സേതുലക്ഷ്മി സ്വയം ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടായിരുന്നു – എന്തിനാണു ഞാൻ ജീവിക്കുന്നത്? അതെന്തിനായിരുന്നുവെന്ന് ഇപ്പോൾ സേതുലക്ഷ്മി മനസ്സിലാക്കുന്നു.. ഇതാ, ഇവിടെ വരെ എത്താനായിരുന്നില്ലേ ഈ നടിയുടെ ജീവിതം ഈശ്വരൻ കാത്തുസൂക്ഷിച്ചുവച്ചത്.