ഡിജിറ്റല്‍ യുഗത്തിന്റെയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെയും അസാമാന്യ സാധ്യതകളെക്കുറിച്ചാണ് നാം എപ്പോഴും സംസാരിക്കാറുള്ളത്. ലോകം അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രണയവും സ്‌നേഹം പങ്കുവെക്കലും എല്ലാം സ്മാര്‍ട്ട്‌ഫോണിലാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഈ ഡിജിറ്റല്‍ സങ്കേതങ്ങള്‍ കാരണം എട്ടിന്റെ പണി കിട്ടിയവരും നിരവധിയുണ്ട്.
ഇവിടെ ഒരു യുവതി ഒന്നൊന്നര പറ്റിക്കലിനാണ് വിധേയമായിരിക്കുന്നത്. 14 മാസത്തോളം താന്‍ പ്രണയിച്ചുകൊണ്ടിരുന്നത് ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെ ആണെന്ന് തെറ്റിദ്ധരിച്ച് വന്‍അടി കിട്ടിയ യുവതിയുടെ കഥയാണിത്. ഇപ്പോള്‍ അവര്‍ സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പോരാട്ടം നടത്തുകയാണ്. 44 വയസുള്ള ബ്രിട്ടനിലെ അന്നെ എന്ന സ്ത്രീയാണ് വഞ്ചിതയായത്.
ടിന്‍ഡര്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരു പുരുഷനുമായി അവര്‍ പരിചയപ്പെടുന്നു. കാണാന്‍ സുന്ദരന്‍, നിഷ്‌കളങ്കന്‍, ആ മുഖത്തിലാണ് അവര്‍ വീണത്. മുഖം ആരുടെ എന്നറിയണ്ടേ, നമ്മുടെ പ്രിയ താരം സെയ് അലി ഖാന്റേത്. അങ്ങനെ സെയ്ഫ് അലി ഖാനുമായി അന്നെ പ്രണയത്തിലായി. എന്നാല്‍ മുഖം മാത്രമേ സെയ്ഫിന്റെയുള്ളൂ. അന്നെയുടെ കാമുകന്റെ പേര് ആന്റണി റേ എന്നാണ്. അയാളുടെ പ്രൊഫൈല്‍ പിക്ച്ചറായി ഇട്ടിരിക്കുന്നത് 'കല്‍ ഹോ ന ഹോ' എന്ന ഹിറ്റ് ചിത്രത്തില്‍ കറുത്ത കോട്ടിട്ട് നില്‍ക്കുന്ന സെയ്ഫിന്റെ ചിത്രവും. അന്നെ പ്രണയിച്ചത് സെയ്ഫിന്റെ മുഖമുള്ള ആന്റണിയെ ആണ്. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് അന്നെ.
അങ്ങനെ 14 മാസത്തോളം പ്രണയപരവശരായി ഇരുവരും ചെലവിട്ടു. അപ്പോഴാണ് അന്നെക്ക് ആഗ്രഹം തോന്നിയത്, തന്റെ കാമുകനെ ഒന്നു കാണണമെന്ന്. ആന്റണി ഒന്ന് ഉഴപ്പിക്കളിച്ചപ്പോള്‍ സംശയം തോന്നിയ അന്നെ ആളെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിനെ നിയമിച്ചു. അപ്പോഴാണ് കള്ളി വെളിച്ചത്തായത്. കാണാന്‍ സെയ്ഫിന്റെ ഏകദേശ ഛായ മാത്രമേ അയാള്‍ക്കുള്ളൂ. അതിലുപരി, കക്ഷി നമ്പര്‍ വണ്‍ ഫ്രോഡാണ്.
വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കലാണ് പ്രധാന വിനോദം. അക്കിടി പറ്റിയ അന്നെ, ഇപ്പോള്‍ ഒരു നിയമപോരാട്ടം നടത്തുകയാണ്. വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ വാദം.