പോയ വർഷം 2016 സിനിമാലോകത്ത് നിരവധി താരോദയങ്ങളുടെ കാലം കൂടിയായിരുന്നു. സീരിയലിലും അതുപോലെ 2016 ഭാഗ്യവർഷമായ ഒരു താരമുണ്ട്. മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന മോനിഷയാണ് ആ താരം. ജാനികുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം അവിചാരിതമായിട്ടാണ് മോനിഷയ്ക്ക് കൈവരുന്നത്. കേരളത്തിൽ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ് മഞ്ഞുരുകും കാലം. അതിലെ ജാനികുട്ടിയായതിനെക്കുറിച്ചും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ചും ഒപ്പം പുതുവർഷ പ്രതീക്ഷകളും മോനിഷ പങ്കുവെക്കുന്നു.
പുതുവർഷത്തിൽ എന്തെല്ലാമാണ് പ്രതീക്ഷകൾ?
സെന്റ്തെരാസിലെ എംഎ വിദ്യാർഥിനിയാണ് ഞാൻ. ഈ വർഷം കോഴ്സ് പൂർത്തിയാക്കണം. അതിനുശേഷം ബിഎഡിനും ചേരണമെന്നാണ് ആഗ്രഹം. അതോടൊപ്പം നല്ല പ്രോജക്ടുകളുടെ ഭാഗമാകാനും അഭിനയം മുന്നോട്ടു കൊണ്ടുപോകണം.
എങ്ങനെയാണ് ജാനികുട്ടിയാകാൻ ക്ഷണം ലഭിക്കുന്നത്?
പുതിയ ജാനികുട്ടിയാകാൻ താൽപ്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് മഴവിൽ മനോരമയുടെ പേജിൽ പോസ്റ്റ് ഉണ്ടായിരുന്നു. ഇതു കണ്ടിട്ട് എന്റെ കൂട്ടുകാരിയാണ് ഫോട്ടോ അയച്ചത്. അയക്കുന്നതിന് മുമ്പ് അവൾ എന്നോട് വിവരം പറഞ്ഞിരുന്നു. എങ്കിലും സെലക്ട് ചെയ്യുമെന്ന് ഒന്നും കരുതിയില്ല. അവിചാരിതമായിട്ടാണ് ജാനികുട്ടിയാകുന്നത്.
അഭിനയത്തിൽ മുൻപരിചയമുണ്ടോ?
ഏയ് ഇല്ല, ആദ്യമായിട്ടാണ് ക്യാമറയ്ക്കു മുമ്പിൽ നിൽക്കുന്നത്. ഇന്റർകൊളജ് ഡ്രാമ ഫെസ്റ്റിവൽസിന് പങ്കെടുത്തിട്ടുണ്ട്. അതല്ലാതെ മുമ്പ് സീരിയലിൽ അഭിനയിച്ചിട്ടില്ല.
ജാനികുട്ടി എന്ന കഥാപാത്രം ഏൽപ്പിക്കുമ്പോൾ ടെൻഷനുണ്ടായിരുന്നോ?
തീർച്ചയായും. പുതുതായി തുടങ്ങിയ സീരിയലിൽ നായികയാകുന്നത് പോലെയല്ലല്ലോ ഇത്. എനിക്കു മുമ്പേ ജാനികുട്ടിയായി അഭിനയിച്ചവർ വളരെ നന്നായി അഭിനയിച്ചവരാണ്. പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രമാണ്. അതുകൊണ്ട് തന്നെ താരതമ്യം ചെയ്യലുണ്ടാകും. എന്നെക്കൊണ്ടിത് നന്നായി ചെയ്യാൻ പറ്റുമോ, ആളുകൾക്ക് ഇഷ്ടമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പേടിയെല്ലാം മാറി. സീരിയലിലാണെങ്കിലും സ്റ്റേറ്റ് കാറിലൊക്കെ പോകുന്നത് വേറെ ഒരു ഫീൽ തന്നെയാണ്.
അഭിനയിക്കുന്നതിന് മുമ്പ് സംവിധായകനും സഹപ്രവർത്തകരും തന്ന ഉപദേശം എന്താണ്?
ബിനുവെള്ളത്തൂവലാണ് സംവിധായകൻ. അദ്ദേഹം ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ജാനികുട്ടിയാകാൻ കുറച്ചുകൂടി തടി കൂട്ടണമെന്ന്. അഭിനയിക്കാൻ തുടങ്ങിയ സമയത്ത് നല്ല മെലിഞ്ഞിട്ടായിരുന്നു. ജാനികുട്ടിയിപ്പോൾ റെവന്യൂ മന്ത്രിയാണ്. അതുകൊണ്ട് ഇത്ര മെലിഞ്ഞിരിക്കാൻ പാടില്ലല്ലോ? അതുകൊണ്ട് കഥാപാത്രത്തിനുവേണ്ടി അത്യാവശ്യം നന്നായി ഭക്ഷണം കഴിച്ച് തടികൂട്ടിയിട്ടുണ്ട്.
മഞ്ഞുരുകും കാലത്തിന്റെ രചയിതാവ് ജോയ്സി സർ നേരിട്ടുവിളിച്ച്, ഈ ഭാഗം ഇങ്ങനെ ചെയ്യണം, ഈ രീതിയിൽ ചെയ്താൽ നന്നാകും എന്നൊക്കെയുള്ള ഉപദേശങ്ങൾ തരാറുണ്ട്. സാറിന്റെ ഉപദേശങ്ങൾ അഭിനയം മികച്ചതാക്കാൻ സഹായിക്കാറുണ്ട്. സഹപ്രവർത്തകരുടെയൊക്കെ ഭാഗത്തുനിന്നും നല്ല സഹകരണമാണ്. യദുചേട്ടനൊക്കെ (യദുകൃഷ്ണൻ) നന്നായി സപ്പോർട്ട് ചെയ്യാറുണ്ട്. സീരിയലിൽ മാത്രമേ വില്ലത്തരമൊള്ളൂ. യഥാർഥത്തിൽ നല്ല സ്നേഹമാണ്. മഞ്ഞുരുകും കാലത്തിലെ എല്ലാവരും തമ്മിൽ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയുള്ള അടുപ്പവും സഹകരണവുമുണ്ട്. സീരിയൽ കണ്ടിട്ട് അടുപ്പമുള്ളവർ എന്തൊക്കെ പറഞ്ഞു?
എന്റെ നാട് ബെത്തേരിയാണ്. അവിടെ നിന്ന് അധികം കലാകാരന്മാരും കലാകാരികളുമൊന്നും സിനിമയിലും സീരിയലിലും ഒന്നും ഇല്ല. അതുകൊണ്ട് നാട്ടുകാർകൊക്കെ അത്ഭുതമാണ് നമ്മുടെ നാട്ടിലെ കുട്ടി ജാനികുട്ടി ആയതെങ്ങനെയാണെന്ന്. സീരിയൽ കണ്ട ശേഷം കൂട്ടുകാരിയുടെ അമ്മയൊക്കെ വിളിച്ചിട്ട് ജാനികുട്ടി ഇത്ര പാവം ആകാൻ പാടില്ല. അവരെ ശരിപ്പെടുത്തണം, എല്ലാവരെയും തകർക്കണം എന്നൊക്കെ പറയും. അമ്മൂമ്മമാരൊക്കെ കണ്ടാൽ സ്നേഹത്തോടെ കെട്ടിപ്പിടിക്കും, മോളുടെ പ്രശ്നങ്ങളൊക്കെ മാറും എന്ന് പറയും.
കുടുംബം
അച്ഛൻ ടി.കെ ഷാജി തൃപ്പൂണിത്തുറ സംസ്കൃതം ഹയർസെക്കൻഡറി സ്ക്കൂളിന്റെ പ്രിൻസിപ്പളാണ്, അമ്മ ഇന്ദിര വീട്ടമ്മയാണ്. രണ്ടു സഹോദരങ്ങളുണ്ട്; മിഥുൻ, മനേക് എന്നാണ് അവരുടെ പേര്.