പഠനകാലത്ത് എനിക്കു കിട്ടിയ മറ്റൊരു പാഷനാണു ഫാഷൻ. കേരളത്തിൽ ആണുങ്ങളുടെ ഫാഷൻ ആദ്യം വരുന്നത് എവിടെയാണെന്നറിയാമോ? അതു കൊച്ചിയിലോ കോട്ടയത്തോ അല്ല. തലശേരിയിലും കോഴിക്കോട്ടും ആണ്. അവിടത്തെ ബിസിനസുകാർ സിംഗപ്പൂരിലും മലേഷ്യയിലും പോയി പുതിയ ട്രെൻഡുകൾ വാങ്ങും. അതെല്ലാം എസ്.എൻ സ്ട്രീറ്റിൽ ഇറക്കും. അതിട്ടു ഞങ്ങൾ കോഴിക്കോടുകാർ നല്ല സ്റ്റൈലന്മാരാകും. ഞങ്ങളെ നോക്കി മറ്റുനാട്ടിലെ ആളുകൾ പറയും 'ദേ, മലബാർ ചുള്ളന്മാര്‍ പോണു'.
ഈ കൾച്ചറിൽ നിന്നാണു ഞാൻ വരുന്നത്. അതുകൊണ്ട് എനിക്കു ഫാഷന്‍ ഭ്രമം പണ്ടേ ഉണ്ട്. കടം മേടിച്ചു ഷൂസ് മേടിക്കുന്ന തരത്തിലുള്ള ഭ്രമമാണിത്. ചിലർക്കിതു വട്ടായിത്തോന്നാം. എന്തുചെയ്യാം ആ വട്ട് ഇത്തിരി കൂടുതലുണ്ട്. എനിക്ക് ഏതാണ്ട് 50 ജോഡി ഷൂസ് ഉണ്ട്. ഫങ്കി, കാഷ്വൽ ടൈപ്പുകളോടാണ് താൽപര്യം. അഡിഡാസും എയർ ജോർദാനുമാണ് ഇഷ്ട ബ്രാൻഡുകൾ. ഷൂസ് ഒറിജിനൽ വേണമെന്ന കാര്യത്തിൽ നിർബന്ധം ഉണ്ട്. അല്ലെങ്കിൽ ഡാന്‍സ് ചെയ്യുമ്പോൾ കംഫർട്ടബിൾ ആകില്ല. കാലുമുറിയാനും ഇടയുണ്ട്. ഈടും നിൽക്കില്ല.

ജാക്കറ്റും തൊപ്പിയും ടീഷർട്ടും എല്ലാം ബ്രാൻഡഡ് ആണ് ഇഷ്ടമെങ്കിലും ഷൂസിന്റെ അത്ര പിടിവാശി ഇല്ല. വീടു പണിയുമ്പോൾ ഒരുമുറി ഷൂസിനും ജാക്കറ്റിനും ടീഷർട്ടിനും ജീൻസിനും വേണ്ടി മാറ്റി വയ്ക്കണമെന്നാണു മോഹം. ഞാൻ ഏതെങ്കിലും പരിപാടിക്കു പോയാൽ അതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഇടും. കൂളിങ് ഗ്ലാസ് വച്ചു, ജാക്കറ്റിട്ട്, അടിപൊളി ഷൂസൊക്കെയിട്ടു നിൽക്കുന്ന ചിത്രം കണ്ടു ചിലർ പറയും സിനിമയിൽ വന്നതല്ലേ ഉള്ളു, ഇവന് ഇത്രയ്ക്കു ജാഡയോ?
ഈ പാവം എന്നെ എന്തിനാണ് അവർ ജാഡക്കാരൻ ആക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നീടു പിടികിട്ടി. സിനിമയിൽ എന്നെ കാണുന്നതു നാരായണൻ കുട്ടി, മോനിച്ചൻ, തങ്കപ്രസാദ് തുടങ്ങിയ നാടൻ കഥാപാത്രങ്ങളായാണ്. അവർ ജാക്കറ്റ് ഇടുന്നതാണു പ്രശ്നം. അങ്ങനെയെനിക്കു മനസിലായി, പണി പറ്റിക്കുന്നത് ഔട്ട്ഫിറ്റിങ്സ് ആണെന്ന്. ഇൻഫിറ്റിങ്സിൽ ഞാനൊരു പാവം മലബാറുകാരനാണ്.
നീരജ് മാധവ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം. ലിങ്കിൽ ക്ലിക്ക് ചെയ്യുക.